
രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിനും തൊഴിലാളി വര്‍ഗ്ഗത്തിനും മതേതര ചേരിക്കും കനത്ത നഷ്ടമാണ് സഖാവ് കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
സഖാവിന്റെ അകാലത്തിലുള്ള വേര്‍പാട് കേരളത്തിലെ വിപ്ലവ രാഷ്ട്രീയ പ്രസ്ഥാനത്തെയും തൊഴിലാളി പ്രസ്ഥാനത്തെയും പലതരത്തില്‍ ബാധിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിനും തൊഴിലാളി വര്‍ഗ്ഗത്തിനും മതേതര ചേരിക്കും കനത്ത നഷ്ടമാണ് സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ഏതൊരു ഗൗരവതരമായ പ്രശ്‌നത്തെയും ചെറു ചിരിയോടെയും സൗമ്യതയോടെയും അഭിമുഖീകരിക്കാനുള്ള സവിശേഷമായ കഴിവ് സഖാവിനുണ്ടായിരുന്നു. തന്റെ രാഷ്ട്രീയത്തെ ജനങ്ങളിലേക്ക് ലളിതമായി സംവേദനം ചെയ്യാനും അതിനെ കൂടുതല്‍ ജനകീയമാക്കാനും എക്കാലവും അദ്ദേഹത്തിന് സാധിച്ചു. സഖാവിന്റെ അകാലത്തിലുള്ള വേര്‍പാട് കേരളത്തിലെ വിപ്ലവ രാഷ്ട്രീയ പ്രസ്ഥാനത്തെയും തൊഴിലാളി പ്രസ്ഥാനത്തെയും പലതരത്തില്‍ ബാധിക്കുക തന്നെ ചെയ്യും. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അതിനെ മറികടക്കാനുള്ള രാഷ്ട്രീയ ബോധവും ആശയവും അദ്ദേഹം പ്രസ്ഥാനത്തിലെ പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കിയിട്ടുണ്ട് എന്നുള്ളതാണ് ആശ്വാസകരമായ കാര്യം.
സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ സഖാവ് കോടിയേരിയെ കുറിച്ച് വായിച്ചറിവും കേട്ടറിവുമുണ്ട്. അടിയന്തരാവസ്ഥയുടെ ഭീകരത നേരിടേണ്ടിവന്ന സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ വളരെ ആവേശത്തോടെയാണ് എസ്എഫ്‌ഐ സഖാക്കള്‍ അദ്ദേഹത്തിന്റെ പേര് എവിടെയും പറഞ്ഞിരുന്നത്. എസ്എഫ്‌ഐയുടെ പഠന ക്ലാസുകളില്‍ വച്ച് അദ്ദേഹത്തെ നേരില്‍ കാണാനും പരിചയപ്പെടാനും സാധിച്ചു.
എന്നാല്‍ എസ്എഫ്‌ഐയുടെ സംസ്ഥാന ഭാരവാഹി ആയി തിരുവനന്തപുരത്തേക്ക് പ്രവര്‍ത്തനമണ്ഡലം മാറ്റിയ കാലത്താണ് അന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ ഭാഗമായ സഖാവ് കോടിയേരിയുമായി അടുത്തു സഹകരിക്കാനും ആത്മ ബന്ധം സ്ഥാപിക്കാനും കഴിയുന്നത്. എസ്എഫ്‌ഐയുടെ പാര്‍ട്ടി ചുമതലക്കാരന്‍ എന്ന നിലയില്‍ ദൈനംദിന ബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. അന്നുമുതല്‍ ഒരു ജ്യേഷ്ഠ സഹോദരനെ പോലെ അദ്ദേഹം കൂടെയുണ്ടായിരുന്നു.
സഖാവ് കോടിയേരി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന ഘട്ടത്തില്‍ കൂത്തുപറമ്പിലെ പോലീസ് സ്റ്റേഷനില്‍ വച്ച് നടന്ന എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം ഇപ്പോഴും ആവേശകരമായ ഒരു ഓര്‍മ്മയാണ്. സഖാവ് കെ വി സുധീഷിന്റെ രക്തസാക്ഷിത്വത്തിനുശേഷം നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് സംഘടിപ്പിക്കപ്പെട്ട ആ സമ്മേളനത്തിലെ പ്രതിനിധികളെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് പോലീസ് സ്റ്റേഷനില്‍ സമ്മേളനം കൂടുന്ന സ്ഥിതി ഉണ്ടായത്. ആ സമ്മേളനത്തിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്വവും ചുമതലയും നിര്‍വഹിച്ചുകൊണ്ട് സഖാവ് കോടിയേരി അവിടെ ഉണ്ടായിരുന്നു.
