മാരകമായ രോഗത്തോടുള്ള കോടിയേരി ബാലകൃഷ്ണന്റെ പോരാട്ടം സമാനതകൾ ഇല്ലാത്തതായിരുന്നു. അതിനായി പാർട്ടിയെ മുറുകെപ്പിടിക്കുകയാണ് അദ്ദേഹം ചെയ്തത്. വേണമെങ്കിൽ പൂർണ വിശ്രമം തിരഞ്ഞെടുക്കാമായിരുന്നു. കോടിയേരിയെ അത്രമേൽ സ്നേഹിച്ച പാർട്ടി എല്ലാ സംരക്ഷണവും ചെയ്യുമായിരുന്നു. പക്ഷേ, എല്ലാ വല്ലായ്മകളും മാറ്റിവച്ച് താമസിക്കുന്ന എകെജി ഫ്ലാറ്റിനു തൊട്ട് എതിർവശത്തുള്ള എകെജി സെന്ററിലേക്ക് കോടിയേരി എത്തിക്കൊണ്ടിരുന്നു.
ADVERTISEMENT
സംഘടനാപരമായ കണിശതകൾ മറ്റാരെക്കാളുമുള്ള കോടിയേരി ആ ഉത്തരവാദിത്തത്തിൽ നിന്നു മാറിനിൽക്കാൻ ആഗ്രഹിച്ചില്ല. ആരോഗ്യസ്ഥിതിയിൽ അൽപം പുരോഗതി കാണുമ്പോൾ പാർട്ടി പരിപാടികളിൽ പങ്കെടുക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചിരുന്നുവെന്ന് അദ്ദേഹത്തെ ചികിൽസിച്ചിരുന്ന ഡോക്ടർ ബോബൻ തോമസ് പറഞ്ഞിരുന്നു.
ഒടുവിൽ ചേർന്ന ഒരു സംസ്ഥാനകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയ നേതാക്കൾക്ക് സങ്കടം നിറച്ചതായിരുന്നു വോക്കറിന്റെ സഹായത്തോടെ തങ്ങളുടെ പ്രിയപ്പെട്ട സെക്രട്ടറി നടന്നുവരുന്ന കാഴ്ച. നടക്കാനുള്ള പ്രയാസത്തിന് കാൻസറുമായി ബന്ധമില്ലെന്ന് കോടിയേരി പറഞ്ഞു. വിപ്ലവങ്ങളാൽ ചുവന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിരിക്കുന്ന മുഖം, അതായിരുന്നു കോടിയേരിക്കാരൻ ബാലകൃഷ്‌ണൻ. ഓർക്കുമ്പോൾ തന്നെ നെഞ്ചിൽ കനലെരിയുന്ന ഓർമകളാണ് സഖാവിനെക്കുറിച്ചുള്ളത്.
ഇപ്പോഴിതാ തന്റെ പ്രിയ ബാലകൃഷ്ണനെ ഓർക്കുകയാണ് എ കെ ബാലൻ.
2022 ആഗസ്റ്റ് മാസം 12… പത്രസമ്മേളനത്തിൽ താൻ കൂടെ വരണമെന്ന് ബാലകൃഷ്ണൻ പറഞ്ഞു. ഞാൻ അടുത്ത് ചെന്നിരുന്നു .. മാസ്ക്ക് മാറ്റുമ്പോൾ ഞാൻ ചോദിച്ചു മാസ്ക്ക് മാറ്റണോ എന്ന്… മാസ്കില്ലാതെ സംസാരിക്കാൻ ബുദ്ധിമുട്ടാകുമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്… അപ്പോഴാണ് പുറംലോകം ബാലകൃഷ്ണന്റെ മറ്റൊരു മുഖം കാണുന്നത്.എ കെ ബാലൻ ഓർക്കുന്നു ആ രംഗം ഇപ്പോഴും.
പത്രസമ്മേളനം കഴിഞ്ഞ് നടക്കാൻ ബുദ്ധിമുട്ടിയ അദ്ദേഹം വാഹനത്തിന്റെ അടുത്തേക്ക് കൈപിടിച്ച് നടന്ന് പോകുമ്പോൾ അതൊരു അവസാനത്തെ പത്രസമ്മേളനം ആയിരിക്കുമോ എന്ന തോന്നൽ ഉണ്ടായിരുന്നു… കാരണം അദ്ദേഹം അത്ര അവശനായിരുന്നു…രണ്ട് പേരും കരഞ്ഞുപോയി അപ്പോൾ… എ കെ ബാലൻ പറയുന്നു.
കാര്യങ്ങൾ യുക്തിഭദ്രമായി അവതരിപ്പിക്കുന്നതിൽ സഖാവ് ബാലകൃഷ്ണന് എന്നും ഒരു മികവുണ്ടായിരുന്നു.ഒരിക്കലും അദ്ദേഹം എന്നേക്കാൾ മുന്നേ വേർപിരിഞ്ഞു പോകുമെന്ന് കരുതിയിരുന്നില്ല… വിദ്യാർത്ഥി രംഗത്തുനിന്ന് താൻ വിടപറയാൻ ശ്രമിച്ചപ്പോൾ എന്നെ പിടിച്ചുനിർത്തിയ ഒരാൾ കോടിയേരി ആയിരുന്നു.
ഓർക്കുമ്പോൾ വല്ലാത്തൊരു വിഷമം തോന്നുന്നു.. ബാലകൃഷ്ണനിലാതെ ഇനി ഒരു പൊതുപ്രവർത്തനം എന്ന് പറയുമ്പോൾ തനിക്ക് ഊഹിക്കാൻ പോലും സാധിക്കുന്നില്ല… തന്റെ കണ്ണുകൾ ഈറനണിഞ്ഞുകൊണ്ട് എ കെ ബാലൻ പറഞ്ഞ് അവസാനിപ്പിച്ചു…
അതെ കണ്ണുകളിൽ ഈറനാണ്… സമരതീക്ഷ്ണവും സൗമ്യദീപ്തവുമായ ജീവിതം കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ പ്രിയനേതാവ് ഇനി ജനകോടികളുടെ ഹൃദയത്തിൽ അമരത്വം വഹിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.