36-ാം വയസ്സിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായ ബാലകൃഷ്ണൻ

പദവികൾ എന്നും കോടിയേരി ബാലകൃഷ്ണനെ നേരത്തേ തേടിയെത്തി. അല്ലെങ്കിൽ സംഘടനാപരമായ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം പാർട്ടി നേരത്തേ തിരിച്ചറിഞ്ഞു. ആ ആരോഹണത്തിനിടയിൽ ഒരു കൗതുകവും ഉണ്ട്. ഡിവൈഎഫ്ഐയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ദിവസമായിരുന്നു കോടിയേരിയും വിനോദിനിയുമായുള്ള വിവാഹം. അന്ന് കല്യാണം കഴിഞ്ഞ് വധുവിനെ വീട്ടിലെത്തിച്ചശേഷം നേരെ ഡിവൈഎഫ്ഐ സമ്മേളനവേദിയിലേക്ക് അദ്ദേഹം പോയി. തിരിച്ചെത്തിയതു പിറ്റേന്ന് പുലർച്ചയോടെയാണെന്നും വരാൻ പോകുന്ന തിരക്കിന്റെ ദിനങ്ങൾ എങ്ങനെ ആയിരിക്കുമെന്ന വ്യക്തമായ സൂചന ആ ദിവസം തന്നെ നൽകിയെന്നും വിനോദിനി പറഞ്ഞിട്ടുണ്ട്.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആകുമ്പോൾ കോടിയേരിക്ക് പ്രായം 42 മാത്രം. പാർട്ടിയുടെ സംസ്ഥാനത്തെ ഉന്നത നേതൃനിരയിലേക്ക് ആ പ്രായത്തിൽ കടന്നുവന്നവർ വിരലിലെണ്ണാവുന്നവരാണ്. 49–ാമത്തെ വയസ്സിൽ കോടിയേരി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമായി. 55–ാം വയസ്സിൽ ഇന്ത്യയിലെ തന്നെ നേതൃഘടകമായ പൊളിറ്റ് ബ്യൂറോയിലും. 2015 ൽ നടന്ന ആലപ്പുഴ സമ്മേളനത്തിൽ, 62–ാമത്തെ വയസ്സിൽ സംസ്ഥാന സെക്രട്ടറിയായി. പിന്നീട് തൃശൂർ, എറണാകുളം സമ്മേളനങ്ങളിൽ വീണ്ടും സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു.

സിപിഐഎം അംഗം ആകുന്നതിന് 18 വയസ്സ് വേണമെങ്കിലും 16–ാം വയസ്സിൽ തന്നെ പാർട്ടി അംഗമായ ചരിത്രവും കോടിയേരിക്ക് ഉണ്ട്. പ്രായം അൽപം ‘മറച്ചുപിടിച്ചാണ്’ അതു ചെയ്തതെന്ന് കോടിയേരി തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. കോളജ് പഠനകാലത്തു തന്നെ ബ്രാഞ്ച്, ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പാർട്ടിയുടെ ഏറ്റവും താഴെത്തട്ടിലെ ഭാരവാഹിത്വം വഹിച്ച് പടിപടിയായി ഉന്നത നേതൃനിരയിൽ എത്തിയ പാരമ്പര്യമാണ് അദ്ദേഹത്തിന്റേത്. അതിനാൽ സാധാരണ പ്രവർത്തകരുടെ മനസ്സും കോടിയേരിക്ക് അറിയാമായിരുന്നു.

ഇരുപതാമത്തെ വയസ്സിൽ എസ്എഫ്ഐയുടെ അമരത്ത് എത്തി 7 വർഷം സംഘടനയെ നയിച്ചു. 36–ാമത്തെ വയസ്സിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ ചരിത്രവും മറ്റാർക്കും അവകാശപ്പെടാൻ കഴിയില്ല. പ്രായത്തിൽ കവി‍ഞ്ഞ പക്വതയും സംഘടനാപരമായ മികവും പ്രശ്നങ്ങളെ പാർട്ടിയുടെ പക്ഷത്തുനിന്നു പരിഹരിക്കാൻ നടത്തിയ ശ്രമങ്ങളുമാണ് കൂടുതൽ ഉയരങ്ങളിലേക്കു കോടിയേരിയെ എത്തിച്ചത്.

സംഘടനാ പ്രാവീണ്യത്തിനപ്പുറം പാർട്ടിക്ക് പുറത്തും അകത്തുമുള്ള നേതാക്കൾക്കും അണികൾക്കുമിടയിൽ അസാധാരണ സ്വീകാര്യതയുള്ള നേതാവായിരുന്നു കോടിയേരി. ആരെയും പിണക്കാതെ മുന്നോട്ടുപോകാൻ ശ്രമിക്കുന്ന, സൗമ്യനായ, അതേസമയം നിലപാടുകളിൽ കാർക്കശ്യമുള്ള വ്യക്തിത്വത്തിനുടമ, അതാണ് കോടിയേരി ബാലകൃഷ്‌ണന്‍.

വിപ്ലവങ്ങളാൽ ചുവന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിരിക്കുന്ന മുഖം, അതായിരുന്നു കോടിയേരിക്കാരൻ ബാലകൃഷ്‌ണൻ. കമ്മ്യൂണിസ്റ്റ് താൽപര്യമില്ലാത്ത, കോൺഗ്രസ് അനുഭാവി കുടുംബത്തിൽ നിന്നെത്തിയ അവിചാരിത കമ്മ്യൂണിസ്റ്റുകാരൻ. ആരെയും പിണക്കാതെ മുന്നോട്ടുപോകാൻ ശ്രമിക്കുന്ന, സൗമ്യനായ, അതേസമയം നിലപാടുകളിൽ കാർക്കശ്യമുള്ള വ്യക്തിത്വത്തിനുടമ.

വലിയ ആഴങ്ങളിലേക്ക് നടന്ന വഴികളിലൊക്കെ വേരാഴ്ത്തിയാണ് കൊടിയേരി ജീവിച്ചത്.ഹൃദയം കൊണ്ട് പലതും ചെയ്ത് തീർത്തൊരാൾ. നിങ്ങളുടെ ഓർമ്മകൾ അത്ര ചെറിയ കാലം കൊണ്ടൊന്നും മായില്ല, മലയാളിയുടെ രാഷ്ട്രീയ മനസ്സിൽ തലമുറകൾ കഴിഞ്ഞാലും അണയാതെ നിൽക്കും കൊടിയേരി എന്ന കൊച്ചു ഗ്രാമത്തെ പേരിനൊപ്പം കൂട്ടി വലിയ വലുപ്പങ്ങളിലെത്തിച്ച വലിയ നേതാവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News