K K Rama: അവസാനമായി ഒരു നോക്ക്; കോടിയേരിയെ കാണാന്‍ കെ.കെ രമയെത്തി

വിട പറഞ്ഞ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) ഭൗതീകശരീരം കാണാന്‍ ആര്‍.എം.പി നേതാവും എം.എല്‍.എയുമായ കെ.കെ രമ(K K Rama) തലശേരിയിലെത്തി(Thalassery). മുന്‍മന്ത്രി കെ.കെ. ശൈലജ ഉള്‍പ്പടെയുള്ള സിപിഐഎം(CPIM) നേതാക്കളോട് സംസാരിച്ച ശേഷമാണ് രമ മടങ്ങിയത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ നേരിട്ടെത്തിയാണ് കോടിയേരിക്ക് റീത്ത് സമര്‍പ്പിച്ചത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് യാത്ര പറഞ്ഞ ശേഷമാണ് കെ. സുധാകരന്‍ മടങ്ങിയത്.

ഭൗതീകശരീരം തലശേരി ടൗണ്‍ ഹാളില്‍ എത്തിച്ചപ്പോള്‍ വികാര നിര്‍ഭരമായ നിമിഷത്തിനാണ് ടൗണ്‍ ഹാള്‍ സാക്ഷ്യം വഹിച്ചത്. മൃതദേഹം ടൗണ്‍ ഹാളില്‍ എത്തിച്ചതിന് പിന്നാലെയാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ടൗണ്‍ ഹാളില്‍ എത്തിയത്. എന്നാല്‍ കോടിയേരിയെ കണ്ട മാത്രയില്‍ തന്നെ സങ്കടം അടക്കിപ്പിടിക്കാനാകാതെ ഭാര്യ പൊട്ടിക്കരഞ്ഞു. എന്റെ പൊന്ന് ബാലേട്ടാ, എന്നെ ഒന്ന് നോക്കു എന്ന് ഉറക്കെ വിനോദിനി നിലവിളച്ചപ്പോള്‍ സഖാക്കളുടെയും സഹപ്രവര്‍ത്തകരുടെയുമെല്ലാം കണ്ണുകള്‍ നിറഞ്ഞൊഴുകി. ആര്‍ത്തു വിളിച്ച മുദ്രവാക്യങ്ങളുടെ ശബ്ദം പോലും ഇടറി. അമ്മയെ മകന്‍ ബിനീഷ് കോടിയേരി ചേര്‍ത്തു പിടിച്ചെങ്കിലും വിഷമം താങ്ങാനാകാതെ വിനോദിനി തളര്‍ന്നു വീണു. തുടര്‍ന്ന് മകനും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് വിനോദിനിയെ അവിടെ നിന്നും മാറ്റുകയായിരുന്നു.

ഉച്ചയ്ക്ക് 12.54 ഓട് കൂടിയാണ് കോടിയേരിയുടെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ നിന്ന് കണ്ണൂരിലെത്തിയത്. കോടിയേരിയുടെ ഭാര്യ വിനോദിനി മകന്‍ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. വിമാനത്താവളത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍മൃതദേഹം ഏറ്റുവാങ്ങി. തലശേരിയിലേക്കുള്ള വിലാപ യാത്രയില്‍ ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തി. തുടര്‍ന്ന് 3.15ഓടെ മൃതദേഹം തലശേരി ടൗണ്‍ഹാളില്‍ എത്തിക്കുകയായിരുന്നു. രാത്രി പത്ത് വരെ തലശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തലശേരി ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം തിങ്കളാഴ്ച രാവിലെ 10നു കോടിയേരിയിലെ വീട്ടില്‍ എത്തിക്കും.

തിങ്കളാഴ്ച രാവിലെ 11 മുതല്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ശേഷം വൈകിട്ട് 3നു കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്‌കരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here