Kodiyeri Balakrishnan: സമരതീക്ഷ്ണതയില്‍ വാര്‍ത്തെടുത്ത ധീരപോരാളി

സമരതീക്ഷ്ണതയില്‍ വാര്‍ത്തെടുത്ത സൗമ്യദീപ്തിയാര്‍ന്ന സാന്നിധ്യം. അതാണ് കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതൃപാടവത്തിന്റെ മുഖമുദ്ര. ഏറ്റെടുത്ത ഉത്തരവാദിത്വം അതിന്റെ പൂര്‍ണതയില്‍ നിറവേറ്റിയാണ് അദ്ദേഹം വിടവാങ്ങുന്നത്. 2015ലെ ആലപ്പുഴ സമ്മേളനത്തിലാണ് ആദ്യം സെക്രട്ടറിയായത്. 2018ല്‍ തൃശൂര്‍ സമ്മേളനത്തില്‍ രണ്ടാമൂഴം. എറണാകുളത്ത് ചേര്‍ന്ന സമ്മേളനത്തില്‍ 2022ല്‍ വീണ്ടും സെക്രട്ടറിയായി. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആറുമാസത്തിനുശേഷം ആഗസ്തില്‍ പദവി ഒഴിഞ്ഞു. തുടര്‍ഭരണം നേടുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് തൃശൂര്‍ സമ്മേളനം കോടിയേരിയില്‍ അര്‍പ്പിച്ചത്. അത് കൈവരിച്ച ആത്മസംതൃപ്തിയോടെയാണ് എറണാകുളം സമ്മേളനത്തിലേക്ക് അദ്ദേഹം പാര്‍ട്ടിയെ നയിച്ചത്.

കണ്ണൂരിലെ രാഷ്ട്രീയഭൂമികയാണ് എന്നും കോടിയേരിയുടെ കരുത്ത്. തലശേരിയിലെ കോടിയേരിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16നാണ് ജനനം. ഹൈസ്‌കൂള്‍ വിദ്യാ ഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രി ക്കു ചേര്‍ന്നു. മാഹി കോളേജില്‍ പഠിക്കുമ്പോള്‍ കെഎസ്എഫ് പ്രവര്‍ത്തകനായി വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം തുടങ്ങി. കോളേജ് യൂണിയന്‍ ചെയര്‍മാനായി. തുടര്‍ന്ന്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ പ്രവര്‍ത്തനകേന്ദ്രം തലസ്ഥാനമായി.

യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി. 1973 മുതല്‍ 1979 വരെ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായി. അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പും ശേഷവുമുള്ള കാലം എസ്എഫ്‌ഐയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. അടിയന്തരാവസ്ഥക്കുമുമ്പ് കേരള ത്തിലെ അച്യുതമേനോന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ കെഎസ്യുവും മറ്റു പിന്തിരിപ്പന്‍ ശക്തികളും എസ്എഫ്‌ഐയെ തകര്‍ക്കാന്‍ ശ്രമിച്ചു. – 1971ലെ തലശേരി കലാപത്തില്‍ മുസ്ലിം ജനവിഭാഗങ്ങള്‍ക്ക് ആത്മധൈര്യം പകരാനും സഹായം നല്‍കാനുമുള്ള സ്‌ക്വാഡ് പ്രവര്‍ത്തനത്തില്‍ സജീവമായി. 1970ല്‍ സിപിഐ എം ഈങ്ങയില്‍പീടിക ബ്രാഞ്ച് സെക്രട്ടറിയായ അദ്ദേഹം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയാകുമ്പോള്‍ കോടിയേരി ലോക്കല്‍ സെക്രട്ടറിയായിരുന്നു.

