കോടിയേരിക്ക് കേരളത്തിന്‍റെ കണ്ണീരഭിവാദ്യം | Kodiyeri Balakrishnan

കണ്ണീരണിഞ്ഞ് കേരളം.പ്രിയസഖാവിന് രാഷ്ട്രീയ കേരളം അന്ത്യാഭിവാദ്യം അർപ്പിക്കുകയാണ് .കണ്ണൂരിൻറെ ത്രസിപ്പിക്കുന്ന രാഷ്ട്രീയ ഭൂമികയിൽ നിന്ന് കേരളത്തിന്‍റെ നേതാവായി മാറിയ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാൻ പതിനായിരങ്ങളാണ് തലശേരിയിലേക്ക് ഒ‍ഴുകിയെത്തുന്നത്.

മുഷ്ടി ചുരട്ടി ഉറക്കെ വിളിക്കുന്ന മുദ്രാവാക്യങ്ങൾക്ക് നടുവിൽ കണ്ണീരഭിവാദ്യങ്ങളുടെ ഇടയിലൂടെ പ്രിയ സഖാവ് അന്ത്യയാത്ര പോവുകയാണ് . ചരിത്രമുറങ്ങുന്ന പയ്യാമ്പലത്തിന്‍റെ മണ്ണിൽ അസ്തമയ സൂര്യനെ സാക്ഷിയാക്കി വൈകിട്ട് മൂന്ന് മണിക്ക് മറ്റൊരു സൂര്യനായ് കോടിയേരി എരിഞ്ഞടങ്ങും.

ഇനി മറക്കാത്ത ഓർമ്മകളിലേക്ക് .രാവിലെ 10 മണി വരെ വീട്ടിൽ പൊതു ദർശനം. പിന്നീട് എന്നും പ്രിയപ്പെട്ട ഇടമായ പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും.

എല്ലാ വഴികളും ടൗൺഹാളിൽ അവസാനിക്കുമ്പോഴും വേർപാടിന്റെ വേദന മറികടക്കാൻ വഴിയറിയാതെ വിതുമ്പുകയായിരുന്നു തലശേരി.ഒഴുകിയെത്തിയ പതിനായിരങ്ങളുടെ ശ്വാസ നിശ്വാസങ്ങളിൽ, അവരുടെ നെടുവീർപ്പുകളിൽ സമയസൂചികൾ ഒരു നിമിഷം നിശ്‌ചലമായി. തലശേരിയുടെ പ്രിയപുത്രന്‌, കേരളത്തിന്റെ ജനനായകന്‌ അന്ത്യാഭിവാദ്യമർപ്പിക്കാൻ രാഷ്ട്രീയ കേരളമാകെ ഒഴുകിയെത്തി.

കോടിയേരി പേരെടുത്തു വിളിച്ചവർ, കൂട്ടുകാരനോടെന്നപോലെ, സഹോദരനോടെന്നപോലെ ചേർന്നുനിന്നവർ.അവരുടെ കണ്ണീരും വിതുമ്പലും ടൗൺഹാളിൽ പടർന്നു.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒഴുക്ക്‌ തുടരുകയാണ്‌.

ഇന്ന് ജനലക്ഷങ്ങളെ സാക്ഷിനിർത്തി പയ്യാമ്പലത്തെ മണൽത്തരികൾ ആ പോർവീര്യം ഏറ്റുവാങ്ങും. പോരാളികളുടെ കനലേടുകളിൽ പേരുകുറിച്ച് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ എരിഞ്ഞടങ്ങുമ്പോൾ കാലം ഹൃദയാഭിവാദ്യമേകും.അർബുദത്തെ തുടർന്ന് ശനിയാ‍ഴ്ച രാത്രി ചെന്നൈ അപ്പോളോ ആശുപത്രിയിൽ അന്തരിച്ച കോടിയേരിയുടെ മൃതദേഹം ഇന്നലെ പകൽ പന്ത്രണ്ടരയോടെയാണ് ചെ ന്നൈയിൽനിന്ന് എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചത്.

അവിടെ ജനാവലി മുദ്രാവാക്യം വിളികളോടെ ഏറ്റുവാങ്ങി. ഭാര്യ വിനോദിനി, മകൻ ബിനീഷ്, മരുമകൾ റിനീറ്റ എന്നിവരും എയർ ആംബുലൻസിൽ ഒപ്പം ഉണ്ടായിരുന്നു.

പ്രിയ നേതാവ് നടന്നുമുന്നേറിയ വഴികളിലാകെ ചുവന്ന പൂക്കൾ വിതറി സഖാക്കൾ അന്ത്യദർശനത്തിനായി കാത്തിരുന്നു. വാഹനത്തിൽ വിലാപയാത്രയായി തലശേരിയിലേക്ക്‌ കൊണ്ടുവന്ന മൃതദേഹത്തിൽ മട്ടന്നൂരിലും കൂത്തുപറമ്പിലും കതിരൂരിലുമടക്കം പതിനാല്‌ കേന്ദ്രത്തിൽ ജനാവലി ആദരാഞ്‌ജലി അർപ്പിച്ചു. ജീവിക്കുന്ന രക്തസാക്ഷി പുഷ്‌പൻ സ്‌ട്രെച്ചറിൽ തലശേരിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

പകൽ മൂന്നോടെ തലശേരി ടൗൺ ഹാളിലെത്തിച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം പിബി അംഗം എം എ ബേബി, മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ള തുടങ്ങിയവർ ചേർന്ന് രക്തപതാക പുതപ്പിച്ചു.

പിബി അംഗം എ വിജയരാഘവൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, ഡോ. തോമസ് ഐസക്, എ കെ ബാലൻ, കെ രാധാകൃഷ്ണൻ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു.

ടൗൺ ഹാൾ മുറ്റത്ത് ഐജി ടി വിക്രമിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. രാത്രിയോടെ കോടിയേരി ഈങ്ങയിൽപീടികയിലെ വീട്ടിലേക്ക് മൃതദേഹം മാറ്റി.

രാവിലെ 10 വരെ വീട്ടിലും 11 മുതൽ രണ്ടുവരെ സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും പൊതു ദർശനമുണ്ടാകും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട് എന്നിവർ പങ്കെടുക്കും. മൂന്നിന് പയ്യാമ്പലത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News