കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ തലശ്ശേരി ടൗണ്‍ ഹാള്‍ വരെ വിലാപയാത്ര കടന്നുപോയ വഴികളിലൊക്കെയും ചെങ്കൊടിയേന്തിയും മുദ്രാവാക്യം മുഴക്കിയും കാത്തിരുന്നത് പതിനായിരങ്ങള്‍. പ്രിയപ്പെട്ട നേതാവിന് തലശ്ശേരി വികാരവായ്പ്പോടെ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രിയപ്പെട്ട സഖാവിന്‍റെ മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. ഗേറ്റ് കടന്ന് പിറന്ന മണ്ണിലേക്ക് അവസാനമായി കോടിയേരിയെത്തിയപ്പോള്‍ കണ്ഠമിടറാതെ ആയിരങ്ങള്‍ ഉറക്കെ വിളിച്ചു..ഇല്ല സഖാവ് മരിക്കുന്നില്ല..ജീവിക്കുന്നു ഞങ്ങളിലൂടെ….പിന്നീടങ്ങോട്ട് കോടിയേരിയെ വളര്‍ത്തിയ, കോടിയേരി വളര്‍ത്തിയ തലശ്ശേരിയിലേക്കുള്ള യാത്ര…..ചെങ്കൊടിയേന്തി സമരമുഖങ്ങളില്‍ നടന്ന വഴികളില്‍ കോടിയേരിയുടെ അവസാന യാത്ര… മട്ടന്നൂരിലും നെല്ലുന്നിയിലും ഉരുവച്ചാലിലും നിർവേലിയിലും മൂന്നാം പീടികയിലും റോഡിനിരുവശവും കാത്തിരുന്നവര്‍ മുഷ്ടി ചുരുട്ടി അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. തലമുറ ഭേദമില്ലാതെ പ്രിയസഖാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തൊക്കിലങ്ങാടിയിലും കൂത്തുപറമ്പിലും പൂക്കോടും കോട്ടയം പൊയിലിലും ആയിരങ്ങളെത്തി.
ആറാം മൈലും വേറ്റുമ്മലും കതിരുരും പൊന്ന്യം സ്രാമ്പിയും ചോനാടവും കടന്ന് ടൗൺ ഹാളിലേക്ക് വിലാപയാത്ര എത്തിയപ്പോള്‍ തലശ്ശേരിയുടെ ചുവന്ന മണ്ണില്‍ തളം കെട്ടിയ ദുഖം കോട്ടമതിലും കടന്നെത്തിയ തിരമാലപോലെ മുദ്രാവാക്യം വിളികളായി മാറി. തലശ്ശേരിക്ക് വെറുമൊരാളായിരുന്നയാളല്ല വിട പറയുന്നത്. ആ നാടിന്റെ എല്ലാമായൊരാളാണ്. അണമുറിയാതെ ഒഴുകിയെത്തിയ ആയിരങ്ങള്‍ തന്നെയാണ് കോടിയേരിക്ക് പകരം കോടിയേരി എന്നതിന് സാക്ഷ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here