Dr Arun Oommen: സ്ത്രീകള്‍ കൂടുതല്‍ കരയുന്നതിന്റെ ശാസ്ത്രീയ അടിത്തറ എന്താണ്? ഡോ അരുണ്‍ ഉമ്മന്‍ പറയുന്നു

‘എന്തിനാ ഇങ്ങനെ പെണ്‍കുട്ടികളെ പോലെ കരയുന്നേ? നീ ഒരു ആണ്‍കുട്ടി അല്ലെ? ആണ്‍കുട്ടികള്‍ കരയില്ല!’ ചെറുപ്പം മുതലേ ഒട്ടുമുക്കാല്‍ ആണ്‍കുട്ടികളും കേട്ടുവന്നിരുന്ന ഒരു പതിവ് പല്ലവിയാണിത്.
എന്ത് കൊണ്ടാണ് സ്ത്രീകള്‍ അധികം കരയുന്നത്? അല്ലെങ്കില്‍ പുരുഷന്മാര്‍ കരയാറില്ലേ? കരച്ചിലിന്റെ ഈ സാമൂഹികവും ശാസ്ത്രീയവുമായ വശങ്ങളെ ഒന്ന് വിശകലനം ചെയ്യാം.

എന്ത് കൊണ്ടാണ് നമ്മള്‍ കരയുന്നത്? കരയുന്നതിന്റെ ഉദ്ദേശ്യം എന്താണ്?
ദുഃഖം, ദേഷ്യം, കുറ്റബോധം, സന്തോഷം, ആശ്വാസം, പശ്ചാത്താപം, കൃതജ്ഞത എന്നിങ്ങനെ അസംഖ്യം കാരണങ്ങളില്‍ നിന്നാണ് മനുഷ്യന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വരുന്നത്. അവ സങ്കീര്‍ണ്ണവും പലപ്പോഴും സ്വയമേവ വരുന്നതുമാണ്.

നമ്മള്‍ കരയുമ്പോള്‍, നമ്മുടെ ശരീരം എന്‍ഡോര്‍ഫിനുകളും ഓക്‌സിടോസിനും പുറത്തുവിടുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഈ പ്രകൃതിദത്ത കെമിക്കല്‍ മെസഞ്ചറുകള്‍ ശാരീരിക വേദനയ്ക്കൊപ്പം വൈകാരിക ക്ലേശങ്ങളും ഒഴിവാക്കാന്‍ നമ്മളെ സഹായിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കരച്ചില്‍ സ്വയം സുഖപ്പെടുത്തുന്ന ഒരു പ്രതിഭാസമാണ് എന്ന് ശാസ്ത്രം സ്ഥീതികരിക്കുന്നു.

സംഭവങ്ങളോടുള്ള വൈകാരിക പ്രതികരണം നമ്മുടെ നാഡീവ്യവസ്ഥയുമായി ബന്ധിപ്പിച്ചിരിക്കുന്ന ലിംബിക് സിസ്റ്റത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. നമുക്ക് കരയാന്‍ തോന്നുമ്പോള്‍, നമ്മുടെ വികാരങ്ങള്‍ നമ്മുടെ നാഡീവ്യവസ്ഥയെ അറിയിക്കുന്നു അത് കണ്ണുനീര്‍ പൊഴിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു.

പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകള്‍ അധികം കരയാറുണ്ടോ?

നമ്മുടെ സമൂഹം കരയുന്നതിനെ ഒരു വ്യക്തിയുടെ ദൗര്‍ബല്യമായിട്ടാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ പുരുഷന്‍ കരയുന്നതു അവരുടെ സ്റ്റീരിയോടൈപ്പിക്കല്‍ പൗരുഷത്തിന്റെ പ്രതിച്ഛായയുമായി ഒട്ടും തന്നെ യോജിക്കുന്നില്ല. സ്ത്രീകള്‍ കൂടുതല്‍ കരയുന്നതിനെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പ് ശരിവച്ചിരിക്കുകയാണ് നമ്മുടെ സമൂഹം: സ്ത്രീകള്‍ വര്‍ഷത്തില്‍ 30 മുതല്‍ 64 തവണ വരെ കരയുന്നു,