കേരളത്തിലാകെ തിരമാലകള്‍ പോലെ വിദ്യാര്‍ഥി സമരങ്ങള്‍ നടന്ന കാലമായിരുന്നു തൊണ്ണൂറുകളുടെ ആദ്യപകുതി. എ കെ ആന്റണി ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ നടന്ന സമരങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ചോരയില്‍ മുക്കിക്കൊല്ലാനാണ് ഗവണ്‍മെന്റ് തീരുമാനിച്ചത്. സംസ്ഥാനത്തുടനീളം വിദ്യാര്‍ത്ഥികള്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്കിരയായി. എല്ലാ ജില്ലകളിലും ഉജ്ജ്വലമായ സമര കേന്ദ്രങ്ങളുണ്ടായി. വിളനിലം സമരവും കൂത്തുപറമ്പ് വെടിവെപ്പിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളുമെല്ലാം സംസ്ഥാനത്തെ ഇളക്കിമറിച്ചു. തുടര്‍ന്നാണ് കേരളത്തിന്റെ വടക്കേ അറ്റത്തുനിന്ന് ഒരു വിദ്യാര്‍ത്ഥി മാര്‍ച്ച് സംഘടിപ്പിക്കപ്പെട്ടത്. അന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ഞാനായിരുന്നു ജാഥാ ക്യാപ്റ്റന്‍ . വിദ്യാര്‍ത്ഥി മാര്‍ച്ചിന്റെ സംഘാടനത്തിന് എല്ലാവിധ പിന്തുണയുമായി സഖാവ് കോടിയേരി ഒപ്പമുണ്ടായിരുന്നു.
എസ്എഫ്‌ഐയുടെ അഖിലേന്ത്യാ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാനുള്ള ഉപദേശവും നിര്‍ദ്ദേശവും നല്‍കിയതിലും പ്രധാന പങ്കു വഹിച്ചത് സഖാവ് പിണറായിയോടൊപ്പം സഖാവ് കോടിയേരി ആയിരുന്നു. എസ് എഫ് ഐയില്‍ നിന്ന് ഒഴിഞ്ഞതിനു ശേഷം ഡിവൈഎഫ്‌ഐയിലേക്ക് കടന്നു വന്ന കാലത്തും സഖാവ് കോടിയേരിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ടായിരുന്നു. രജനി എസ് ആനന്ദ് ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നുള്ള സമരപരമ്പരകളില്‍ സഖാവ് കോടിയേരി സംഘടനയ്ക്ക് നല്‍കിയ സംരക്ഷണം ഓര്‍മ്മയില്‍ വരുന്നു.
വിദ്യാര്‍ത്ഥി യുവജന സമരങ്ങളില്‍ അണിചേരുന്ന സഖാക്കളെ സംരക്ഷിക്കാന്‍ അതീവ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. യൂണിവേഴ്‌സിറ്റി കോളേജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പോലീസ് വേട്ടയെ വിദ്യാര്‍ത്ഥി പക്ഷത്തുനിന്ന് അദ്ദേഹം പ്രതിരോധിച്ചു.
എല്ലാവര്‍ക്കും മാതൃകയായിരുന്നു സഖാവ് കോടിയേരിയുടെ പ്രവര്‍ത്തനങ്ങള്‍. പാര്‍ട്ടിയായിരുന്നു അദ്ദേഹത്തിനെല്ലാം. അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകനും രാഷ്ട്രീയ എതിരാളികളുടെ ശക്തനായ വിമര്‍ശകനുമായിരിക്കുമ്പോഴും എതിര്‍ചേരിയിലുള്ളവരുമായുള്‍പ്പെടെ സൗഹൃദം സൂക്ഷിക്കാന്‍ കോടിയേരിക്ക് കഴിഞ്ഞിരുന്നു. രാഷ്ട്രീയ രംഗത്തും ഭരണരംഗത്തും ഉണ്ടാകുന്ന സമ്മര്‍ദ്ദമേറിയ വിഷയങ്ങളെ പോലും അനായാസമായി പരിഹരിക്കാനുള്ള സിദ്ധി വിവരണാതീതമായിരുന്നു.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, രാജ്യസഭാ എംപി, മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഘട്ടങ്ങളിലെല്ലാം സഖാവ് കോടിയേരി നിര്‍ണായകമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു.
