കണ്ണൂരിന്‍റെ ചെന്താരകം അ‍ഴീക്കോടന്‍ മന്ദിരത്തില്‍ | Kodiyeri Balakrishnan

ഏറെ കാലം തന്റെ പ്രവർത്തന തട്ടകമായ അഴിക്കോടൻ മന്ദിരത്തിലേക്ക് അന്ത്യയാത്രക്കായി കോടിയേരിയെത്തി. അനേകായിരങ്ങൾ സാക്ഷിനിൽക്കേ വീട്ടുകാരും ബന്ധുക്കളും പ്രിയ കുടുംബനാഥന് കോടിയേരിയിലെ വീട്ടിൽനിന്നും യാത്രമൊഴിയേകി.

അടക്കിപിടിച്ച വിതുമ്പലും കണ്ണീരും ദുഖ:സാന്ദ്രമാക്കിയ വീട്ടിൽനിന്നും കോടിയേരിയുടെ മൃതദേഹം വിലാപയാത്രയായി സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെത്തിച്ചു.

ചെറുപ്രായത്തിൽ തന്നെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പാർട്ടിക്കും അണികൾക്കും പ്രചോദനമായ കോടിയേരിയെ ഒരു നോക്കുകാണാൻ അഴീക്കോടൻ മന്ദിരത്തിൽ കാത്തുനിന്നവർ മുദ്രാവാക്യം വിളികളോടെ അദ്ദേഹത്തെ ഏറ്റുവാങ്ങി.

കോടിയേരി ബാലകൃഷ്‌ണന്റെ വിയോഗ വാർത്ത അറിഞ്ഞതു മുതൽ ആരംഭിച്ച ജനങ്ങളുടെ ഒഴുക്ക്‌ കോടിയേരിയുടെ വീട്ടിലും തുടർന്നു. വീട്ടിലെ പൊതുദർശനത്തിന് ശേഷം രാവിലെയാണ് അഴിക്കോടൻ മന്ദിരത്തിലേക്ക് കൊണ്ടുപോയത്.

2 മണി വരെ കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിന് വെയ്ക്കും.മുഷ്ടി ചുരുട്ടി ഉറക്കെ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ക്ക് നടുവില്‍ കണ്ണീരഭിവാദ്യങ്ങളുടെ ഇടയിലൂടെ പ്രിയ സഖാവ് അന്ത്യയാത്ര പോവുകയാണ്. അതിരുകൾ മായ്‌ക്കുന്ന സ്‌നേഹ സൗഹൃദത്തിന്റെ പൂമരമായിരുന്ന കോടിയേരി ഒരു നോക്കുകാണാൻ എത്തിയവരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരുണ്ട്‌.

പകൽ 3ന്‌ മഹാരഥന്മാർ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടൽത്തീരത്ത്‌ പ്രിയനേതാവ് എരിഞ്ഞടങ്ങും. കേരളത്തിന്റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക്‌ നടുവിലായാണ്‌ കോടിയേരിക്ക്‌ ചിതയൊരുക്കുക. ഇരുവരും പാർട്ടി സംസ്ഥാന സെക്രട്ടറിമാരായിരുന്നു. ഇവിടെ കോടിയേരിക്കായി സ്‌മൃതിമണ്ഡപവും പണിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News