HRDSന്റെ കേരളത്തിലെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദ പരിശോധനക്കൊരുങ്ങി വിജിലന്‍സ്|HRDS

(RSS)ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള എച്ച്.ആര്‍.ഡി.എസിന്റെ(HRDS) കേരളത്തിലെ പ്രവര്‍ത്തനങ്ങളില്‍ വിജിലന്‍സ് വിശദ പരിശോധനക്കൊരുങ്ങുന്നു. കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിന് കീഴിലുള്ള പദ്ധതി നിര്‍വഹണം സംബന്ധിച്ച വ്യാപക പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഇന്നലെ തൊടുപുഴ, കണ്ണൂര്‍, പാലക്കാട് തുടങ്ങിയ ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ ശേഖരിച്ച സാമ്പത്തിക ഇടപാടിന്റെ രേഖകളക്കം സംഘം വിശദമായി പരിശോധിച്ച് വരികയാണ്.

ആദിവാസി മേഖലകളില്‍ നടത്തിയിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിന് കീഴിലെ പദ്ധതി നിര്‍വഹണം, സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ എച്ച്.ആര്‍.ഡി.എസിനെതിരെ വിശദമായ അന്വേഷണത്തിനാണ് വിജിലന്‍സ് തയാറെടുക്കുന്നത്. ഇന്നലെ സംസ്ഥാനത്തെ വിവിധ ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ ശേഖരിച്ച വിവരങ്ങളില്‍ കൂടുതല്‍ പരിശോധനകളുണ്ടാകും. ഡി.ഡി.യു.കെ.വൈ അടക്കമുള്ള കേന്ദ്രപദ്ധതികള്‍ നടപ്പാക്കിയതില്‍ ഗുരുതര സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്നാണ് സംഘടനക്കെതിരായ പരാതി.

പാലക്കാട് അട്ടപ്പാടിയില്‍ 5000 ഏക്കറിലധികം ആദിവാസി ഭൂമി അനധികൃതമായി പാട്ടത്തിനെടുത്ത് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് എച്ച്.ആര്‍.ഡി.എസിനെതിരെ ആദ്യമുയര്‍ന്ന ആരോപണം. കൊവിഡ് കാലത്ത് ആദിവാസികള്‍ക്ക് നിയമവിരുദ്ധമായി മരുന്ന് വിതരണം നടത്തിതിലും, വാസയോഗ്യമല്ലാത്ത വീടുകള്‍ നിര്‍മിച്ച് കൈമാറിയതിലും ക്രമക്കേടുകള്‍ നടന്നുവെന്ന് ആക്ഷേപമുണ്ട്. ഈ വീടുകളുടെ നിര്‍മാണം അടിയന്തിരമായി നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ അട്ടപ്പാടി നോഡല്‍ ഓഫീസര്‍ ഉത്തരവിറക്കിയിരുന്നു.

ആദിവാസി ഭൂമിയില്‍ നടത്തുന്ന എല്ലാ ഇടപെടലുകള്‍ക്കും സബ്കലക്ടറുടെ അനുമതി വേണമെന്നിരിക്കെയാണ് എച്ച്.ആര്‍.ഡി.എസിന്റെ കടന്നുകയറ്റം. ഈ വിഷയങ്ങളിലടക്കം വിശദമായ അന്വേഷണമാവശ്യപ്പെട്ട് സംഘടനക്കെതിരെ പരാതികളുയര്‍ന്നിട്ടുണ്ട്. എം. ശിവശങ്കറിനെതിരെ ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ആര്‍.എസ്.എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ജോലി നല്‍കിയതും വിവാദമായിരുന്നു. അതേസമയം സംഘടനയുടെ ഡയറക്ടര്‍ അജി കൃഷ്ണനോട് സര്‍ക്കാര്‍ പകപോക്കുകയാണെന്നാണ് എച്ച്.ആര്‍.ഡി.എസ് അധികൃതരുടെ വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel