സഖാവ് കോടിയേരിയുടെ മനക്കരുത്ത് തങ്ങളെ പോലും അമ്പരപ്പിച്ചിരുന്നെന്ന് ഡോ. ബോബൻ തോമസ്

അര്‍ബുദത്തോട് അസാമാന്യ പോരാട്ടം നടത്തിയാണ് കോടിയേരി ബാലകൃഷ്ണന്‍ മരണത്തിന് കീഴടങ്ങിയതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. ബോബന്‍ തോമസ് കൈരളി ന്യൂസിനോട് പറഞ്ഞു. അമേരിക്കയിലെ ക്ലിനിക്കില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു ചികിത്സ നടത്തിയത്.

ചെന്നൈയില്‍ പോകുന്നതിനുമുമ്പ് സ്ഥിതി ഗുരുതരമായപ്പോളും അദ്ദേഹം പ്രകടിപ്പിച്ച അസാമാന്യധൈര്യം അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും ഡോ. ബോബന്‍ പറഞ്ഞു. ഓരോ തവണ കീമോ ചെയ്ത ശേഷവും അദ്ദേഹം ചടങ്ങുകള്‍ക്കും യോഗങ്ങള്‍ക്കും പോകുമായിരുന്നു. യോഗങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം ആവശ്യപ്രകാരം കീമോയ്ക്കുള്ള തീയതി മാറ്റിനല്‍കിയിട്ട് പോലുമുണ്ട്.

എല്ലാ സാഹചര്യങ്ങളിലും ഒരു സാധാരണ അര്‍ബുദ ബാധിതനേക്കാള്‍ ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു. പലപ്പോഴും ചികിത്സിക്കുന്ന ഡോക്ടർ എന്ന നിലയ്ക്ക് നമുക്ക് ആശങ്കയുണ്ടായിരുന്നുവെങ്കിലും പുഞ്ചിരിച്ചുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം പറയുമായിരുന്നു.

രണ്ടുവര്‍ഷക്കാലം പൂര്‍ണമായും കോടിയേരിയുടെ ചികിത്സാചുമതല നിര്‍വഹിച്ചത് ഡോ. ബോബനാണ്. ഏറ്റവും അവസാനം ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകാന്‍ എയര്‍ ആംബുലന്‍സില്‍ സൗകര്യം ഒരുക്കാനും അദ്ദേഹത്തെ മാറ്റാനുമടക്കം മുന്‍പന്തിയില്‍ ഡോക്ടറുണ്ടായിരുന്നു. കോട്ടയത്തും തിരുവനന്തപുരത്തുമായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് ഡോ. ബോബന്‍ കോടിയേരി ബാലകൃഷ്ണന്റെ ചികിത്സയുടെ ഭാഗമായത്.

പാൻക്രിയാസ് ക്യാൻസർ അഡ്വാൻസ്ഡ് സ്റ്റേജിൽ ആയിരുന്നിട്ടുകൂടി പാർട്ടി പരിപാടികളിൽ പങ്കെടുക്കുവാൻ അദ്ദേഹം കാണിച്ച ആർജ്ജവം അസാമാന്യമായിരുന്നു. ആരോഗ്യസ്ഥിതി മോശമായി ഇടയ്ക്കിടയ്ക്ക് ഐ.സി.യുവിൽ അഡ്മിറ്റ് ചെയ്യുമ്പോഴും തൊട്ടടുത്ത ദിവസം ആരോഗ്യസ്ഥിതിയിൽ അല്പം പുരോഗതി കാണുമ്പോൾ പാർട്ടി പരിപാടികളിൽ പങ്കെടുക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചിരുന്നുവെന്ന് ഡോ.ബോബന്‍ തോമസ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here