Kuwait: കുവൈത്ത്; പ്രതിപക്ഷത്തിന് ജയം; മന്ത്രിസഭ രാജിവെച്ചു

കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍(Kuwait Parliament Election) പ്രതിപക്ഷത്തിന് ജയം. 50 അംഗ സഭയില്‍ 28 സീറ്റാണ് പ്രതിപക്ഷ കക്ഷികള്‍ നേടിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം വന്ന പാശ്ചാത്തലത്തില്‍ കുവൈത്ത് മന്ത്രിസഭ ശനിയാഴ്ച രാജിവെച്ചു. രാജിക്കത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് സമര്‍പ്പിച്ചു. പുതിയ സഭയുടെ ആദ്യ സമ്മേളനം ഒക്ടോബര്‍ 11-ന് നടക്കും.

ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ 20 മുന്‍ എംപിമാര്‍ തോല്‍വിയറിഞ്ഞു. ആലി അല്‍ ഖാലിദ് രണ്ടാം മണ്ഡലത്തിലും മുന്‍ മന്ത്രികൂടിയായ ജിനാന്‍ ബുഷെഹ്രി മൂന്നാം മണ്ഡലത്തിലും ജയിച്ചതോടെ ഇടവേളക്കുശേഷം പാര്‍ലമെന്റില്‍ വീണ്ടും വനിതാ പ്രാതിനിധ്യമായി. പുതിയ സഭയില്‍ 16 പേര്‍ പുതുമുഖങ്ങള്‍. പിരിച്ചുവിട്ട സഭയിലെ 23 അംഗങ്ങള്‍ ഉള്‍പ്പെടെ 33 മുന്‍ എംപിമാര്‍ വിജയം കണ്ടു. 87-കാരനായ മുന്‍ സ്പീക്കര്‍ അഹ്മദ് സാദൂന്‍ ഒരു ദശാബ്ദത്തെ ബഹിഷ്‌കരണത്തിന് ശേഷം 12,000-ത്തിലധികം വോട്ടുകള്‍ നേടി മികച്ച വിജയം നേടി. തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന രണ്ട് സ്ഥാനാര്‍ത്ഥകളും വിജയിച്ചു.

പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ എക്സിക്യൂട്ടീവ് അധികാരികള്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് നിരവധി പ്രതിപക്ഷ നേതാക്കള്‍ 10 വര്‍ഷമായി തെഞ്ഞടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പിലോ പുതിയ പാര്‍ലമെന്റിലോ അധികാരികളുടെ ഇടപെടല്‍ ഉണ്ടാകില്ലെന്ന് കിരീടാവകാശി ഷെയ്ഖ് മെഷല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷ ഗ്രൂപ്പുകള്‍ ബഹിഷ്‌കരണം പിന്‍വലിച്ചത്.

രാഷ്ട്രീയ പ്രതിസന്ധികള്‍ കാരണം പത്തുവര്‍ഷത്തിനിടെ ഇത് ആറാം തവണയാണ് കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1962-ല്‍ പാര്‍ലമെന്ററി സമ്പ്രദായം സ്വീകരിച്ചശേഷം ഇതുവരെ 18 തെരഞ്ഞെടുപ്പുകള്‍ നടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News