
സഖാവ് കോടിയേരി ബാലകൃഷ്ണന്(Kodiyeri Balakrishnan) അന്ത്യാഞ്ജലി അര്‍പ്പിച്ച് ഡോ. ടി എം തോമസ് ഐസക്ക്(Dr TM Thomas Isaac). വിട സഖാവേ… അങ്ങയെപ്പോലൊരു സഖാവിന്റെ നഷ്ടം നമ്മുടെ പാര്‍ട്ടി
എങ്ങനെ നികത്തും…തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു. കൊടിയേരി എന്ന പേരിന് സഖാവ് അന്വര്‍ത്ഥമാക്കിയത്, ഏത് കൊടികെട്ടിയ സങ്കീര്‍ണമായ പ്രശ്‌നത്തെയും നിമിഷനേരം കൊണ്ട് പരിഹരിക്കുന്ന മാസ്മരിക സിദ്ധിയിലൂടെയാണ്.
പാര്‍ട്ടി സഖാക്കളെ സ്‌നേഹിക്കുന്നതുപോലെ അദ്ദേഹം ഇടതുപക്ഷ പ്രസ്ഥാനത്തെയും സ്‌നേഹിച്ചു. ഇടതുപക്ഷ പാര്‍ടികളുടെ ഐക്യം ആ കൈകളില്‍ സുഭദ്രമായിരുന്നു. കാലത്തിന്റെ ചുവരെഴുത്തുകളെ ഇത്രമേല്‍ രാഷ്ട്രീയമായി വായിച്ച മറ്റൊരു നേതാവുണ്ടോ എന്ന് സംശയം. ഇടതുപക്ഷ ഐക്യം കൂടുതല്‍ സര്‍ഗാത്മകമായി വികസിപ്പിക്കാനാണ് ഓരോ വാക്കും വാചകവും അദ്ദേഹം ഏറ്റവും ശ്രദ്ധയോടെ ഉപയോഗിച്ചത്.
എല്ലാവര്‍ക്കും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. എല്ലാവരും അദ്ദേഹത്തിനും പ്രിയപ്പെട്ടവരായിരുന്നു. മാര്‍ക്‌സിസത്തിന്റെ മൂല്യം ഏറ്റവും ഉജ്വലമായി സ്വാംശീകരിച്ചവര്‍ക്കു മാത്രം സാധ്യമായ തരത്തില്‍ അദ്ദേഹം സ്വന്തം വ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
എന്നാണ് സഖാവ് കോടിയേരിയെ ഞാന്‍ ആദ്യമായി കണ്ടത്? ഓര്‍മ്മകള്‍ എന്നെ കൊണ്ടുപോകുന്നത് ’73ലെ കൊല്ലം എസ്എഫ്‌ഐ സമ്മേളന വേദിയിലേയ്ക്കാണ്. സമ്മേളനത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അതു പരിഹരിക്കാന്‍ ചുമതലപ്പെട്ടയാളായിരുന്നു സഖാവ് കോടിയേരി. അന്ന് സഖാവിന് പ്രായം വെറും 20വയസ്.
ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ഇരുപതാം വയസിലും സഖാവ് കോടിയേരിയ്ക്ക് നിഷ്പ്രയാസം തര്‍ക്കപ്രശ്‌നങ്ങള്‍ക്ക് എല്ലാവര്‍ക്കും സ്വീകാര്യമായ തീര്‍പ്പുകളുണ്ടാക്കിയിരുന്നു. പാര്‍ടിയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ടു തന്നെ. സ്വന്തം ചുമതലയുടെയും പദവിയുടെയും അധികാരത്തിന്റെ സ്വരത്തിലായിരുന്നില്ല അന്നും സഖാവിന്റെ വര്‍ത്തമാനം. ഒന്നിച്ചു നില്‍ക്കുന്ന സഖാക്കളുടെ കരുത്തിനെക്കുറിച്ചാണ് നര്‍മ്മമധുരമായി കോടിയേരി സഖാവ് സംസാരിച്ചത്.
പ്രതിസന്ധികളുടെ ഇതികര്‍ത്തവ്യതാമൂഢതയെ, ഇനിയെന്തു ചെയ്യുമെന്ന ആശങ്കയെ, ഒരു ചിരി കൊണ്ട്, ഒരു ഫലിതം കൊണ്ട്, ഒരു തോളില്‍ കൈയിടല്‍ കൊണ്ട്, അലിയിച്ചു കളയാന്‍ അന്യാദൃശ്യമായ ഒരു ശേഷി സഖാവ് കോടിയേരിയ്ക്കുണ്ടായിരുന്നു. കൊടിയേരി എന്ന പേരിന് സഖാവ് അന്വര്‍ത്ഥമാക്കിയത്, ഏത് കൊടികെട്ടിയ സങ്കീര്‍ണമായ പ്രശ്‌നത്തെയും നിമിഷനേരം കൊണ്ട് പരിഹരിക്കുന്ന മാസ്മരിക സിദ്ധിയിലൂടെയാണ്.
