Kodiyeri: നഷ്ടമായത് പൊലീസ് സേനയെ അടിമുടി മാറ്റിയ ആഭ്യന്തരമന്ത്രിയെ

സഖാവ് കോടിയേരി ബാലകൃഷ്ണന്‍(Kodiyeri Balakrishnan) വിടപറയുന്നതിനൊപ്പം നഷ്ടമാകുന്നത് കേരളം കണ്ട മികച്ച ആഭ്യന്തരമന്ത്രിയെക്കൂടിയാണ്. പൊലീസ്(police) സേനയില്‍ അടിമുടി മാറ്റമുണ്ടാക്കിയ മന്ത്രിയെന്ന നിലയില്‍ക്കൂടിയാകും അദ്ദേഹം മനുഷ്യമനസ്സുകളില്‍ ജീവിക്കുക. വി എസ് സര്‍ക്കാര്‍(V S Govt) അധികാരമേറ്റപ്പോള്‍ ആ മന്ത്രിസഭയില്‍ ആഭ്യന്തരവകുപ്പിനെ നയിക്കാനായിരുന്നു പാര്‍ട്ടി കോടിയേരിയെ നിയോഗിച്ചത്. സമരപോരാട്ടങ്ങളുടെയും നിയമസഭാനുഭവങ്ങളുടെയും കരുത്തുമായാണ് ആഭ്യന്തരവകുപ്പിന്റെ നായകനായത്.

പൊലീസ് നിയമത്തില്‍ സമഗ്രമായ അഴിച്ചുപണികള്‍ നടത്തി പൊലീസ് സേനയുടെ ആത്മാഭിമാനമുയര്‍ത്തിയ മന്ത്രിയായിരുന്നു കോടിയേരി.
ക്രമസമാധാന പാലനത്തില്‍ വിട്ടുവീഴ്ചയില്ലാതെ പൊലീസിനെ ജനകീയമാക്കിയതില്‍ മുഖ്യപങ്കായിരുന്നു ജനമൈത്രി പദ്ധതിക്ക്. ജനങ്ങളെയും പൊലീസിനെയും ഒരുമിച്ച് അണിനിരത്തി നാടിന്റെ നീതിയുറപ്പിക്കാമെന്ന് കേരളത്തെ പഠിപ്പിച്ചത് കോടിയേരിയായിരുന്നു.
പൊലീസില്‍ ആധുനികവല്‍ക്കരണം കൊണ്ടുവന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു. പൊലീസ് സ്റ്റേഷനുകളില്‍ കംപ്യൂട്ടര്‍വല്‍ക്കരണവും ഓണ്‍ലൈന്‍ ഫയല്‍ നീക്കവും ആധുനിക ഉപകരണങ്ങള്‍ നല്‍കിയതുമെല്ലാം കോടിയേരിയെന്ന ആഭ്യന്തരമന്ത്രിയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്ല വാഹനങ്ങളും സ്റ്റേഷനുകളില്‍ പഴയ വാഹനവും എന്നതായിരുന്നു പൊതുശീലം. വേഗത്തിലും സുരക്ഷിതമായും സ്റ്റേഷനിലെ പൊലീസുകാര്‍ സഞ്ചരിക്കേണ്ടതുണ്ടെന്ന് കോടിയേരി പറഞ്ഞു. സ്റ്റേഷനുകളിലേക്ക് പുതിയ വാഹനങ്ങളെത്താന്‍ അധികസമയം വേണ്ടിവന്നില്ല. ബറ്റാലിയന്‍, എ ആര്‍ ക്യാമ്പ്, പൊലീസ് സ്റ്റേഷന്‍ എന്നിങ്ങനെ മൂന്ന് തട്ടിലായിരുന്ന പൊലീസ് സംവിധാനത്തെ രണ്ട് തട്ടിലാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത് കോടിയേരിയായിരുന്നു.

അതിന് ഗുണമുണ്ടായി. ബറ്റാലിയനില്‍നിന്ന് ചെറുപ്പക്കാരായ പൊലീസുകാര്‍ സ്റ്റേഷനുകളിലെത്തി. കേസന്വേഷണത്തിലും ക്രമസമാധാന പരിപാലനത്തിലും ഏറെ നേട്ടമുണ്ടാക്കിയ തീരുമാനമായിരുന്നു അത്. ഉദ്യോഗസ്ഥരുടെ പരിശീലന കാലയളവ് സര്‍വീസായി പരിഗണിക്കാന്‍ തീരുമാനിച്ചത് പൊലീസ് സേനയോട് ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അദ്ദേഹം കാണിച്ച കരുതലായി ഇന്നും പൊലീസുകാര്‍ ഓര്‍ക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News