കോടിയേരി ബാലകൃഷ്ണൻ അതുല്യമായ നേതൃശേഷിയുടെ കർമ്മധീരത: എം.വി.ഗോവിന്ദൻമാസ്റ്റർ

പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിടവാങ്ങൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സമൂഹത്തിനാകെയും ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ്.

ചെറിയ കുട്ടിയായിരിക്കുന്ന ഘട്ടം മുതൽ സംഘടനാ പ്രവർത്തനത്തിൽ മുഴുകി ഒരു ജീവിതകാലം മുഴുവൻ ആ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി ജനങ്ങളുടെയാകെ പ്രീതി സമ്പാദിച്ച അനശ്വരനായ വിപ്ലവകാരിയായിരുന്നു കോടിയേരി.

കോടിയേരി എന്ന നേതൃശേഷിയുടെ അനുഭവസമ്പത്ത് ഏതു പ്രതിസന്ധിയെയും വകഞ്ഞുമാറ്റി മുന്നേറാനുള്ള കരുത്തായിരുന്നു.
ശരിയായ രീതിയിൽ പാർടി നിലപാടുകൾ അവതരിപ്പിക്കുകയും ആശയ വ്യക്തതയോടെ പാർടിയെ മുന്നോട്ടുനയിക്കുകയും ചെയ്ത ജനകീയനായ നേതാവാണ് കോടിയേരി. പാർലമെന്ററി പ്രവർത്തനങ്ങളിലും ജനകീയ പ്രക്ഷോഭങ്ങളിലും ആ കർമ്മധീരത നമ്മൾ നേരിട്ടറിഞ്ഞവരാണ്. രാഷ്ട്രീയ കേരളത്തിന് അദ്ദേഹത്തിന്റെ സംഭാവനകൾ അതുല്യമായ ഈടുവയ്പ്പാണ്.

വിദ്യാർത്ഥി കാലഘട്ടം മുതൽ ആരംഭിച്ച രാഷ്ട്രീയ ജീവിതം പോരാട്ടങ്ങളോടൊപ്പം തന്നെ ആശയദൃഢതയുടെയും സൗമ്യതയുടെയുമായിരുന്നു. തലശ്ശേരി കലാപത്തിൽ ഉൾപ്പെടെ മനുഷ്യരെ വിഭജിക്കാനുള്ള എല്ലാ സംഘടിത ശ്രമങ്ങളെയും സഖാവ് രാഷ്ട്രീയം കൊണ്ട് ചെറുത്തു തോൽപിച്ചു.
1973 ൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന കോടിയേരി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സകല പ്രതിസന്ധികളെയും മറികടന്ന് ധീരോജ്വലം മുന്നോട്ടുപോയി.

മനുഷ്യനെന്ന പ്രഥമ പരിഗണന പോലും നല്കാത്ത അടിയന്തരാവസ്ഥയുടെ ദുർദിനങ്ങളിൽ സംഘടനയുടെയും അതി ജീവിക്കാൻ പാടുപെടുന്ന മനുഷ്യരുടെയും ആശയും ആവേശവുമായി ഗ്രാമാന്തരങ്ങളിൽ സഖാവ് സഞ്ചരിച്ചു.
പാർട്ടി നേരിട്ട അനവധി പ്രതിസന്ധി ഘട്ടങ്ങളിലും സഖാവ് അചഞ്ചലം മുന്നിൽ നിന്ന് നയിച്ചു.

തലശ്ശേരി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ സഖാവ് ജനകീയ ശബ്ദമായി മാറി. കേരള പോലീസിന്റെ മുഖച്ഛായ മാറ്റി ജനകീയ മുഖം നൽകുന്നതിൽ ആഭ്യന്തരമന്ത്രി എന്ന നിലയിൽ സഖാവിന്റെ പ്രവർത്തനം അതിശയകരമായിരുന്നു. പാർട്ടിയുടെ പ്രതിസന്ധിഘട്ടത്തിൽ സംസ്ഥാന സെക്രട്ടറി പദവി ഏറ്റെടുക്കുകയും ജനകീയവും കാര്യക്ഷമവുമായ ഇടപെടലുകൾക്കും ഭരണത്തുടർച്ചയ്ക്കും പാർട്ടിയെ മുന്നിൽനിന്നും നയിക്കാനും സഖാവിന് സാധിച്ചു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ചരിത്രപരമായ ഭരണത്തുടർച്ച സാധ്യമാക്കുന്നതിന് പാർട്ടിയെ സജ്ജമാക്കുന്നതിൽ കോടിയേരി വഹിച്ച പങ്ക് സുപ്രധാനമായിരുന്നു. രാഷ്ട്രീയ പ്രവർത്തകർക്കാകെ മാതൃകയായ അതുല്യനായ മനുഷ്യസ്നേഹി എന്ന നിലയിൽക്കൂടിയാവും കോടിയേരി ഓർമ്മിക്കപ്പെടുക.

മനുഷ്യ മോചന പോരാട്ടങ്ങളുടെ അദ്വിതീയ നേതൃത്വമായിരുന്ന സഖാവ് കോടിയേരി പിൻവാങ്ങുകയാണ്. തുടരുന്ന പോരാട്ടങ്ങളുടെ സമരഭൂമിയിൽ വെളിച്ചവും വഴിയുമായി സഖാവ് കോടിയേരി ബാലകൃഷ്ണൻ ജ്വലിച്ചു നിൽക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel