Cricket:വനിതാ ഏഷ്യാ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം

(Women”s Asia Cup)വനിതാ ഏഷ്യാ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് ബംഗ്ലാദേശില്‍ തുടക്കം. ആദ്യ ദിനം ഇന്ത്യ ശ്രീലങ്കയെ നേരിടും. ഉച്ചയ്ക്ക് ഒരു മണിക്ക് സില്‍ഹട്ട് സ്റ്റേഡിയത്തിലാണ് മത്സരം. വനിതാ ഏഷ്യാകപ്പിന്റെ എട്ടാം പതിപ്പാണ് ഇക്കുറി അരങ്ങേറുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ കൂടുതല്‍ കിരീടം നേടിയത് ടീം ഇന്ത്യയാണ്.

ആദ്യ ആറ് ഏഷ്യാ കപ്പിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2004, 2005, 2006, 2008, 2012, 2016 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യയുടെ കിരീട നേട്ടങ്ങള്‍. 2018 ല്‍ നടന്ന ഏഴാം ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനല്‍ കളിച്ചെങ്കിലും ബംഗ്ലാദേശിനോട് പരാജയപ്പെട്ടു. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ കിരീടം തിരിച്ചുപിടിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയില്‍ പൊരുതിത്തോറ്റെങ്കിലും ഏകദിന പരമ്പര നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഹര്‍മന്‍പ്രീതും സംഘവും.

സ്മൃതി മന്ദാനയാണ് ബാറ്റിംഗില്‍ ടീമിന്റെ ശക്തി. ഷെഫാലി വെര്‍മയുടെ മോശം ഫോമാണ് ടീമിന്റെ ആശങ്ക. ജെമീമ റോഡ്രിഗസ് തിരിച്ചെത്തിയത് ടീമിന്റെ കരുത്ത് കൂട്ടും. സ്വിങ് റാണി രേണുകാ സിങ് താക്കൂറും രാജേശ്വരി ഗെയ്ക്വാദുമാണ് ബോളിംഗ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഈ മാസം മൂന്നിന് മലേഷ്യയാണ് ഇന്ത്യയുടെ എതിരാളി. 4 ന് യുഎഇ യെയും ഏഴിന് പാകിസ്ഥാനെയും ഇന്ത്യ നേരിടും. എട്ടിന് ബംഗ്ലാദേശിനെതിരെയും പത്തിന് തായ്ലന്‍ഡിനെതിരെയുമാണ് ഇന്ത്യന്‍ വനിതകളുടെ മറ്റ് മത്സരങ്ങള്‍.

റൗണ്ട് ടോബിന്‍ മാതൃകയില്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ ആദ്യ നാല് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകള്‍ സെമി കളിക്കും. ഈ മാസം 13 ന് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ഈ മാസം 15 നാണ് ഏഷ്യയിലെ ക്രിക്കറ്റ് രാജ്ഞിമാരെ കണ്ടെത്താനുളള കലാശപ്പോരാട്ടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here