അതേസമയം പുരുഷന്മാര്‍ വര്‍ഷത്തില്‍ 6 മുതല്‍ 17 തവണ വരെ കരയുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. ഈ ഗവേഷണങ്ങളില്‍ ഭൂരിഭാഗവും സ്വയം റിപ്പോര്‍ട്ടിംഗിനെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ, സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ചു ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളില്‍ വ്യത്യാസങ്ങളുണ്ട്. ചില ഹോര്‍മോണുകള്‍ പുരുഷന്മാരേക്കാള്‍ എളുപ്പത്തിലും കൂടുതല്‍ തവണ കരയാനും സ്ത്രീകളെ പ്രേരിപ്പിക്കുന്നു. കരയുന്നത്തിന്റെ ശാസ്ത്രവശത്തെ കുറിച്ച് പഠിച്ച പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ സൈക്യാട്രി പ്രൊഫസറായ ലോറന്‍ ബൈല്‍സ്മയും ഇത് വിശദീകരിക്കുന്നു.
പ്രോലാക്റ്റിന്റെ അളവിലുള്ള വ്യത്യാസങ്ങള്‍ കരച്ചിലിലെ വ്യത്യാസങ്ങളും അതുപോലെ തന്നെ വൈകാരിക പ്രകടനത്തിലെ മറ്റ് വ്യത്യാസങ്ങളും സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വിഷാദരോഗവും വിശദീകരിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
അതിനിടെ, ബയോകെമിസ്റ്റ് വില്യം എച്ച്.ഫ്രെയുടെ ഗവേഷണം ശാരീരികവും വൈകാരികവുമായ പ്രകോപനം മൂലമുണ്ടാകുന്ന കണ്ണുനീര്‍ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുന്നു. വൈകാരികമായ കണ്ണുനീരില്‍ പ്രോലക്റ്റിന്‍ എന്ന ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ സ്ഥീരീകരിക്കുന്നു. ഇത് പ്രായപൂര്‍ത്തിയായ പുരുഷന്മാരേക്കാള്‍ പ്രായപൂര്‍ത്തിയായ സ്ത്രീകളില്‍ 60% കൂടുതലാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു കാര്യം എടുത്തുപറയേണ്ടത് പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ കരയുന്നതിന്റെ കാര്യത്തില്‍ ഒരു വലിയ ഘടകമാണ് . ചെറുപ്പക്കാരായ പുരുഷന്മാരില്‍ കാണപ്പെടുന്ന ‘Raging bull പ്രതിഭാസം’ ടെസ്റ്റോസ്റ്റിറോണിന്റെ പ്രഭാവം മൂലമാണ്. സമ്മര്‍ദ്ദത്തിന്റെയോ ഉത്കണ്ഠയുടെയോ നിമിഷങ്ങളില്‍ അവര്‍ അക്രമാസക്തരാകുന്നു.

ഇത് പുരുഷന്മാരുടെ കരച്ചില്‍ തടയുന്ന ഘടകമാണ്. അതുകൊണ്ട് സ്ത്രീകള്‍ കൂടുതല്‍ കരയുന്നില്ല മറിച്ചു പുരുഷന്മാര്‍ വളരെ കുറച്ചു മാത്രമേ കരയുന്നുള്ളു എന്ന് വേണം പറയാന്‍.

പ്രോലാക്റ്റിന് പുറമേ, വൈകാരികമായി സംഭവിക്കുന്ന കണ്ണീരില്‍ സമ്മര്‍ദ്ദ സൂചകമായ അഡ്രിനോകോര്‍ട്ടിക്കോട്രോപിക് ഹോര്‍മോണ്‍ (ACTH) അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രഗവേഷകനായ ഫ്രെ കണ്ടെത്തി. കരച്ചില്‍ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട വിഷവസ്തുക്കളെ ശരീരത്തില്‍ നിന്ന് പുറന്തള്ളാന്‍ സഹായിക്കുമെന്ന് അദ്ദേഹം അനുമാനിച്ചു. ഇതിനാല്‍ തന്നെ നന്നായി ഒന്ന് കരഞ്ഞു കഴിയുമ്പോ എന്ത് കൊണ്ട് ഒരു മന:സുഖം തോന്നുന്നു എന്ന് ഇതിനോടകം മനസ്സിലാക്കാന്‍ കഴിയും. സ്‌ട്രെസ് റിലീഫിന്റെ കാര്യത്തില്‍ ഇത് സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ ഒരു ലെഗ് അപ്പ് നല്‍കുന്നു.

കണ്ണുനീരിന്റെ ശാസ്ത്രം

ഇനി ശാസ്ത്രീയവശം നോക്കുകയാണെങ്കില്‍, ഉദാഹരണത്തിന് കണ്ണീര്‍ നാളങ്ങളിലേക്ക് ശ്രദ്ധതിരിച്ചാല്‍ അറിയാന്‍ പറ്റുന്നതെന്തെന്നാല്‍ പുരുഷന്മാരുടെ കണ്ണുകളില്‍ വലിയ കണ്ണുനീര്‍ നാളങ്ങള്‍ ഉണ്ടെന്ന് വര്‍ഷങ്ങളായി നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്, അതിനാല്‍ കണ്ണുനീര്‍ കണ്ണില്‍ നിന്നും കവിള്‍ത്തടത്തിലേക്ക് ഒഴുകുന്നതിനുള്ള സാധ്യത കുറവാണ്. ഇതിനായി ഗവേഷകര്‍ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും തലയോട്ടികള്‍ പരിശോധിച്ചപ്പോള്‍ സ്ത്രീകളുടേത് ചെറുതും ആഴം കുറഞ്ഞതുമാണെന്ന് കണ്ടെത്തി.

മൊത്തത്തില്‍, പ്രിയപ്പെട്ട ഒരാളുടെ മരണം, പ്രണയബന്ധത്തില്‍ ഉണ്ടാവുന്ന തകര്‍ച്ച, വേര്‍പിരിയല്‍, ഗൃഹാതുരത്വം തുടങ്ങിയ ഒരേ കാര്യങ്ങളില്‍ പുരുഷന്മാരും സ്ത്രീകളും കരയുന്നു എന്നത് സത്യം തന്നെ. ഒരു വഴക്ക് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ തകരാര്‍ അല്ലെങ്കില്‍ കുട്ടികളുടെ അനുസരണക്കേടു പോലുള്ള ചെറിയ സംഭവങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ കരഞ്ഞേക്കാം, പക്ഷേ, പോസിറ്റീവ് സംഭവങ്ങളോടുള്ള പ്രതികരണമായി പുരുഷന്മാര്‍ താരതമ്യേന കൂടുതല്‍ തവണ കരയുന്നു.

സാമൂഹിക മാനദണ്ഡങ്ങള്‍

ന്യൂയോര്‍ക്ക് പോസ്റ്റ് പേജ് ഉദ്ധരിച്ച്, സ്ത്രീകള്‍ കൂടുതല്‍ എളുപ്പത്തില്‍ കരയുന്നതിന്റെ അവസാന കാരണം സമൂഹത്തിലെ സാമൂഹിക മാനദണ്ഡങ്ങളുടെ അസ്തിത്വമാണ്. സ്വഭാവമനുസരിച്ച്, സ്ത്രീകളുടെ കരയാനുള്ള പ്രവണതയെ അവരുടെ സ്‌ത്രൈണഭാവവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

അതുകൂടാതെ, ഒരു പുരുഷന്റെ കരച്ചില്‍ അവന്റെ ബലഹീനതയുടെ ലക്ഷണമായി കാണുന്ന ഒരു ആചാരമാണ്, അതേസമയം സ്ത്രീകള്‍ക്ക് കരയേണ്ടിവരുമ്പോള്‍ ഒരു പ്രശ്‌നവുമില്ല. അങ്ങനെ, പൊതുസ്ഥലത്ത് കരയുന്നത് പുരുഷന്മാര്‍ക്ക് അവരുടെ സമപ്രായക്കാരുടെ കൂട്ടത്തില്‍ അപമാനം അനുഭവിക്കാന്‍ ഇടയാക്കും. ഇത് പലപ്പോഴും പരസ്യമായി കരയുന്നതില്‍ നിന്നും അവരെ തടയുന്നു.

പുരുഷ മസ്തിഷ്‌കത്തിലെ ഹോര്‍മോണുകള്‍ വളരെ വേഗത്തില്‍ കോപത്തിലേക്ക് പോകുന്നു. അവര്‍ക്ക് അവരുടെ കൈകാലുകളില്‍ പിരിമുറുക്കം അനുഭവപ്പെടും, അത് പെട്ടെന്ന് കോപാകുലമായ പ്രതികരണത്തിലേക്ക് കുതിക്കുന്നു. പുരുഷന്മാര്‍ക്ക് ഏകദേശം 20 മടങ്ങ് കൂടുതല്‍ ശാരീരിക കോപവും ആക്രമണ സ്വഭാവവും ഉണ്ട് എന്നാലോ സ്ത്രീകള്‍ പലപ്പോഴും പൊട്ടിക്കരയുന്നു. അങ്ങനെ അവര്‍ പ്രായമാകുമ്പോള്‍, അവരുടെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നു. എന്നാല്‍ പ്രായം ചെല്ലും തോറും പുരുഷന്മാര്‍ക്ക് അതേ തലത്തിലുള്ള പുരുഷത്വം നിലനിര്‍ത്തണമെന്ന് നിര്ബന്ധമില്ല. അവര്‍ക്ക് അല്‍പ്പം മൃദുവാകാന്‍ കഴിയും. ടെസ്റ്റോസ്റ്റിറോണ്‍ കുറവുള്ള ഒരു വ്യക്തി കരയാനിടയുള്ള ഒരു സാഹചര്യത്തെയും അതേസമയം ഒരാള്‍ക്ക് ദേഷ്യം വരുന്ന ഓരോ സമയത്തെയും കുറിച്ച് നമ്മള്‍ താരതമ്യം ചെയ്താല്‍, പുരുഷന്മാരും വൈകാരികമായി അസ്ഥിരമായ സൃഷ്ടികളാണെന്ന് കാണാന്‍ കഴിയും.