അതേസമയത്തു തന്നെയാണ് അടിയന്തരാവസ്ഥയെ നേരിട്ടത്. പാര്‍ട്ടിയ്ക്കുള്ളിലെ സമവായത്തിന്റെയും സഹിഷ്ണുതയുടെയും വാക്കുകളും രീതികളുമായിരുന്നില്ല പുറത്ത്. അടിയന്തരാവസ്ഥയുടെ അനീതികളെ വിട്ടുവീഴ്ചയില്ലാത്ത വിപ്ലവകാരിയ്ക്കു ചേര്‍ന്ന വിധത്തില്‍ അദ്ദേഹം ചെറുക്കുകയും എതിര്‍ക്കുകയും ചെയ്തു. ഭരണകൂട ഭീകരതയെ ചോദ്യം ചെയ്യുകയും ചെറുക്കുകയും ചെയ്തു. പാര്‍ടിയ്ക്കുള്ളില്‍ സൗമ്യനായ കോടിയേരി, പൊതുസമൂഹത്തില്‍ ഭരണകൂടത്തിന്റെ അനീതികളോട് നേര്‍ക്കുനേരെ പോരാടി.
സിദ്ധാന്തവും പ്രയോഗവും അത്രമേല്‍ ഹൃദ്വിസ്ഥമായിരുന്നു അദ്ദേഹത്തിന്. പാര്‍ടിയുടെ സംഘടനാ ചട്ടക്കൂടില്‍ നിന്ന് ഏത് പ്രശ്‌നവും ഒരു പുഞ്ചിരിയുടെ ഉത്തോലകം കൊണ്ട് അദ്ദേഹം സമീകരിച്ചിരുന്നു. എല്ലാ സഖാക്കള്‍ക്കും കോടിയേരിയെ കണ്ടു സംസാരിക്കാമായിരുന്നു. ഏതു പ്രശ്‌നത്തിലും അദ്ദേഹം പരിഹാരവും അദ്ദേഹമുണ്ടാക്കുമായിരുന്നു.
2006 ലെ സര്‍ക്കാര്‍. അറിയാമല്ലോ, പാര്‍ടിയില്‍ അന്നുണ്ടായിരുന്ന സംഘര്‍ഷങ്ങള്‍. മലപോലെ വരുമെന്നു കരുതിയ പല പ്രശ്‌നങ്ങളും സഖാവ് കോടിയേരിയുടെ ബെഞ്ചില്‍ അനായസമായി പരിഹരിക്കപ്പെട്ടിരുന്നു.
ഹൃദയം കൊണ്ട് പാര്‍ടിയെ സ്‌നേഹിച്ച സഖാവ്. ഹൃദയം കൊണ്ട് പാര്‍ടിയെ ഉള്‍ക്കൊണ്ട സഖാവ്. അതായിരുന്ന കോടിയേരി. ബ്രാഞ്ചു സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറി വരെയുള്ള ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍, പാര്‍ടി സഖാക്കളുടെ ഓര്‍മ്മകളില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും ഏറ്റവും ഉജ്വലമായ സാന്നിധ്യമായി മാറിയ സഖാവ്.
സഖാവ് കോടിയരിയുടെ ഓര്‍മ്മകള്‍ക്ക് മീതെ വിരാമചിഹ്നമില്ല. ആ സാമീപ്യം തന്നെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളമായ അനുഭവമായിരുന്നു. പാര്‍ടി സഖാക്കളെ സ്‌നേഹിക്കുന്നതുപോലെ അദ്ദേഹം ഇടതുപക്ഷ പ്രസ്ഥാനത്തെയും സ്‌നേഹിച്ചു. ഇടതുപക്ഷ പാര്‍ടികളുടെ ഐക്യം ആ കൈകളില്‍ സുഭദ്രമായിരുന്നു. കാലത്തിന്റെ ചുവരെഴുത്തുകളെ ഇത്രമേല്‍ രാഷ്ട്രീയമായി വായിച്ച മറ്റൊരു നേതാവുണ്ടോ എന്ന് സംശയം. ഇടതുപക്ഷ ഐക്യം കൂടുതല്‍ സര്‍ഗാത്മകമായി വികസിപ്പിക്കാനാണ് ഓരോ വാക്കും വാചകവും അദ്ദേഹം ഏറ്റവും ശ്രദ്ധയോടെ ഉപയോഗിച്ചത്.
എല്ലാവര്‍ക്കും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. എല്ലാവരും അദ്ദേഹത്തിനും പ്രിയപ്പെട്ടവരായിരുന്നു. മാര്‍ക്‌സിസത്തിന്റെ മൂല്യം ഏറ്റവും ഉജ്വലമായി സ്വാംശീകരിച്ചവര്‍ക്കു മാത്രം സാധ്യമായ തരത്തില്‍ അദ്ദേഹം സ്വന്തം വ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിച്ചു.
വിട സഖാവേ… അങ്ങയെപ്പോലൊരു സഖാവിന്റെ നഷ്ടം നമ്മുടെ പാര്‍ടി എങ്ങനെ നികത്തും?
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here