
തൃശൂര്‍(Thrissur) കുന്നംകുളം പോര്‍ക്കുളത്ത് യുവാവിന് കുത്തേറ്റു. പോര്‍ക്കുളം കുടക്കാട്ടില്‍ വീട്ടില്‍ രാഹുലി (23)നാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങുന്നതിനിടെയാണ് കുത്തേറ്റത്. ബൈക്കിലെത്തിയവരാണ് ആക്രമിച്ചത്. രാഹുലിനെ തൃശൂര്‍ മെഡി. കോളേജില്‍ പ്രവേശിപ്പിച്ചു. പോര്‍ക്കുളം സ്വദേശി നിബിന്‍ ആണ് കുത്തിയതെന്ന് മൊഴിയുണ്ട്.
ചങ്ങനാശ്ശേരിയില്‍ ദൃശ്യം മോഡല്‍ കൊലപാതകം; യുവാവിനെ കൊന്ന് വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടെന്ന് സംശയം
സംസ്ഥാനത്ത് വീണ്ടും ദൃശ്യം മോഡല്‍ കൊലപാതകമെന്ന്(Drishyam model murder) സംശയം. ചങ്ങനാശ്ശേരിയിലെ(Changanassery) ഒരു വീടിന്റെ തറ തുരന്ന് യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടുവെന്നാണ് സംശയിക്കുന്നത്. തുടര്‍ന്ന്, ചങ്ങനാശ്ശേരി എസി റോഡില്‍ രണ്ടാം പാലത്തിന് സമീപമുള്ള ഒരു വീടിന്റെ തറ തുറന്ന് പരിശോധിക്കാന്‍ പൊലീസ്(police) തീരുമാനിച്ചു. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഒരു യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് ആലപ്പുഴ നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണമാണ് ദൃശ്യം മോഡല്‍ കൊലപാതകത്തിലേക്ക് എത്തി നില്‍ക്കുന്നത്. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാര്‍ (40 വയസ്സ്) എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ മാന്‍ മിസ്സിംഗിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
അന്വേഷണത്തിനൊടുവില്‍ ബിന്ദു കുമാറിന്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടില്‍ നിന്നും കണ്ടെത്തിയത് അന്വേഷണത്തില്‍ നിര്‍ണായകമായി. ബൈക്ക് അപകടത്തില്‍പ്പെട്ടതാണോയെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് പ്രദേശത്തുള്ള ഇയാളുടെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചു മൊഴികളിലെ വൈരുധ്യമാണ് ബിന്ദു കുമാര്‍ കൊല്ലപ്പെട്ടെന്ന സംശയം ബലപ്പെടുത്തിയത്.
വിശദമായ അന്വേഷണത്തിനൊടുവില്‍ സഹോദരി ഭര്‍ത്താവ് തന്നെയാണ് ബിന്ദു കുമാറിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ഇയാളുടെ വീട്ടിലെ തറ തുരന്ന് കുഴിച്ചിട്ടിരിക്കുകയാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. ലഭിച്ച വിവരം സ്ഥിരീകരിക്കാനായി പൊലീസ് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വീട്ടിലെത്തി. ചങ്ങനാശ്ശേരി തഹസില്‍ദാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. ചട്ടപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വീടിന്റെ തറ തുരന്ന് പരിശോധിക്കും. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വീട്ടിലേക്ക് ഡിവൈഎസ്പിയുടേയും തഹസില്‍ദാരുടേയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here