1980 മുതല്‍ 1982 വരെ ഡി വൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി, 1990 മുതല്‍ അഞ്ചു വര്‍ഷം സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, കൂത്തുപറമ്പ് വെടിവയ്പ്, കെ വി സുധീഷി ന്റെ കൊലപാതകം തുടങ്ങി സംഭവബഹുലമായ കാലമായിരുന്നു അത്. 1988ല്‍ ആലപ്പുഴയില്‍ നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മി റ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1995ല്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിലേക്കും 2002ല്‍ ഹൈദരാബാദില്‍ നടന്ന 17-ാം പാര്‍ ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2008ലെ 19-ാം പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യൂറോ അംഗമായി.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം തലശേരിയില്‍ കോടിയേരിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു. പൊലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് രണ്ടു ദിവസം മര്‍ദിച്ചു. രണ്ടു ദിവസം കഴിഞ്ഞ് മിസ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കണ്ണൂര്‍ സെ ന്‍ട്രല്‍ ജയിലില്‍ പിണറായി വിജയന്‍, ഇമ്പിച്ചിബാവ, വി വി ദക്ഷിണാമൂര്‍ത്തി, എം പി വീരേന്ദ്രകുമാര്‍, ബാഫഖി തങ്ങള്‍ എന്നിവര്‍ക്കൊപ്പം ജയില്‍വാസം. ഈ സമയം രാഷ്ട്രീയപഠനവും ഹിന്ദി പഠനവും നടന്നു.

തിരുവനന്തപുരത്ത് അഴിമതിക്കെതിരായ സമരം, ജെഎന്‍യുവിലെ വിദ്യാര്‍ഥി ധ്വംസനത്തിനെതിരെ നടന്ന സമരം, നാല്‍പ്പാടി വാസുവിന്റെ വധത്തില്‍ പ്രതിഷേധിച്ച് നടന്ന സമരം, കര്‍ഷകരുടെ ആവശ്യങ്ങളുന്നയിച്ചു നടത്തിയ റെയില്‍വേ സമരം എന്നിവയില്‍ പങ്കെടുത്തപ്പോള്‍ പൊലീസിന്റെ ഭീകര മര്‍ദനമേറ്റു.

1982, 87, 2001, 2006, 2011 വര്‍ഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തലശേരി മണ്ഡലത്തില്‍നിന്ന് വിജയിച്ചു. 2001ലും 2011ലും പ്രതിപക്ഷ ഉപനേതാവായി. 2006ലെ എല്‍ഡിഎഫ് സര്‍ക്കാരില്‍ ആഭ്യന്തര- ടൂറിസം മന്ത്രിയായി. കേരളാ പൊലീസിനെ ആധുനിക വല്‍ക്കരിക്കുന്നതിലും പൊലീസുകാരുടെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിലും വലിയ സംഭാവന നല്‍കി. ഭരണകൂടത്തിന്റെ മര്‍ദനോപകരണം എന്ന കുപ്രസിദ്ധിയില്‍നിന്ന് ജനസേവ കരാക്കി കേരളാ പൊലീസിന്റെ മുഖം മാറ്റിയെടുക്കുന്നതില്‍ കോടിയേരിയെന്ന ഭരണകര്‍ത്താവിന്റെ കൈയൊപ്പു പതിഞ്ഞു. ജനമൈത്രി പൊലീസ് കേരളത്തിന് പുതിയ അനുഭവമായി. ക്രമസമാധാന പാലനത്തില്‍ കേരളത്തെ ഏറ്റവും മികച്ച സംസ്ഥാനമായി ഉയര്‍ത്തി.

ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന് പ്രമുഖ സ്ഥാനം നേടിക്കൊടുക്കാന്‍ അദ്ദേഹം നടത്തിയ ഭാവനാപൂര്‍ണമായ പ്രവര്‍ത്തനം കാരണമായി. പ്രതിപക്ഷ ഉപനേതാവെന്ന നിലയില്‍ നിയമസഭയില്‍ ഭരണപക്ഷത്തിന്റെ കൊള്ളരുതായ്മകള്‍ തുറന്നുകാട്ടാനും ഭരണപക്ഷത്തിന്റെ കുതന്ത്രങ്ങളെ തത്സമയം കണ്ടെത്തി പൊളിക്കാനും സമര്‍ഥമായ നേതൃത്വംനല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here