താക്കറെ പക്ഷത്ത് നിന്ന് ആയിരങ്ങൾ ഷിൻഡെ പക്ഷത്തേക്ക് കൂറുമാറി | Maharashtra

ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനും യുവസേന നേതാവുമായ ആദിത്യ താക്കറെയുടെ നിയമസഭാ മണ്ഡലമായ വർളിയിൽ നിന്ന് കഴിഞ്ഞ ദിവസം രണ്ടായിരത്തിലേറെ സേന പ്രവർത്തകർ വിമതപക്ഷത്തേക്ക് മാറി. എന്നാൽ നാലായിരത്തിലധികം ശിവസേന പ്രവർത്തകരാണ് ഉദ്ധവിനെ കൈവിട്ട് തങ്ങളുടെ പക്ഷത്തേക്ക് എത്തിയതെന്നാണ് ഷിൻഡെ വിഭാഗം നേതാക്കൾ അവകാശപ്പെടുന്നത്.

സംസ്ഥാനത്ത് ശിവസേനയുടെ അവകാശവാദത്തെ ചൊല്ലിയുള്ള തർക്കം തീരുമാനമാകാതെ തുടരുമ്പോഴാണ് പുതിയ നീക്കം താക്കറെ പക്ഷത്തിന് വലിയ തിരിച്ചടിയാകുന്നത്. യഥാർഥ ശിവസേന ഏതെന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിനായി സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിച്ചിരിക്കയാണ്.

ഇതോടെ പാർട്ടിയുടെ അവകാശവാദം സ്ഥാപിക്കാനുള്ള രേഖകൾ തയ്യാറാക്കുന്ന തിരക്കിലാണ് ഇരുവിഭാഗങ്ങളും. പാർട്ടി പ്രവർത്തകരുടെയും അണികളുടെയും പരമാവധി പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്

കൂറ് മാറിയ പ്രവർത്തകർ മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെയുടെ ഔദ്യോഗിക വസതിയായ മലബാർ ഹില്ലിലെ വർഷയ്ക്ക് മുന്നിൽ സംഘടിച്ചാണ് പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ 5ന് നടക്കാനിരിക്കുന്ന ദസറ റാലി ഇരു വിഭാഗങ്ങളുടെയും ശക്തി പരീക്ഷണ വേദിയാകും. താക്കറെ പക്ഷത്തിന്റെ കരുത്ത് കൂറയ്ക്കുന്നതിന് വേണ്ടിയാണ് ഷിൻഡെ പക്ഷത്തിന്റെ പുതിയ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here