‘എന്റെ ജീവിതമാണ് എന്റെ സന്ദേശം ‘;ഇന്ന് 153-ാം ഗാന്ധി ജയന്തി| Gandhi Jayanti

അന്ന് മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനം. ഗാന്ധിജിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭ ഒക്ടോബര്‍ രണ്ടിന് അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കുന്നു. ലോകത്തിന് മുന്നില്‍ അക്രമരാഹിത്യത്തിന്റേയും അഹിംസയുടേയും പുത്തന്‍ സമരമാര്‍ഗം വെട്ടി തുറന്ന ഗാന്ധിയെ എല്ലാവരും സ്നേഹത്തോടെ ബാപ്പുജി എന്നാണ് വിളിച്ചിരുന്നത്. 1869 ഒക്ടോബര്‍ 2 ന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് ഗാന്ധിജിയുടെ ജനനം. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നാണ് യഥാര്‍ത്ഥ പേര്.

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിലെ ഒന്നാമത്തെ സ്ഥാനമാണ് എപ്പോഴും ഗാന്ധിജിക്കുള്ളത്. വര്‍ണവിവേചനത്തിനെതിരായും ഹരിജന്‍ സേവനത്തിനുമായും മാറ്റിവെച്ചതായിരുന്നു ഗാന്ധിജിയുടെ ജീവിതം.തന്റെ 13-ാമത്തെ വയസില്‍ കസ്തൂര്‍ബയെ ഗാന്ധി വിവാഹം കഴിച്ചു. ഇംഗ്ലണ്ടില്‍ നിന്ന് നിയമ പഠനം പൂര്‍ത്തിയാക്കിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ എത്തിയതോടെയാണ് സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഏടായ നിസഹകരണ പ്രസ്ഥാനം, നിയമലംഘന സമരം, ഉപ്പ് സത്യാഗ്രഹം, ക്വിറ്റ് ഇന്ത്യ സമരം, സ്വദേശി ഉല്‍പന്നങ്ങളുടെ പ്രചരണം തുടങ്ങിയവയുടെ മുന്‍നിരയില്‍ തന്നെ ഗാന്ധിജിക്ക് സ്ഥാനമുണ്ടായിരുന്നു.രാഷ്ട്രപിതാവ് എന്ന് ഗാന്ധിയെ ആദ്യമായി വിളിച്ചത് സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് ഒരു വര്‍ഷം തികയുമ്പോഴേക്കും ആര്‍എസ്എസ്സുകാരനായ ഗോഡ്‌സെയുടെ കൈകളാല്‍ ഗാന്ധി കൊല്ലപ്പെടുകയായിരുന്നു. 1948 ജനുവരി 30-നായിരുന്നു ഗാന്ധിജിയുടെ അന്ത്യം. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ലോകപ്രശ്സതമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here