കണ്ണുനീര്‍ സങ്കടം മാത്രമല്ല പ്രകടിപ്പിക്കുന്നത്..

കണ്ണുനീരില്ലാത്ത, വികാരമില്ലാത്തവരായി പുരുഷന്മാരെ കാണിക്കുന്ന അതേ ലിംഗ പ്രതീക്ഷകള്‍ പലപ്പോഴും സ്ത്രീകള്‍ക്ക്, അവര്‍ അശക്തരാണെന്നു സൂചിപ്പിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നിസ്സഹായതയുടെ ദൈനംദിന അനുഭവം സ്ത്രീകളെ ഇടയ്ക്കിടെ കരയാന്‍ പ്രേരിപ്പിച്ചേക്കാം, ഇത് അവര്‍ എങ്ങനെയെങ്കിലും കൂടുതല്‍ വൈകാരികരാണെന്ന സ്റ്റീരിയോടൈപ്പിനെ ശക്തിപ്പെടുത്തുന്നു, ഇത് അവര്‍ ദുര്‍ബലരാണെന്ന് സമൂഹം ശരിവയ്ക്കുന്നു.

കണ്ണുനീര്‍ നാളങ്ങള്‍, സാമൂഹിക നിര്‍മ്മിതികള്‍, ഹോര്‍മോണുകള്‍ എന്നിവയെക്കുറിച്ചുള്ള ഈ സംഭാഷണങ്ങളെല്ലാം ഒരു പ്രധാന വിശദാംശം നല്‍കുന്നു: ചില ആളുകള്‍ കരച്ചില്‍ ആസ്വദിച്ചേക്കാം അല്ലെങ്കില്‍ കുറഞ്ഞത് അത് കാര്യമാക്കേണ്ടതില്ല എന്ന് ചിന്തിക്കുന്നവരാവാം. അതിനനുസരിച്ച് ആവാം അവരുടെ കരയുന്നതു സംബന്ധിച്ച അനുഭവങ്ങള്‍. ഇത് പലപ്പോഴും അവഗണിക്കപ്പെടുന്നു എന്നാല്‍ ഈ വസ്തുതകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ് എന്ന് മാത്രമല്ല വൈകാരിക ഉത്തേജകങ്ങളുടെ ആവൃത്തി കൂടെയാണെന്ന് ഡോ. വിംഗര്‍ഹോട്ട്‌സ് ചൂണ്ടിക്കാട്ടുന്നു. അതായതു സ്ത്രീകളുടെ അഭിരുചികള്‍ പുരുഷന്മാരെ വച്ച് നോക്കുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ഇത്രെയൊക്കെ പറഞ്ഞാലും കണക്കുകള്‍ പരിശോധിച്ചാല്‍ ആത്മഹത്യ നിരക്ക് പുരുഷന്‍മാരില്‍ കൂടുതലാണ്. സ്ത്രീകള്‍ ക്ക് താരതമ്യേന പെട്ടെന്നുളള സമ്മര്‍ദ്ദങ്ങള്‍ തരണം ചെയ്യാ9 പ്രത്യേക കഴിവുണ്ട്.അവളുടെ ഉള്ളില്‍ സൃഷ്ടിക്കാനും പരിപോഷിപ്പിക്കാനും രൂപാന്തരപ്പെടുത്താനുമുള്ള ശക്തിയുണ്ട്.
‘കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ…
അഭിനന്ദനം നിനക്കഭിനന്ദനം..’

ഇതുകൊണ്ടുതന്നെയാവാം കവികള്‍ കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ചു ഇത്രെയേറെ പുകഴ്ത്തി ഏഴുതിയിരിക്കുന്നതും.

Dr Arun Oommen
Neurosurgeon.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News