Kodiyeri Balakrishnan: ജനനായകൻ നായനാരുടെ പേരിലുള്ള സാന്ത്വനസ്ഥാപനം നാടിന്‌ സമർപ്പിച്ച് മടക്കം…

ജനനായകൻ നായനാരുടെ പേരിലുള്ള സാന്ത്വനസ്ഥാപനം നാടിന്‌ സമർപ്പിച്ചാണ്‌ കോടിയേരി ബാലകൃഷ്‌ണന്റെ(Kodiyeri Balakrishnan) മടക്കം. ഓഗസ്റ്റ് 18ന്‌ തലസ്ഥാനത്ത്‌ ചികിത്സയ്‌ക്ക്‌ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അഭയമേകിയ ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കുന്ന ചടങ്ങിലാണ്‌ അദ്ദേഹം അവസാനമായി പങ്കെടുത്തത്‌.

കിടപ്പുരോഗികളെ പരിപാലിക്കുന്ന 2000 വളന്റിയർമാരുടെ സേവനം മെഡിക്കൽ കിറ്റ്‌ നൽകി പാർടി സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്‌ണനാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. മെഡിക്കൽ കോളേജിലും സമീപത്തെ റീജണൽ ക്യാൻസർ സെന്ററിലും എസ്‌എടി ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന നൂറുകണക്കിനു പേരുടെ കൂട്ടിരിപ്പുകാരും ചടങ്ങിന്‌ എത്തിയിരുന്നു. കോടിയേരി അവസാനമായി പങ്കെടുത്ത പൊതുചടങ്ങായിരുന്നു.

ഇത്ര ക്ഷീണിതനായി അദ്ദേഹത്തെ ആദ്യമായി ജനങ്ങൾ കാണുന്നത്‌ അന്നാണ്‌. എല്ലാവരും പ്രിയസഖാവിന്റെ വാക്കുകൾക്കായി കാതോർത്തു. ഇരുന്നുകൊണ്ടായിരുന്നു പ്രസംഗം. രോഗാവസ്ഥയുടെ ക്ഷീണമൊന്നും ആ വാക്കുകളെ തളർത്തിയില്ല. ജനനായകൻ നായനാരുടെ പേരിലുള്ള സാന്ത്വനസ്ഥാപനം എല്ലാ പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തുണയാകണമെന്ന്‌ അഭ്യർഥിച്ച കോടിയേരി സർക്കാരിനെയും പാർടിയെയും തകർക്കാനുള്ള വർഗീയ ശക്തികളുടെ നീക്കത്തിനെതിരെ ആഞ്ഞടിച്ചു.

‘‘പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ്‌ സർക്കാരിനെ അട്ടിമറിക്കാൻ ആസൂത്രിതനീക്കം നടക്കുന്നുവെന്നത്‌ പുതിയ രാഷ്ട്രീയ വെല്ലുവിളിയായി കാണണം. അട്ടിമറിനീക്കം നടത്തുന്നത്‌ അടുത്ത മൂന്നുവർഷം ലക്ഷ്യമാക്കിയാണ്‌. ശത്രുവർഗം നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി നേരിടണം. ജനങ്ങളുടെ ശക്തിയാണ്‌ സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ശക്തി. ജീവകാരുണ്യപ്രവർത്തനം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി കാണുന്ന പാർടിയാണ്‌ സിപിഐ എം. എല്ലാ പ്രവർത്തകരും തങ്ങൾക്ക്‌ കിട്ടുന്ന വരുമാനത്തിന്റെ കുറഞ്ഞ ഭാഗമെങ്കിലും ജീവകാരുണ്യ പ്രവർത്തനത്തിന്‌ വിനിയോഗിക്കണം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും ആർസിസിയിലേക്കും എസ്‌എടി ആശുപത്രിയിലേക്കും എത്തുന്നവർക്ക്‌ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആസ്ഥാന മന്ദിരവും സാന്ത്വന പരിചരണവും കരുത്തുപകരും. സാന്ത്വന പരിചരണത്തിൽ ഒരു ലക്ഷം വളന്റിയർമാരെ റിക്രൂട്ട്‌ ചെയ്യണമെന്നാണ്‌ പാർടി തീരുമാനിച്ചത്‌. സാന്ത്വന പരിചരണകേന്ദ്രങ്ങൾ എല്ലായിടത്തും ശക്തിപ്പെടുത്താൻ പാർടി പ്രവർത്തകർ നേതൃത്വം നൽകണം’’ ഈ അഭ്യർഥനയോടെയാണ്‌ കോടിയേരി പ്രസംഗം അവസാനിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here