സാഗരവും ജനസാഗരവും സാക്ഷി; കോടിയേരി ഇനി ദീപ്തസ്മൃതി

സഖാവ് കോടിയേരി ബാലകൃഷ്ണന്‍ ഇനി ദീപ്തസ്മൃതി. പയ്യാമ്പലത്ത് ഇ.കെ.നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്കു നടുവിലൊരുക്കിയ ചിതയില്‍ കേരളത്തിലെ ഇടതു രാഷ്ട്രീയത്തിന്റെ സൗമ്യജ്വാലയെ അഗ്‌നിയുടെ ചുവന്ന നാളങ്ങള്‍ ഏറ്റുവാങ്ങി. പൂര്‍ണ്ണ ബഹുമതികളോടെ പയ്യാമ്പലത്ത് മൃതദേഹം സംസ്‌ക്കരിച്ചു.

കുടുംബാഗങ്ങൾക്കും 12 നേതാക്കൾക്കും മാത്രമാണ് പയ്യാമ്പലത്ത് സംസ്‍ക്കാരം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളാല്‍ പയ്യാമ്പലം ബീച്ച് മുഖരിതമായിരുന്നു.

ആംബുലൻസിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളാണ് കോടിയേരിയുടെ ഭൗതികശരീരം ചിതയിലേക്കെത്തിച്ചത്. ഗൺ സല്യൂട്ട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വൈകിട്ട് മൂന്നരയോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽനിന്നു പയ്യാമ്പലത്ത് എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ കാൽനടയായി വിലാപയാത്രയെ അനുഗമിച്ചു. വഴിയിലുടനീളം വൻ ജനാവലിയാണ് ആദരാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നത്.

 പ്രിയപ്പെട്ട നേതാവിനെ ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ജനസാഗരമാണ് തലശ്ശേരി ടൌൺ ഹാളിലും കണ്ണൂരിലെ വീട്ടിലും ജില്ലാകമ്മിറ്റി ഓഫീസിലും എത്തിച്ചേര്‍ന്നിരുന്നത്. ഇന്നലെ എട്ട് മണിക്കൂറോളം തലശ്ശേരി ടൌൺ ഹാളിലും പിന്നീട് കുടുംബ വീട്ടിലും ഇന്ന് രാവിലെ മുതൽ കണ്ണൂർ ജില്ലാക്കമ്മറ്റി ഓഫീസിലും പൊതുദർശനമുണ്ടായിരുന്നു. ജീവിതത്തിന്‍റെ നാനാ തുറകളിലുള്ളവര്‍ കോടിയേരിയുടെ കണ്ണൂരിലെ വീട്ടിലും അഴീക്കോടൻ സ്മാരക മന്ദിരത്തിലും  തടിച്ച് കൂടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News