വനിതാ ഏഷ്യാകപ്പ് : ഇന്ത്യയ്ക്ക് വിജയത്തുടക്കം

2022 വനിതാ ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തു. 41 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 18.2 ഓവറില്‍ 109 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍ ഇന്ത്യ: 20 ഓവറില്‍ ആറിന് 150, ശ്രീലങ്ക18.2 ഓവറില്‍ 109 ന് പുറത്ത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി പരിക്കില്‍ നിന്ന് മോചിതയായി ടീമില്‍ തിരിച്ചെത്തിയ ജെമീമ റോഡ്രിഗസ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. വെറും 23 റണ്‍സെടുക്കുന്നതിനെ രണ്ടുവിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ ജെമീമയുടെ ഒറ്റയാള്‍ പോരാട്ടമാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ജെമീമ 53 പന്തുകളില്‍ നിന്ന് 11 ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 76 റണ്‍സെടുത്തു.

33 റണ്‍സെടുത്ത നായിക ഹര്‍മന്‍പ്രീത് കൗറും ഭേദപ്പെട്ട് പ്രകടനം പുറത്തെടുത്തു. ഷഫാലി വര്‍മ (10), സ്മൃതി മന്ദാന (6), റിച്ച ഘോഷ് (9), പൂജ വസ്ത്രാകര്‍ (1) എന്നിവര്‍ നിരാശപ്പെടുത്തി. ദീപ്തി ശര്‍മയും (1) ഡൈലാന്‍ ഹേമലതയും (13) പുറത്താവാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ഒഷാഡി രണസിംഗെ മൂന്ന് വിക്കറ്റ് വീഴ്ത്തി.

151 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കന്‍ വനിതകള്‍ക്ക് ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. വെറും 61 റണ്‍സെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടപ്പെട്ട ശ്രീലങ്കയ്ക്കായി ഹസിനി പെരേരയും ഓപ്പണര്‍ ഹര്‍ഷിത സമരവിക്രമയും മാത്രമാണ് പിടിച്ചുനിന്നത്. ഹസിനി 30 റണ്‍സെടുത്തപ്പോള്‍ ഹര്‍ഷിത 26 റണ്‍സ് നേടി. എട്ട് ബാറ്റര്‍മാര്‍ രണ്ടക്കം പോലും കാണാതെ മടങ്ങി.

ഇന്ത്യയ്ക്ക് വേണ്ടി ഡൈലാന്‍ ഹേമലത മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പൂജ വസ്ത്രാകറും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രാധാ യാദവ് ഒരു വിക്കറ്റ് സ്വന്തമാക്കി. ഈ വിജയത്തോടെ ഇന്ത്യ രണ്ട് പോയന്റുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ആതിഥേയരായ ബംഗ്ലാദേശാണ് ഒന്നാമത്. കഴിഞ്ഞ തവണ ഇന്ത്യയെ ഫൈനലില്‍ കീഴടക്കി ബംഗ്ലാദേശാണ് ഏഷ്യാകപ്പ് കിരീടം നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News