Kodiyeri Balakrishnan | പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് നേതാക്കൾ

പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് നേതാക്കൾ

കോടിയേരി ബാലകൃഷ്ണന്റെ വിയോഗം രാഷ്ട്രീയ കേരളത്തിൻ്റെ തീരാനഷ്ടമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

ഏതു പ്രതിസന്ധിയിലും മുന്നണിയുടെ കെട്ടുറപ്പിനെ താങ്ങിനിർത്തിയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അവസാനശ്വാസം വരെ അടിമുടി കമ്മ്യൂണിസ്റ്റായ മാർഗദർശി. രാഷ്ട്രീയ കേരളത്തിലെ ആ ചിരി ഇനിയില്ല. പ്രിയപ്പെട്ട നേതാവിന് ആദരാഞ്ജലികൾ.

നികത്താനാകാത്ത നഷ്ടം: മന്ത്രി വി അബ്ദുറഹിമാൻ

കേരള രാഷ്ട്രീയത്തിലെ അതികായനും സഹോദരതുല്യനുമായ സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ വേർപാട് നികത്താനാകാത്ത നഷ്ടമാണെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. കേരളത്തിനാകെ തീരാ വേദനയാകുന്നതാണ് ഈ വിയോഗം. വ്യക്തിപരമായി ഉണ്ടായ നഷ്ടം വാക്കുകളിൽ ഒതുക്കാനാകില്ല.

പതിറ്റാണ്ടുകളായി കേരളത്തിൻ്റെ രാഷ്ട്രീയ- സാമൂഹ്യ രംഗത്ത് നിറസാന്നിധ്യമായി നിലകൊണ്ട വ്യക്തിത്വമാണ് സഖാവ് കോടിയേരി.
സി പി ഐ എം നേതാവ് എന്ന നിലയിലും ഭരണ കർത്താവ് എന്ന നിലയിലും അദ്ദേഹം എന്നും ഏറെ ഉന്നതമായ നിലയിൽ പ്രവർത്തിച്ചു. വെല്ലുവിളികളെ സമചിത്തതയോടെ നേരിട്ടു. പോരാട്ടരംഗത്ത് അചഞ്ചലമായ ധീരത കൈമുതലായിരുന്നു. ഏതു വിഷയങ്ങളിലും വ്യക്തവും യുക്തി ഭദ്രവുമായ നിലപാട് കൈക്കൊണ്ടു. ഏതു പ്രതിസന്ധി ഘട്ടത്തിലും പാർട്ടി പ്രവർത്തകർക്കു മാത്രമല്ല, സമീപിക്കുന്ന മുഴുവൻ പേർക്കും കരുത്തും ആശ്വാസവും പകർന്ന സാന്നിധ്യമായിരുന്നു.

സ്നേഹവും സൗഹൃദവും നിറഞ്ഞ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും ഹൃദയത്തിൽ ഇടം നേടി. അദ്ദേഹത്തിൻ്റെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യത ഏറെ വലുതാണ്. ആ വലിയ മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു

വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖം: മന്ത്രി റോഷി അഗസ്റ്റിൻ

പ്രതിസന്ധികളെ ചിരിച്ചു നേരിടുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗം കേരള രാഷ്ട്രീയത്തിൽ സൃഷ്ടിക്കുന്ന ശൂന്യത വളരെ വലുതാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.

രാഷ്ട്രീയമായി വിരുദ്ധ ചേരികളിൽ നിൽക്കുമ്പോഴും രാഷ്ട്രീയത്തിന് അതീതമായി സൗഹൃദം കാത്തു സൂക്ഷിച്ച വ്യക്തിത്വം ആയിരുന്നു അദ്ദേഹം. വ്യത്യസ്ത മുന്നണികളിൽ നിൽക്കുമ്പോഴും അദ്ദേഹത്തിന്റെ കരുതൽ നേരിട്ട് അനുഭവിച്ച ആളാണ് ഞാൻ. എല്ലാവരോടും സ്നേഹത്തോടെ പെരുമാരുന്ന ശൈലി ആണ് സ്വീകരിച്ചിരുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്ത് എത്തിയ അദ്ദേഹം ഞാൻ ഉൾപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃക ആയിരുന്നു.
അദ്ദേഹത്തിന്റെ അകാലവിയോഗത്തില്‍ അഗാധമായി ദുഃഖിക്കുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

തിരിച്ചുവരും എന്നായിരുന്നു പ്രതീക്ഷ – വികെ പ്രശാന്ത്

തിരിച്ചുവരും എന്നായിരുന്നു പ്രതീക്ഷ .രോഗത്തിൻ്റെ ബുദ്ധിമുട്ടുള്ള കാലത്തും നിരന്തരം സമകാലീന രാഷ്ട്രീയം കൈകാര്യം ചെയ്തിരുന്നു
ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്ടം

കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അനുശോചനമർപ്പിച്ചു

കേരള രാഷ്ട്രീയ രംഗത്തെ നിസ്വാർത്ഥ സേവകനായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ അപ്രതീക്ഷിത നിര്യാണം ഏറെ വേദനയോടും ദു:ഖത്തോടെയുമാണ് ഞാൻ ശ്രവിച്ചത്. നിയമസഭാ സമാജികൻ, പ്രതിപക്ഷ ഉപനേതാവ്, മന്ത്രി, പാർട്ടി സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹത്തിൻ്റെ പ്രവർത്തനം ഏറെ ശ്രദ്ധേയമായിരുന്നു.

ദീർഘകാലമായുള്ള സഹോദര ബന്ധമായിരുന്നു അദ്ദേഹവുമായി എനിക്കുണ്ടായിരുന്നത്. രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് വെച്ച് അദ്ദേഹത്തെ കണ്ട് സംസാരിച്ചത് ഈ അവസരത്തിൽ ഞാൻ ഓർമ്മിക്കുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കെ അബുദാബി പോലീസ് ആസ്ഥാനം സന്ദർശിക്കുകയും അവരുമായി ചേർന്നുള്ള സംയുക്ത പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതും ഞാൻ ഓർക്കുന്നു.

കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ എൻ്റെ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.

മറക്കാനാകാത്ത ആത്മബന്ധം: മന്ത്രി കെ രാധാകൃഷ്ണൻ

ഒരിക്കലും മറക്കാനാകാത്ത ആത്മബന്ധമായിരുന്നു കോടിയേരി സഖാവുമായെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഏതു പ്രശ്നങ്ങളെയും സമചിത്തതയോടെ നേരിട്ട് പരിഹരിക്കുന്നതിന് അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.

നിയമസഭയിലും അദ്ദേഹത്തോടൊപ്പം ഒന്നിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം പ്രതിപക്ഷ ഉപനേതാവായിരുന്നപ്പോൾ പ്രതിപക്ഷ ചീഫ് വിപ്പായും ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ സ്പീക്കറായും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഖാവിന്റെ അകാല വിയോഗം സി പി ഐ എമ്മിനും കേരളത്തിലെ പൊതു സമൂഹത്തിനും തീരാ നഷ്ടമാണെന്നും കെ രാധാകൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

രാഷ്ട്രീയത്തിനപ്പുറം വലിയ വ്യക്തിബന്ധങ്ങളും ആത്മബന്ധങ്ങളും കാത്തു സൂക്ഷിക്കുന്ന മനുഷ്യ സ്‌നേഹി കൂടിയായിരുന്നു അദ്ദേഹം – മന്ത്രി കെ രാജൻ

സിപിഐ എം പോളിറ്റ് ബ്യൂറോ മെമ്പറും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. ധീരനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സഖാവ് കോടിയേരി. രാഷ്ട്രീയത്തിനപ്പുറം വലിയ വ്യക്തിബന്ധങ്ങളും ആത്മബന്ധങ്ങളും കാത്തു സൂക്ഷിക്കുന്ന മനുഷ്യ സ്‌നേഹി കൂടിയായിരുന്നു അദ്ദേഹം. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ എല്ലാവരേയും ഒന്നിപ്പിച്ച് കൊണ്ടു പോകുന്നതിന് കോടിയേരിയുടെ സൗമ്യമായ നേതൃത്വം കൊണ്ട് കഴിഞ്ഞിരുന്നു. വി എസ് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ് പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തിലെ പോലീസ് സംവിധാനത്തെ ജനകീയമാക്കി മാറ്റുന്നതിലും നാട്ടിലെ ക്രമസമാധാനം ഉറപ്പു വരുത്തുന്നതിലും സക്രിയമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്. അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണ് ഇടതുപക്ഷ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഉണ്ടായിട്ടുള്ളത്. വര്‍ത്തമാന കാലം വലിയ പോരാട്ടങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ കോടിയേരിയുടെ അഭാവം പ്രതിഫലിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തുടര്‍ഭരണം നേടുമ്പോള്‍ അതിന്റെ മുന്നണി പോരാളിയായി നിന്ന് പ്രവര്‍ത്തിച്ചതും സഖാവ് കോടിയേരി തന്നെയായിരുന്നു. ഏറെ ദുഖത്തോടെ സഖാവിനോട് വിട ചൊല്ലുകയാണ്.

സഖാവ് കോടിയേരിക്ക് അനുശോചനമർപ്പിച്ച് മന്ത്രി ഡോ. ആർ ബിന്ദു

പ്രതിസന്ധിയുടെ നാളുകളിൽ കൃതഹസ്തതയോടെ പാർട്ടിയെ നയിച്ച, കമ്യൂണിസ്റ്റ് പാർട്ടിയുടെ എക്കാലത്തെയും സമുന്നതനായ നേതാവായി സഖാവ് കോടിയേരി ബാലകൃഷ്ണനെ കാലം എന്നും ഓർക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനത്തെ അടിയന്തരാവസ്ഥയുടെ കൊടിയ നാളുകളിൽ നയിച്ച അതേ തികവോടെ പാർട്ടിയെ അതേറ്റ ഏറ്റവും കൊടിയ വലതുപക്ഷ പ്രചാരവേലകളെ പ്രതിരോധിക്കുന്നതിലും സഖാവ് കോടിയേരി നയിച്ചു. സംഘടനാരംഗത്ത് കാർക്കശ്യം സൂക്ഷിക്കുമ്പോഴും സ്നേഹരൂപനായി, പാർട്ടിയുടെ എല്ലാ തലങ്ങളിലെ പ്രവർത്തകരിലും വിശ്വാസവും കരുത്തും ഉണർത്തിക്കൊണ്ടാണ് അവസാന നാളുകൾ വരെയും സഖാവ് നിലകൊണ്ടത് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

ജനാധിപത്യവും മതനിരപേക്ഷതയും വൻ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന കാലത്ത് പാർലമെണ്ടറി പ്രവർത്തനത്തിലും ബഹുജനസംഘടനാ പ്രവർത്തനത്തിലും സഖാവ് കോടിയേരി കാണിച്ചുതന്ന നേതൃമാതൃക ഏറ്റവും വേറിട്ടു നിൽക്കുന്നതാണ്. ഉജ്ജ്വലമായ സമര ജീവിതത്തിനു മുന്നിൽ വിപ്ലവകേരളത്തിനൊപ്പം അന്ത്യാഭിവാദനമർപ്പിക്കുന്നു – മന്ത്രി ഡോ. ആർ. ബിന്ദു അനുസ്മരണക്കുറിപ്പിൽ പറഞ്ഞു.

സ. കോടിയേരിയുടെ വേര്‍പാട് പാര്‍ട്ടിക്കും പൊതു സമൂഹത്തിനും തീരാ നഷ്ടം: മന്ത്രി വീണാ ജോര്‍ജ്

ആശയപരമായ വ്യക്തതയോടെ പാര്‍ട്ടിയെ നയിച്ച കരുത്തനായ നേതാവിനേയാണ് നഷ്ടമായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൗമ്യമായി ഇടപെടലുകളോടെ ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നേതാവാണ് അദ്ദേഹം. സ. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാര്‍ട്ടിയ്ക്കും കേരളത്തിന്റെ പൊതു സമൂഹത്തിനും തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News