Ini Utharam: പാട്ടിനൊപ്പം അഭിനയവുമായി സിദ്ധാര്‍ത്ഥ് മേനോന്‍; ‘ഇനി ഉത്തരം’ ഒക്ടോബര്‍ ഏഴിന്

പാട്ടിനൊപ്പം അഭിനയവും സിദ്ധാര്‍ത്ഥ് മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഇനി ഉത്തരം'(Ini Utharam) പ്രദര്‍ശനത്തിന് എത്തുന്നു ഗായകനായെത്തി സിനിമ പ്രേമികളുടെ ഉള്ളില്‍ ചേക്കേറിയ താരമാണ് സിദ്ധാര്‍ത്ഥ് മേനോന്‍ . വളരെ അപ്രതീക്ഷിതമായാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. ആദ്യമായി താരത്തെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത് ‘തൈക്കുടംബ്രിഡ്ജ്’ എന്ന മ്യൂസിക്ക് ബാന്റിലൂടെയായിരുന്നു. തുടര്‍ന്നാണ് അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം നിര്‍വ്വഹിച്ച ‘നോര്‍ത്ത്24 കാതം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്.

പിന്നീട് നിരവധി സിനിമകള്‍ക്ക് വേണ്ടി ഗാനങ്ങള്‍ ആലപിച്ച സിദ്ധാര്‍ത്ഥ് രണ്ടായിരത്തിപതിനഞ്ചില്‍ വി.കെ.പ്രകാശ് സംവിധാനം നിര്‍വ്വഹിച്ച ‘റോക്സ്റ്റാര്‍’ എന്ന സിനിമയിലൂടെ നായകനായി എത്തി. തുടര്‍ന്ന് ബിജോയ് നമ്പ്യാര്‍ സംവിധാനം നിര്‍വ്വഹിച്ച ‘സോളോ’, ഡോക്ടര്‍ സിജു ജവഹറിന്റെ ‘കഥ പറഞ്ഞ കഥ’ , അഞ്ജലി മേനോന്‍ പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ‘കൂടെ’, ടി.കെ രാജീവ്കുമാര്‍ ഒരുക്കിയ ‘കോളാമ്പി’ എന്നി ചിത്രങ്ങളിലും അഭിനേതാവായി എത്തി എന്നാല്‍ ചിദംബരം സംവിധാനം നിര്‍വ്വഹിച്ച ‘ജാന്‍ എ മന്‍’ എന്ന അപ്രതീക്ഷിത ഹിറ്റ് ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് അവതരിപ്പിച്ച സീരിയല്‍ താരം രതീഷ് എന്ന കഥാപാത്രമാണ് പ്രേക്ഷകര്‍ക്കിടയില്‍ അഭിനേതാവ് എന്ന രീതിയില്‍ താരത്തിന് സ്വീകാര്യത ഉണ്ടാക്കിക്കൊടുത്തത്.

‘ജാന്‍ എ മന്‍’ എന്ന സിനിമയ്ക്ക് ശേഷം സിദ്ധാര്‍ത്ഥ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് ‘ഇനി ഉത്തരം’ എന്ന ചിത്രത്തിലൂടെ . അപര്‍ണ്ണ ബാലമുരളി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നായകതുല്യ പ്രാധാന്യമുള്ള കഥാപാത്രമാണ് സിദ്ധാര്‍ത്ഥിന് ലഭിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. സിദ്ധാര്‍ഥും അപര്‍ണയും അഭിനയിച്ച ചിത്രത്തിലെ ‘മെല്ലെയെന്നെ..’ എന്ന ഗാനം ഹിറ്റ് ലിസ്റ്റ് ഇതിനോടകം ഇടം പിടിച്ചിട്ടുണ്ട്.

നവാഗതനായ സുധീഷ് രാമചന്ദ്രന്‍ അപര്‍ണ്ണാ ബാലമുരളിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘ഇനി ഉത്തരം’ ഒക്ടോബര്‍ ഏഴിന് പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. എ&വി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നീ സഹോദരങ്ങള്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളി പ്രധാന കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമന്‍, ചന്തുനാഥ്, സിദ്ധാര്‍ഥ് മേനോന്‍, സിദ്ദീഖ്, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകന്‍ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം ഒരുക്കുന്നു. പ്രൊജക്റ്റ് ഡിസൈനര്‍ ആന്റ് മാര്‍ക്കറ്റിംങ്-H20 സ്‌പെല്‍, എഡിറ്റര്‍-ജിതിന്‍ ഡി.കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, വിനോഷ് കൈമള്‍. കല അരുണ്‍ മോഹനന്‍. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍. സ്റ്റില്‍സ് ജെഫിന്‍ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റല്‍ പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News