കണ്ണൂരിലെ മൂന്നുമണ്ഡലങ്ങളിലും മാഹിയിലും ഇന്ന് ഹർത്താൽ | Kannur

സിപിഐഎം പൊളിറ്റ്‌ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ അനുശോചിച്ച്‌ ഇന്ന് തലശേരി, മാഹി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താലാചരിക്കുന്നു.

ഹോട്ടൽ, ചായക്കട, മരുന്നുഷോപ്പ്‌, വാഹനങ്ങൾ എന്നിവയെ ഹർത്താലിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്.

ജനമനസ്സിലെ സൗമ്യസാന്നിധ്യം ; വായനയുടെ കരുത്തിൽ 
വളർന്ന നേതാവ്

അഞ്ചരപ്പതിറ്റാണ്ടിലേറെ നീണ്ട പൊതുപ്രവർത്തനത്തിൽ കോടിയേരി ജനക്കൂട്ടത്തിൽനിന്ന്‌ വിട്ടുനിന്നത്‌ ചെറിയൊരു കാലയളവുമാത്രം.രോഗപീഡകൾ കാരണം ആശുപത്രിയിലായിരിക്കുമ്പോഴല്ലാതെ പാർട്ടി പ്രവർത്തനങ്ങളിൽനിന്ന്‌ വിട്ടുനിന്നിട്ടില്ല.

അർബുദരോഗ ചികിത്സയ്‌ക്കായി ഒരു വർഷം സെക്രട്ടറിസ്ഥാനത്തുനിന്ന്‌ അവധിയെടുത്തപ്പോഴും അതിന്‌ മാറ്റമുണ്ടായില്ല. എൽഡിഎഫ്‌ തുടർഭരണം നേടിയ ചരിത്രപോരാട്ടത്തിൽ പാർട്ടിയെയും മുന്നണിയെയും ഒറ്റച്ചരടിൽ കോർത്ത്‌ മുന്നോട്ട്‌ നയിച്ചത്‌ അസാമാന്യ സംഘടനാമികവിന്റെ തെളിവാണ്‌.

രോഗം മൂർച്ഛിച്ച ഘട്ടങ്ങളിലും അവശത മറന്ന്‌ പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുകയും തീരുമാനങ്ങൾ വാർത്താസമ്മേളനങ്ങളിൽ വിശദീകരിക്കുകയും ചെയ്‌ത കോടിയേരി ഏവരുടെയും മനം കവർന്നു. കമ്യൂണിസ്റ്റുകാരന്റെ ദൃഢനിശ്ചയവും നേതൃപാടവവും കണിശതയും കാത്തുസൂക്ഷിച്ചപ്പോഴും സൗമ്യമായ ഇടപെടലിലൂടെ ഏവർക്കും പ്രിയങ്കരനായി.

ചരിത്രം കുറിച്ച എൽഡിഎഫ്‌ തുടർഭരണത്തിനു പിന്നിൽ അദ്ദേഹത്തിന്റെ വിശ്രമരഹിതമായ പ്രയത്നമുണ്ടായിരുന്നു. സർക്കാരിനെയും പാർട്ടിയെയും മുന്നണിയെയും ഒറ്റക്കെട്ടായി നിർത്തി ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാൻ നേതൃത്വം നൽകി.

ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അവഗണിച്ച്‌ പാർട്ടി കാര്യങ്ങൾക്ക്‌ മുൻഗണന നൽകി. അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച്‌ എതിരാളികൾ വേട്ടയാടിയപ്പോഴെല്ലാം ചിരിച്ച മുഖത്തോടെ നേരിട്ടു. മാധ്യമങ്ങളോട്‌ രാഷ്‌ട്രീയ വ്യക്തതയോടെ പ്രതികരിച്ചു. വ്യക്തിപരമായി ആക്രമിക്കുന്ന ചോദ്യങ്ങൾക്കും സംയമനത്തോടെ കുറിക്കുകൊള്ളുന്ന മറുപടി നൽകി.

സംഘടനാരംഗത്തും പാർലമെന്ററിരംഗത്തും ഒരുപോലെ ശോഭിച്ച അദ്ദേഹത്തിന്റെ ആഭിമുഖ്യം എന്നും ജനങ്ങളോടും പാർട്ടിയോടുമായിരുന്നു. ലളിതവും സരസവുമായ ഭാഷയിൽ സംസാരിച്ച അദ്ദേഹം ജനലക്ഷങ്ങളെ കൈയിലെടുത്തു.

ഉജ്വലമായ പ്രസംഗങ്ങളിലൂടെ നിയമസഭാ ചരിത്രത്തിലും സവിശേഷ ഇടംനേടി. എംഎൽഎയായപ്പോഴും മന്ത്രിയായപ്പോഴും സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ മുൻഗണന നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News