Kodiyeri:സഖാവ് കോടിയേരി; ഇരുണ്ടകാലത്തെ നേരിട്ട സമരയൗവനം…

കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കണ്ണൂരിലെ ത്രസിക്കുന്ന രാഷ്ട്രീയ ഭൂമികയില്‍നിന്നാണ് കോടിയേരി ബാലകൃഷ്ണന്‍(Kodiyeri Balakrishnan) സിപിഐ എമ്മിന്റെ അമരക്കാരനായത്. തലശേരിയിലെ കോടിയേരി കല്ലറ തലായി എല്‍പി സ്‌കൂള്‍ അധ്യാപകനായിരുന്നു അച്ഛന്‍ കുഞ്ഞുണ്ണിക്കുറുപ്പ്. കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂള്‍, ഓണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു. അവിടെ യൂണിയന്‍ ചെയര്‍മാനായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ പഠനം.

കെഎസ്എഫ് പ്രവര്‍ത്തകനായി വിദ്യാര്‍ഥി പ്രസ്ഥാനത്തിലെത്തി. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി. 79 വരെ ആ സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പദവിയിലുമെത്തി. അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പും ശേഷവുമുള്ള കാലം എസ്എഫ്ഐയെ സംബന്ധിച്ച് നിര്‍ണായകമായി. അടിയന്തരാവസ്ഥക്കു മുമ്പ് സി അച്യുതമേനോന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ കെഎസ്യുവും പിന്തിരിപ്പന്‍ ശക്തികളും സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു. അടിയന്തരാവസ്ഥ കഴിഞ്ഞപ്പോള്‍ കേരളത്തിന് പ്രതീക്ഷയും വീര്യവും പകര്‍ന്ന് ഏറ്റവും വലിയ വിദ്യാര്‍ഥിപ്രസ്ഥാനമായി എസ്എഫ്ഐ ഉദിച്ചുയര്‍ന്നു. അക്കാലത്താണ് അതിന്റെ അമരക്കാരനായി കോടിയേരി പ്രവര്‍ത്തിച്ചത്.

1970ല്‍ സിപിഐ എം ഈങ്ങയില്‍പീടിക ബ്രാഞ്ച് സെക്രട്ടറിയായ കോടിയേരി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാകുമ്പോള്‍ ലോക്കല്‍ സെക്രട്ടറിയായിരുന്നു. 1980 മുതല്‍ 1982 വരെ ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി. തുടര്‍ന്ന് 1990 മുതല്‍ അഞ്ചുവര്‍ഷം സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി. ജില്ലയില്‍ സിപിഐ എമ്മിനെതിരായ ഭരണകൂടപിന്തിരിപ്പന്‍ ആക്രമണത്തെ ചെറുത്ത് പ്രസ്ഥാനത്തെ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ ആ നേതൃത്വത്തിനു കഴിഞ്ഞു.

കുപ്രസിദ്ധ സഹകരണ മാരണ നിയമത്തിനും, കെ സുധാകരന്റെ നേതൃത്വത്തില്‍ നടമാടിയ സിപിഐ എം വിരുദ്ധ അക്രമങ്ങള്‍ക്കുമെതിരെ ചെറുത്തുനില്‍പ്പിന് കരുത്തേകി. കൂത്തുപറമ്പ് വെടിവയ്പ്, കെ വി സുധീഷിന്റെ വധം തുടങ്ങിയവ അക്കാലത്തെ നടുക്കിയ സംഭവങ്ങള്‍. 1988ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ കോടിയേരി സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1995ല്‍ സംസ്ഥാന സെക്രട്ടറിയറ്റിലേക്കും 2002ല്‍ 17ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയിലേക്കും.2008ല്‍ കോയമ്പത്തൂരില്‍ നടന്ന 19ാം കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി. 1982, ’87, 2001, 2006, 2011 വര്‍ഷങ്ങളില്‍ തലശേരി മണ്ഡലത്തില്‍നിന്ന് നിയമസഭയില്‍.

2001ലും 2011ലും പ്രതിപക്ഷ ഉപനേതാവ്. 2006ലെ എല്‍ഡിഎഫ് സര്‍ക്കാരില്‍ ആഭ്യന്തര, ടൂറിസം മന്ത്രിയായി മികവു തെളിയിച്ചു. പൊലീസിനെ ആധുനികവല്‍ക്കരിക്കുന്നതിലും സേവന വേതന വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിലും വലിയ സംഭാവന നല്‍കി. ഭരണകൂടത്തിന്റെ മര്‍ദനോപകരണം എന്ന കുപ്രസിദ്ധിയില്‍നിന്ന് ജനസേവകരാക്കി പൊലീസിന്റെ മുഖം മാറ്റിയെടുക്കുകയും ചെയ്തു. ജനമൈത്രി പൊലീസ് പുതിയ അനുഭവമായി. ക്രമസമാധാനപാലനത്തില്‍ കേരളത്തെ ഏറ്റവും മികച്ച സംസ്ഥാനമായി ഉയര്‍ത്തി. തടവുകാരും മനുഷ്യരാണെന്നും അവര്‍ക്കും അവകാശങ്ങളുണ്ടെന്നും പ്രഖ്യാപിച്ച് ജയിലുകളുടെ പരമ്പരാഗത മുഖംമാറ്റിയെടുത്തു.

പൊലീസ് ജയില്‍ നിയമങ്ങളില്‍ കാലാനുസൃത മാറ്റംവരുത്തി. ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന് പ്രമുഖ സ്ഥാനം നേടിക്കൊടുക്കുന്നതില്‍ കോടിയേരിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലംകണ്ടു. യുഡിഎഫ് ഭരണകാലത്തെ അഴിമതിയും ജനവിരുദ്ധ നടപടികളും തുറന്നുകാട്ടി നിയമ സഭയ്ക്കകത്തും പുറത്തും പ്രതിഷേധം വളര്‍ത്തിയെടുക്കുന്നതില്‍ പ്രതിപക്ഷ ഉപനേതാവെന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, ആഭ്യന്തരവകുപ്പ് സബ്ജക്ട് കമ്മിറ്റി എന്നിവയില്‍ അംഗമായ അദ്ദേഹം വൈദ്യുതി ബോര്‍ഡ് അനൗദ്യോഗിക അംഗവുമായി. കേരള കര്‍ഷകസംഘം സംസ്ഥാന ട്രഷറര്‍, അഖിലേന്ത്യാ കിസാന്‍സഭാ കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ചൈന, ക്യൂബ, അമേരിക്ക, ജപ്പാന്‍, സിംഗപ്പുര്‍, ശ്രീലങ്ക, ബഹ്റൈന്‍, യുഎഇ, ജര്‍മനി, ഒമാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News