യു എ ഇയില്‍ പുതിയ വിസാ നിയമം ഇന്ന് മുതല്‍ പൂര്‍ണപ്രാബല്യത്തില്‍

യു എ ഇയില്‍ പുതിയ വിസാ നിയമങ്ങള്‍ ഇന്ന് മുതല്‍ പൂര്‍ണ പ്രാബല്യത്തില്‍. യു എ ഇയില്‍ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പ്രവാസികള്‍ക്കും പുതിയ നിയമങ്ങള്‍ പ്രയോജനം ചെയ്യും. വിസ നല്‍കുന്നത് ഉദാരവും വിപുലവുമാക്കുന്നതാണ് പദ്ധതി. സന്ദര്‍ശക, തൊഴില്‍, ദീര്‍ഘകാല വിസകള്‍ ഇവയില്‍ പെടും. സന്ദര്‍ശകര്‍ക്ക് നാളെ മുതല്‍ ഒരു ആതിഥേയനോ സ്പോണ്‍സറോ ആവശ്യമില്ല.

ഏപ്രില്‍ പകുതിയോടെ കൈക്കൊണ്ട മന്ത്രിസഭാ തീരുമാനമാണ് പ്രാബല്യത്തിലാകുന്നത്. ചിലത് ഇതിനകം പ്രാബല്യത്തില്‍ വന്നു. അഞ്ച് വര്‍ഷത്തെ മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയാണ് ഇതില്‍ പ്രധാനം. ഈ വിസക്ക് സ്പോണ്‍സര്‍ ആവശ്യമില്ല. കൂടാതെ 90 ദിവസം വരെ താമസിക്കാന്‍ അനുവാദമുണ്ട്.

ഇത് 90 ദിവസത്തേക്ക് കൂടി നീട്ടാം. ഈ ടൂറിസ്റ്റ് വിസയില്‍ ഒരാള്‍ക്ക് പരമാവധി 180 ദിവസം താമസിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 4,000 ഡോളര്‍ (14,700 ദിര്‍ഹം) അല്ലെങ്കില്‍ തത്തുല്യ വിദേശ കറന്‍സിയില്‍ ബേങ്ക് ബാലന്‍സ് ഉണ്ടായിരിക്കണം. സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം നിറവേറ്റുന്ന, വ്യത്യസ്ത കാലയളവുകള്‍ക്കുള്ള സന്ദര്‍ശക വിസകള്‍ ലഭിക്കും. തൊഴില്‍ വിസകളും വിപുലമാകും. വൈദഗ്ധ്യമുള്ളവര്‍ക്കു ദീര്‍ഘകാല വിസ എളുപ്പം ലഭിക്കും.

ബിസിനസ് വിസ: നിക്ഷേപകർക്കും സംരംഭകർക്കും ഒരു സ്‌പോൺസറോ ആതിഥേയനോ ആവശ്യമില്ല.

ബന്ധുക്കളെ/ സുഹൃത്തുക്കളെ സന്ദർശിക്കാനുള്ള വിസ: യു എ ഇ പൗരന്റെയോ താമസക്കാരന്റെയോ ബന്ധുവോ സുഹൃത്തോ ആണെങ്കിൽ ഈ വിസക്ക് അപേക്ഷിക്കാം.

താത്കാലിക തൊഴിൽ വിസ: പ്രൊബേഷൻ ടെസ്റ്റിംഗ് അല്ലെങ്കിൽ പദ്ധതി അധിഷ്ഠിത ജോലി പോലെയുള്ള താൽക്കാലിക തൊഴിൽ നിയമനം ഉള്ളവർക്ക് ഈ വിസക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഒരു താൽക്കാലിക തൊഴിൽ കരാറോ തൊഴിലുടമയിൽ നിന്നുള്ള ഒരു കത്തോ ഹാജരാക്കണം.

പഠന/ പരിശീലനത്തിനുള്ള വിസ: പരിശീലനം, പഠന കോഴ്‌സുകൾ, ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ എന്നിവയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആളുകളെയോ വിദ്യാർഥികളെയോ ലക്ഷ്യമിട്ടുള്ളതാണിത്. പൊതു-സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾക്ക് ഈ വിസ സ്‌പോൺസർ ചെയ്യാം. പഠനത്തിന്റെയോ പരിശീലനത്തിന്റെയോ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെയോ വിശദാംശങ്ങൾ വ്യക്തമാക്കുന്ന, സ്ഥാപനത്തിൽ നിന്നുള്ള കത്ത് ആവശ്യമാണ്.

കുടുംബ വിസ: മാതാപിതാക്കൾക്ക് 18 വയസ്സിന് താഴെയുള്ള കുട്ടികളെ മാത്രമേ മുമ്പ് സ്‌പോൺസർ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഇനി മുതൽ 25 വയസ്സ് വരെയുള്ള ആൺകുട്ടികളെ സ്‌പോൺസർ ചെയ്യാം. വികലാംഗരായ കുട്ടികൾക്കും പ്രത്യേക പെർമിറ്റ് ലഭിക്കും. ഗോൾഡൻ വിസ ഉദാരമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here