Kodiyeri:സഖാവിന് റെഡ് സല്യൂട്ട്…അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ജനപ്രവാഹം

(Comrade Kodiyeri)സഖാവ് കോടിയേരി ബാലകൃഷ്ണന് വിടചൊല്ലാനൊരുങ്ങി രാഷ്ട്രീയ കേരളം. അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് വിലാപയാത്രയില്‍ അണിനിരക്കുന്നത്.

തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വിലാപ യാത്ര.മൃതദേഹം ഇന്ന് രാത്രി വരെ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

നാളെ രാവിലെ വീട്ടിലും, നാളെ 11 മണി മുതല്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. നാളെ മൂന്ന് മണിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്താണ് സംസ്‌കാരം.

പ്രതീക്ഷ നിറച്ച കണ്ണുകളില്‍ കണ്ണീര്‍ നിറച്ച് കോടിയേരിയുടെ മടക്കം

രാഷ്ട്രീയത്തിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇതായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ എന്ന വ്യക്തി. മാനവികതയുടെ മഹാസൗധം നാടിന് സമര്‍പ്പിച്ചായിരുന്നു കോടിയേരിയുടെ മടക്കം എന്നതും യാദൃശ്ചികം. തിരുവനന്തപുരത്ത് ഇ കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു കോടിയേരി പങ്കെടുത്ത അവസാന പൊതു പരിപാടി.
രാഷ്ട്രീയം, കക്ഷി രാഷ്ട്രീയത്തിനതീതമായ സൗഹൃദം, മാനവികത….. ഇതായിരുന്നു എന്നും കോടിയേരി…. ശരീരത്തിലേക്ക് ഒളിച്ചെത്തിയ അര്‍ബുദം തന്റെ ജീവിതം കാര്‍ന്നുതിന്നുന്നുണ്ടെന്ന് ബോധ്യമുള്ള ഘട്ടത്തിലെല്ലാം ചിരിക്കാന്‍ ശ്രമിച്ച നേതാവാണ് കോടിയേരി… ആ മനോധൈര്യം എന്നും ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു….. എന്നാല്‍ തങ്ങളുടെ പ്രിയ നേതാവിന്റെ രോഗത്തിന്റെ പ്രഹരശേഷി ജനങ്ങള്‍ നേരിട്ടറിഞ്ഞത് ഓഗസ്റ്റ് 18നാണ്. തലസ്ഥാനത്ത് ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അഭയമേകിയ ഇ കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ മന്ദിരം നാടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിക്കുന്ന ചടങ്ങില്‍. ശരീരം എതിര്‍ത്തുകൊണ്ടേയിരുന്നിട്ടും കോടിയേരി ആ ചടങ്ങില്‍നേരിട്ട് പങ്കെടുത്തു. ഇതായിരുന്നു കോടിയേരി അവസാനമായി പങ്കെടുത്ത പൊതു പരിപാടിയും..ഇരുന്നാണെങ്കിലും അദ്ദേഹം സംസാരിച്ചു.

സര്‍ക്കാരിനെയും പാര്‍ടിയെയും തകര്‍ക്കാനുള്ള വര്‍ഗീയ ശക്തികളുടെ നീക്കത്തിനെതിരെ അദ്ദേഹം ആ ചടങ്ങില്‍ ആഞ്ഞടിച്ചു.സാന്ത്വന പരിചരണത്തില്‍ ഒരു ലക്ഷം വളന്റിയര്‍മാരെ റിക്രൂട്ട് ചെയ്യണമെന്നാണ് പാര്‍ടി തീരുമാനിച്ചത്. സാന്ത്വന പരിചരണകേന്ദ്രങ്ങള്‍ എല്ലായിടത്തും ശക്തിപ്പെടുത്താന്‍ പാര്‍ടി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കണം. ഈ അഭ്യര്‍ഥനയോടെയാണ് കോടിയേരി പ്രസംഗം അവസാനിപ്പിച്ചത്. പുത്തനാശയത്തിന്റെ പ്രതീക്ഷ നിറച്ച കണ്ണുകളില്‍ കണ്ണീര് നിറച്ചാണ് കോടിയേരിയുടെ മടക്കം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here