
അമ്പതിലേറെ വര്‍ഷത്തെ സഹോദര തുല്യമായ ഏറ്റവും അടുത്ത സൗഹൃദമാണ് കോടിയേരിയുമായുള്ളതെന്ന്(Kodiyeri) ഇ പി ജയരാജന്‍(E P Jayarajan). ഏറെ വേദനയോടെയാണ് അദ്ദേഹത്തിന്റെ വേര്‍പാട് ഉള്‍ക്കൊള്ളുന്നതെന്നും പാര്‍ട്ടിപരമായും വ്യക്തിപരമായും ഏറ്റവും അടുത്ത ഒരാളെയാണ് കോടിയേരിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നതെന്നും ഇ പി പറഞ്ഞു. പാര്‍ട്ടിക്കും പാര്‍ട്ടിയുടെ ഉയര്‍ച്ചയ്ക്കും വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു കോടിയേരി. പാര്‍ട്ടിയായി വളര്‍ന്ന് പാര്‍ട്ടിയായ ജീവിച്ച സഖാവ് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി എന്നും ശബ്ദമുയര്‍ത്തിയെന്നും ഇ പി ഫെയ്‌സ്ബുക്കില്‍(Facebook) കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം ഏറെ വേദനയോടെയാണ് ഉള്‍ക്കൊള്ളുന്നത്. അമ്പതിലേറെ വര്‍ഷത്തെ സഹോദര തുല്യമായ ഏറ്റവും അടുത്ത സൗഹൃദമാണ് കോടിയേരിയുമായുള്ളത്. വിദ്യാര്‍ത്ഥി യുവജന രംഗത്തെ പ്രവര്‍ത്തനങ്ങളിലെല്ലാം ഒരുമിച്ചു നീങ്ങിയവരാണ് ഞങ്ങള്‍. അദ്ദേഹത്തിന്റെ കുടുംബവുമായും വളരെ അടുത്ത ബന്ധമാണുള്ളത്. പാര്‍ട്ടിപരമായും വ്യക്തിപരമായും ഏറ്റവും അടുത്ത ഒരാളെയാണ് കോടിയേരിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. വളരെ വേദന നിറഞ്ഞ നിമിഷങ്ങളാണിത്. സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മകളാണ് മനസ്സില്‍ നിറയുന്നത്. സമരപോരാട്ടങ്ങളിലെല്ലാം എല്ലാകാലവും ഒരുമിച്ചായിരുന്നു.
പാര്‍ട്ടിക്കും പാര്‍ട്ടിയുടെ ഉയര്‍ച്ചയ്ക്കും വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു കോടിയേരി. തന്റെ വ്യക്തി ജീവിതത്തെക്കാള്‍ ഏറെ അദ്ദേഹം പാര്‍ട്ടിയെ സ്നേഹിച്ചു. ഒരോ ചുവടുവെയ്പ്പിലും ആ സൂക്ഷ്മതയുണ്ടായിരുന്നു. ഒരോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എന്നും വഴികാട്ടിയായി മുന്നില്‍ നിന്നു. രോഗശയ്യയിലും സംസാരിച്ചത് പാര്‍ട്ടിയെ കുറിച്ചായിരുന്നു. ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചായിരുന്നു. രോഗം മൂര്‍ച്ഛിച്ചപ്പോഴും അദ്ദേഹം കാണിച്ച മനസ്സാന്നിദ്ധ്യം ഏവര്‍ക്കും മാതൃകയാണ്. പാര്‍ട്ടി പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്തതായിരുന്നു അത്. ശാരീരിക ബുദ്ധിമുട്ടുകളെല്ലാം ആ മനസ്സാന്നിദ്ധ്യത്തിന് മുന്നില്‍ മാറിനിന്നു. പാര്‍ട്ടിയായി വളര്‍ന്ന് പാര്‍ട്ടിയായ ജീവിച്ച സഖാവ് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി എന്നും ശ്ബ്ദമുയര്‍ത്തി.
അടിയന്തരാവസ്ഥ കാലത്ത് മിസ തടവുകാരനായി ജയിലില്‍ കഴിഞ്ഞു. അന്നത്തെ കിരാത നാളുകളില്‍ പോലീസിന്റെ ക്രൂര മര്‍ദ്ധനത്തിന് ഇരയായി. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അതിജീവിക്കാനുള്ള കരുത്ത് പകര്‍ന്നു. ശക്തവും കണിശവുമായി പാര്‍ട്ടി നിലപാടുകള്‍ വ്യക്തതയോടെ സഖാവ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഏത് പ്രതിസന്ധിയിലും മുന്നില്‍ നിന്ന് നയിച്ചു. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല കോടിയേരിയുടെ കര്‍മ്മധീരത. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലും അത് പ്രതിഫലിച്ചു. തലശ്ശേരി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ സഖാവ് ഭരണരംഗത്ത് അസാമാന്യ വൈഭവം കാഴ്ചവെച്ചു.
വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പിനെ നയിക്കാന്‍ പാര്‍ടി അദ്ദേഹത്തെ നിയോഗിച്ചു. സമരപോരാട്ടങ്ങളുടെ തീക്ഷ്ണമായ അനുഭവസമ്പത്തുമായി അദ്ദേഹം പോലീസ് സേനയെ നയിച്ചു. ക്രമസമാധാന പാലനത്തില്‍ വിട്ടുവീഴ്ചയില്ലാതെ പൊലീസിനെ ജനകീയമാക്കി. പോലീസ് നിയമത്തില്‍ സമഗ്രമായ അഴിച്ചുപണി നടത്തി. താഴേ തട്ടുമുതലുള്ള സേനയിലെ ഒരോ അംഗത്തിനും പരിഗണന ലഭിച്ചു. പോലീസും ജനങ്ങളും തമ്മിലുള്ള അകലം കുറച്ച് സേനയെ ജനസൗഹൃദമാക്കിയത് കോടിയേരിയുടെ ഭരണവൈദഗ്ദ്യത്തിന് തെളിവാണ്. കരുത്തും ആവേശവുമായിരുന്ന പ്രിയ സഖാവാണ് വിടവാങ്ങുന്നത്. മനുഷ്യ വിമോചന പോരാട്ടങ്ങളില്‍ ഉറച്ച ശബ്ദമായി സഖാവിന്റെ ഓര്‍മ്മകള്‍ എന്നും ജ്വലിച്ചു നില്‍ക്കും. ആ ഓര്‍മ്മകളെ കരുത്താക്കി ഒരോ സഖാവും മുന്നേറും. ലാല്‍സലാം പ്രിയ സഖാവേ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here