Atlas Ramachandran: അറ്റ്ലസ് രാമചന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു

ഞായറാഴ്ച ദുബായില്‍(Dubai) അന്തരിച്ച പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ(Atlas Ramachandran) മൃതദേഹം സംസ്‌കരിച്ചു. ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായ അറ്റ്ലസ് രാമചന്ദ്രന്‍ തന്റെ അവസാന കാലത്തും പ്രതിസന്ധികളോട് പൊരുതിയാണ് ജീവിച്ചിരുന്നത്.

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകത്തിലൂടെ ലോക മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍ തന്റെ എണ്‍പതാം വയസിലാണ് വിട വാങ്ങിയത്. 1942 ജൂലൈ 31ന് തൃശൂരില്‍ വി. കമലാകര മേനോന്റെയും എം.എം. രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം. അറ്റ്‌ലസ് ജൂവല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രന്‍ ഒട്ടേറെ സിനിമകള്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകന്‍, വിതരണക്കാരന്‍ എന്നീ നിലകളിലും സിനിമ മേഖലയില്‍ സജീവമായിരുന്നു. അറ്റ്ലസ് ഗ്രൂപ്പ് ഓഫ് ജ്വല്ലറിയുടെ ചെയര്‍മാനായിരുന്നു അദ്ദേഹം. അറ്റ്ലസ് ജ്വല്ലറി ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട സ്ഥാപനമായി മാറിയത് രാമചന്ത്രന്റെ അശ്രാന്ത പരിശ്രമത്തിലൂടെയാണ്.

2015ല്‍ സാമ്പത്തിക ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ദുബൈ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പകള്‍ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് നേരിട്ടിരുന്നത്. പിന്നീട് ജയിലിലായ അറ്റ്ലസ് രാമചന്ദ്രന്‍ 2018 ലാണ് ജയില്‍മോചിതനായത് . കേസ് അവസാനിക്കാത്തതിനാല്‍ യു.എ.ഇ വിട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. പ്രതിസന്ധികളില്‍ ഉടനീളം ഭാര്യ ഇന്ദിര , അറ്റ്‌ലസ് രാമചന്ദ്രന് താങ്ങും തണലുമായി. 13 സിനിമകളില്‍ അഭിനയിച്ച അറ്റലസ് രാമചന്ദ്രന്‍ ഒരു സിനിമയുടെ സംവിധാനവും നിര്‍വഹിച്ചിരുന്നു. അറ്റ്‌ലസ് ജ്വല്ലറി വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മരണം. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോള്‍ഡ് പ്രമോഷന്‍ കമ്മിറ്റിയുടെ ആദ്യ ചെയര്‍മാനായിരുന്നു. ഫിലിം മാഗസിനായ ‘ചലച്ചിത്ര’ത്തിന്റെ എഡിറ്ററായിരുന്നു.

മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.ഞായറാഴ്ച രാത്രി ദുബായിലെ ആസ്റ്റര്‍ മന്‍ഖൂല്‍ ഹോസ്പിറ്റലില്‍ വെച്ചാണ് മരണത്തിനു കീഴടങ്ങിയത്. മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നതിനാല്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ജബല്‍ അലിയിലെ ക്രിമേഷന്‍ സെന്ററിലാണ് മൃതദേഹം സംസ്‌കരിച്ചത്. അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ ഇന്ദിരാ രാമചന്ദ്രന്‍ , മകള്‍ ഡോ.മഞ്ജു രാമചന്ദ്രന്‍ , അറ്റ്‌ലസ് രാമചന്ദ്രന്റെ അടുത്ത സുഹൃത്തുക്കള്‍ , സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News