Pinarayi Vijayan: വികാരഭരിതമായ വിട പറയല്‍; പ്രിയസഖാവിനെ കാണാനെത്തി മുഖ്യമന്ത്രി

സഖാവ് കോടിയേരിക്ക്(Kodiyeri) രാഷ്ട്രീയ കേരളം വിട പറയുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) തലശ്ശേരിയിലെത്തി(Thalassery) പ്രിയസഖാവിന് അന്ത്യോപചാരമര്‍പ്പിച്ചു. തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനം തുടരുകയാണ്. സിപിഐഎം സംസ്ഥാന നേതാക്കളും അന്ത്യോപചാരമര്‍പ്പിച്ചു. മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ചെങ്കൊടി പുതപ്പിച്ചു. അന്ത്യദര്‍ശനത്തിന് പതിനായിരങ്ങളാണ് എത്തിച്ചേരുന്നത്.

സഖാവ് കോടിയേരി ബാലകൃഷ്ണന്‍ വിട പറഞ്ഞു എന്നു വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പ്രിയസഖാവിന്റെ വിയോഗത്തെത്തുടര്‍ന്ന് പ്രതികരിച്ചത്. തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാര്‍ത്ഥ സഹോദരര്‍ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങള്‍. പാര്‍ട്ടിയെക്കുറിച്ചും പാര്‍ട്ടി നേരിടുന്ന ആക്രമണങ്ങളെ ചെറുക്കേണ്ടതിനെക്കുറിച്ചും പാര്‍ട്ടിയെ സര്‍വ്വവിധത്തിലും ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചും ഒക്കെയുള്ള ചിന്തകള്‍ ആയിരുന്ന അവസാന നാളുകളിലും ബാലകൃഷ്ണനുണ്ടായിരുന്നത്. തനിക്കു ചുമതലകള്‍ പൂര്‍ണ്ണ തോതില്‍ നിര്‍വ്വഹിക്കാനാവില്ല എന്ന് വന്നപ്പോള്‍ പാര്‍ട്ടിക്കു വേണ്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ സ്വയം സന്നദ്ധനായി മുന്നോട്ടു വരിക മാത്രമല്ല, അതിനു നിര്‍ബന്ധം പിടിക്കുക കൂടിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയെ ഇന്നുകാണുന്ന വിധത്തില്‍ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകള്‍ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനുംവേണ്ടി ത്യാഗപൂര്‍വ്വം നല്‍കിയ സഖാവ് കോടിയേരി ബാലകൃഷണന്റെ ഉജ്ജ്വലസ്മരണക്കു മുമ്പില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നുമാണ് വികാരനിര്‍ഭരനായി മുഖ്യമന്ത്രി പറഞ്ഞത്.

തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര കണ്ണൂരില്‍ നിന്ന് ആരംഭിച്ചത്. പതിനാല് കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാന്‍ വിലാപയാത്ര നിര്‍ത്തി. കോടിയേരിയെ അവസാനമായി കാണാന്‍ വന്‍ ജനാവലിയായിരുന്നു റോഡിന് ഇരുവശവും. കോടിയേരിയുടെ നിര്യാണത്തില്‍ ആദരസൂചകമായി തലശ്ശേരി, ധര്‍മ്മടം,കണ്ണൂര്‍ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്തല്‍ പ്രഖ്യാപിച്ചു. വാഹനങ്ങളെയും ഹോട്ടലുകളെയും നാളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.

സംസ്‌ക്കാരം പൂര്‍ണ്ണ ബഹുമതികളോടെ നാളെ വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത് നടക്കും. രാവിലെ 11.22 നാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് കോടിയേരിയുടെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് പുറപ്പെട്ടത്. ഭാര്യ വിനോദിനിയും മകന്‍ ബിനീഷും മരുമകള്‍ റിനീറ്റയും എയര്‍ ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News