Kasargod:ലഹരിയെ തുരത്താന്‍ വനിതകളുടെ മിന്നല്‍ സേന

ലഹരി സംഘത്തെ തുരത്താന്‍ കാസര്‍ഗോഡ് വലിയ പറമ്പില്‍ സ്ത്രീകളുടെ മിന്നല്‍ സേന. പരസ്യമായ ലഹരി ഉപയോഗം വലിയ സാമൂഹ്യ പ്രശ്‌നമായി മാറിയതോടെയാണ് സ്ത്രീകള്‍ പ്രതിരോധവുമായി രംഗത്ത് വരുന്നത്. മൊബൈല്‍ മദ്യവില്‍പനക്കാരും, പരസ്യമായി മദ്യവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരുമെല്ലാം ജാഗ്രതൈ…

ലഹരി സംഘത്തെ തുരത്താനായി വലിയ പറമ്പില്‍ സ്ത്രീകളുടെ കൂട്ടായ്മയായ മിന്നല്‍ സേന ഒരുങ്ങിക്കഴിഞ്ഞു. ഒരു ഫോണ്‍ വിളിക്കിപ്പുറം മദ്യം എവിടെയുമെത്തിക്കുന്ന സംഘങ്ങളെയും, നാട്ടില്‍ പരസ്യമായി മദ്യപിക്കുന്നവരെയുമാണ് മിന്നല്‍ സേന ലക്ഷ്യമിടുന്നത്. വലിയ പറമ്പ് പഞ്ചായത്തിലെ 7, 8 വാര്‍ഡുകളില്‍ നിന്നായി നൂറോളം സ്ത്രീകളാണ് ലഹരിക്കെതിരെ പോരാടാന്‍ സ്വയം സന്നദ്ധരായി മുന്നോട്ടു വന്നത്. ഇതില്‍ നിന്നും കുടുംബശ്രീയുടെ നേതൃത്വത്തില്‍ 30 പേരെ തെരഞ്ഞെടുത്താണ് മിന്നല്‍ സേന രൂപീകരിച്ചത്.

ലഹരി വിരുദ്ധ പോരാട്ടത്തില്‍ പഞ്ചായത്തും, ചന്തേര പോലീസും, എക്‌സൈസും, കുടുംബശ്രീയും ഒറ്റക്കെട്ടായ് പ്രവര്‍ത്തിക്കും. കഞ്ചാവ്, എംഡിഎംഎ പോലുള്ള ലഹരി വസ്തുക്കള്‍ വലിയ പറമ്പിലേക്കെത്തുന്നത് തടയാനും മിന്നല്‍ സേനയുടെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലഹരി ബോധവത്ക്കരണ പരിപാടികള്‍ സേനയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. വലിയപറമ്പ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ മിന്നല്‍ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here