ഏതൊരു വിഷയത്തിലും സൂക്ഷ്മതയോടെയും അവധാനതയോടെയും അഭിപ്രായം പറയാന്‍ കഴിയുന്ന പരിണിത പ്രജ്ഞനായ നേതാവായിരുന്നു സഖാവ് കോടിയേരി. അദ്ദേഹം സംസ്ഥാന സെക്രട്ടറിയായിരിക്കെ പാര്‍ട്ടി കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച കാലത്തെ അനുഭവങ്ങള്‍ നിരവധിയാണ്. ജില്ലാ കമ്മിറ്റി ഏറ്റെടുത്ത നവ പദ്ധതികള്‍ക്കും പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവന്ന പുതിയ ആശയങ്ങള്‍ക്കും എല്ലാവിധ പിന്തുണയും സഹായവും അദ്ദേഹം നല്‍കി.
സഖാവ് കോടിയേരി സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതല ഏറ്റെടുത്ത ഘട്ടത്തിലും പാര്‍ട്ടിയില്‍ വിഭാഗീയതയുടെ അംശങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. പല ജില്ലകളിലുമുള്ള വിഭാഗീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കാനും അദ്ദേഹത്തിനു സാധിച്ചു. പാര്‍ട്ടി വിഭാഗീയതയുടെ കാലഘട്ടത്തില്‍ സഖാക്കളെ നഷ്ടപ്പെടാതെ നോക്കാനും, എന്നാല്‍ വഴിതെറ്റി പോകുന്ന നയങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാനും പാര്‍ട്ടിയെ സജ്ജമാക്കിയത് കോടിയേരിയായിരുന്നു.
തെറ്റായ ആശയങ്ങളില്‍ കുടുങ്ങിപ്പോകുന്ന വിദ്യാര്‍ഥി രംഗത്തെ പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞ് അവരെ ശരിയായ ആശയ വഴികളിലൂടെ നടത്തുന്നതില്‍ അദ്ദേഹം എക്കാലവും ജാഗ്രത പുലര്‍ത്തിയിരുന്നു.
തുടര്‍ച്ചയായ രണ്ടാം എല്‍ഡിഎഫ് ഗവണ്‍മെന്റ് എന്ന നേട്ടത്തില്‍ സംഘടനാപരമായ ഏറ്റവും വലിയ പങ്കുവെച്ചത് സഖാവ് കോടിയേരി ആയിരുന്നു. പാര്‍ട്ടിയെയും മുന്നണിയെയും പ്രശ്‌നങ്ങളേതുമില്ലാതെ ഒന്നിച്ചു കൊണ്ടുപോകാനും, സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്ന് സര്‍വ്വവിധ പിന്തുണ നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയമായ ഉള്‍ക്കാഴ്ചയും കമ്മ്യൂണിസ്റ്റ് നിശ്ചയദാര്‍ഢ്യവും അചഞ്ചലമായ തൊഴിലാളി വര്‍ഗ്ഗ- നിസ്വവര്‍ഗ്ഗബോധവും അദ്ദേഹത്തെ മുന്നോട്ട് നയിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള മനുഷ്യരുമായി ബന്ധം സ്ഥാപിച്ച കമ്മ്യൂണിസ്റ്റ് ആയിരുന്നു അദ്ദേഹം. സമുദായ നേതാക്കന്മാര്‍, സാംസ്‌കാരിക നായകന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും പ്രിയങ്കരനായ സുഹൃത്ത് കൂടിയായിരുന്നു. അഞ്ചു പതിറ്റാണ്ടിലധികം നീളുന്ന പൊതുജീവിതം കഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് വേണ്ടി സമര്‍പ്പിച്ച മാതൃകാ കമ്യൂണിസ്റ്റിനെ ആണ് സഖാവ് കോടിയേരിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്.
അദ്ദേഹത്തിന്റെ ജീവിതവും ഓര്‍മ്മകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും എക്കാലവും വഴിവിളക്കാണ്.
പ്രിയപ്പെട്ട സഖാവ് കോടിയേരിക്ക് അന്ത്യാഭിവാദ്യങ്ങള്‍.
റെഡ് സല്യൂട്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here