രണ്ടാം 20 ട്വന്റിയിൽ ഇന്ത്യക്ക് 16 റൺ ജയം | India vs South Africa

തകർപ്പൻ സെഞ്ചുറിയുമായി ഡേവിഡ് മില്ലർ മിന്നിയിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യൻ റൺമല കടക്കാനായില്ല. ആവേശകരമായ രണ്ടാം ട്വന്റി 20യിൽ 16 റണ്ണിനാണ് ഇന്ത്യൻ ജയം.

മൂന്നു മത്സര പരമ്പര 2–0ന് സ്വന്തമാക്കി. സ്കോർ: ഇന്ത്യ 3–237, ദക്ഷിണാഫ്രിക്ക 3–221.

ബാറ്റെടുത്തവരെല്ലാം തിളങ്ങിയ മത്സരത്തിൽ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തിൽ ഇന്ത്യ അടിച്ചെടുത്തത്‌ 237 റൺ. 22 പന്തിൽ 61 റണ്ണുമായി സൂര്യകുമാർ പട നയിച്ചപ്പോൾ ലോകേഷ്‌ രാഹുലും (28 പന്തിൽ 57) വിരാട്‌ കോഹ്‌ലിയും (28 പന്തിൽ 49*) മോശമാക്കിയില്ല. ക്യാപ്‌റ്റൻ രോഹിത്‌ ശർമ 37 പന്തിൽ 43 റണ്ണുമെടുത്തു.

അവസാന 10 ഓവറിൽ 141 റണ്ണാണ്‌ ഇന്ത്യ നേടിയത്‌.മറുപടിക്കെത്തിയ ദക്ഷിണാഫ്ര-ിക്ക 3–221 റണ്ണടിച്ചു. മില്ലർ 47 പന്തിൽ 106 റണ്ണുമായി പുറത്താകാതെനിന്നു. ഏഴ് സിക്സർ, എട്ട് ഫോർ. ക്വിന്റൺ ഡി കോക്ക് 48 പന്തിൽ 69 റണ്ണെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രാഹുലും രോഹിതും മിന്നി. രാഹുലായിരുന്നു ആക്രമണം ഏറ്റെടുത്തത്‌. ആദ്യ വിക്കറ്റിൽ ഇരുവരും 96 റൺ ചേർത്തു. രോഹിതായിരുന്നു ആദ്യം മടങ്ങിയത്‌. കേശവ്‌ മഹാരാജിനാണ്‌ വിക്കറ്റ്‌.

ഒരു സിക്‌സറും ഏഴ്‌ ബൗണ്ടറിയും ക്യാപ്‌റ്റൻ നേടി. തൊട്ടുപിന്നാലെ രാഹുലിനെയും മഹാരാജ്‌ പുറത്താക്കി. നാല്‌ സിക്‌സറും അഞ്ച്‌ ഫോറും നേടിയിരുന്നു ഇന്ത്യൻ വൈസ്‌ ക്യാപ്‌റ്റൻ.

ഇരുവർക്കും പിന്നാലെ ഒത്തുചേർന്ന സൂര്യകുമാറും കോഹ്‌ലിയും തിരിഞ്ഞുനോക്കിയില്ല. വെടിക്കെട്ട്‌ ബാറ്റിങ്‌. സൂര്യകുമാർ ക്രീസിൽ നിറഞ്ഞാടി. ആധികാരികമായ കളിയിൽ അഞ്ചുവീതം സിക്‌സറും ഫോറും നിറഞ്ഞു. 18 പന്തിലായിരുന്നു അരസെഞ്ചുറി തികച്ചത്‌.

ട്വന്റി 20യിൽ 1000 റൺ തികയ്ക്കുന്ന ഏറ്റവും വേഗതയേറിയ ബാറ്ററുമായി. 33 മത്സരത്തിൽനിന്നായി ആകെ 573 പന്തുകളിൽ നിന്നാണ്‌ നേട്ടം.ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ്‌വെല്ലാണ്‌ (604 പന്തുകൾ) രണ്ടാമത്‌. ഇല്ലാത്ത റണ്ണിനായി ശ്രമിച്ച്‌ 19–-ാംഓവറിലാണ്‌ സൂര്യകുമാർ പുറത്തായത്‌. ഒരു സിക്‌സറും ഏഴ്‌ ഫോറുമായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സിൽ. ദിനേശ്‌ കാർത്തിക്‌ ഏഴ്‌ പന്തിൽ 17 റണ്ണുമായി പുറത്താകാതെനിന്നു.

മൈതാനത്ത്‌ പാമ്പിനെ കണ്ടെത്തിയതിനാൽ ഇന്ത്യൻ ഇന്നിങ്‌സിനിടെ കളി അൽപ്പം വൈകി. പിന്നാലെ ഒരു ഫ്ലഡ്‌ലിറ്റ്‌ അണഞ്ഞതിനെത്തുടർന്നും മത്സരം കുറച്ചുസമയം നിർത്തിവച്ചു. നാളെ ഇൻഡോറിലാണ് അവസാന കളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News