
(Kodiyeri)കോടിയേരിയുടെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങി. വിലാപയാത്ര വിമാനത്താവളത്തില്‍ നിന്ന് തലശ്ശേരിയിലേക്ക് പുറപ്പെട്ടു…മൃതദേഹം വിലാപയാത്രയായി തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിക്കും. ജനങ്ങള്‍ക്ക് ആദരമര്‍പ്പിക്കാന്‍ അവസരമൊരുക്കുന്നതിനായി വിലാപയാത്ര പതിനാല് കേന്ദ്രങ്ങളില്‍ നിര്‍ത്തും.
കണ്ണൂര്‍ ജില്ലയില്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലയിലുള്ളവര്‍ പയ്യാമ്പലത്തേക്ക് വരരുതെന്നും മട്ടന്നൂര്‍ മുതല്‍ തലശേരി വരെ 14 കേന്ദ്രങ്ങളില്‍ വിലാപയാത്ര നിര്‍ത്തുമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. മൃതദേഹം തുറന്ന വാഹനത്തില്‍ വിലാപ യാത്രയായി തലശ്ശേരി ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകും. വിലാപ യാത്ര കടന്നു പോകുന്ന വഴിയില്‍ 14 കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനായി വാഹനം നിര്‍ത്തും.
മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിര്‍ത്തുക.തുടര്‍ന്ന് ഇന്ന് മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.
തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദര്‍ശനമുണ്ടാകും. തിങ്കളാഴ്ച മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്‌കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്നത്. ഇന്നും നാളെയും സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒഴുകിയെത്തും. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കും. സംസ്‌കാരം നാളെ വൈകിട്ട് പയ്യാമ്പലത്ത് മൂന്ന് മണിക്ക് നടക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here