Kodiyeri Balakrishnan: ‘അരനൂറ്റാണ്ടിലേറെയുള്ള കോടിയേരിയുടെ പൊതുജീവിതം സഹന ജീവിതത്തിന്റെ ചരിത്രമാണ്’; പി ജയരാജന്‍

കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ മനസ്സില്‍ ഇടം നേടിയ നേതാവാണ് കോടിയേരി ബാലകൃഷ്ണനെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. കമ്മ്യുണിസ്‌റ് നേതാക്കള്‍ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലും പ്രവര്‍ത്തനങ്ങളും നടത്തി വളര്‍ന്നു വരുന്നവരാണ്, അങ്ങനെ വളര്‍ന്നു വന്ന നേതാവാണ് കോടിയേരി ബാലകൃഷ്ണനെന്നും അരനൂറ്റാണ്ടിലേറെയുള്ള അദ്ദേഹത്തിന്റെ പൊതുജീവിതം സഹന ജീവിതത്തിന്റെ ചരിത്രമാണെന്നും പി ജയരാജന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്

നേതാക്കള്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടിവീഴുന്നവരല്ല.ജനങ്ങള്‍ക്കിടയില്‍ നടത്തുന്ന രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഒരു രാഷ്ട്രീയ നേതാവ് രൂപപ്പെടുന്നത്. അതിന് വര്‍ഷങ്ങള്‍ വേണ്ടിവരും.ആ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത നിലയില്‍ വന്നാല്‍ സ്വാഭാവികമായും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടും. അതുകൊണ്ട് ഒരു നേതാവ് തെരഞ്ഞെടുക്കുന്ന വഴി ജനപക്ഷത്തോട് ആഭിമുഖ്യമുള്ളതായിരിക്കണം. ജനങ്ങള്‍ക്ക് വേണ്ടി സേവനം നടത്തുന്നവരായിരിക്കണം നേതാക്കള്‍.ആ തരത്തിലുള്ള രാഷ്ട്രീയം തിരഞ്ഞെടുക്കുമ്പോഴാണ് ആ രാഷ്ട്രീയത്തിന് പിന്നില്‍ പ്രബുദ്ധരായ ജനങ്ങള്‍ അണിനിരക്കുക.അതോടൊപ്പം നേതൃത്വത്തിന്റെ വ്യക്തി ശുദ്ധിയും വളരെ പ്രധാനമാണ്. കമ്മ്യുണിസ്റ്റ് നേതാവിനെ സംബന്ധിച്ച് വിപ്ലവ പ്രവര്‍ത്തനമാണ് ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം. അതായത് നിലവിലുള്ള സാമ്പത്തിക-സാമൂഹ്യ-സാംസ്‌കാരിക വ്യവസ്ഥയെ മാറ്റിമറിക്കുന്ന വിപ്ലവകാരികള്‍. കമ്മ്യുണിസ്‌റ് നേതാക്കള്‍ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലും പ്രവര്‍ത്തനങ്ങളും നടത്തി വളര്‍ന്നു വരുന്നവരാണ്. സ്വാഭാവികമായും എതിരാളികളുടെ വേട്ടയ്ക്കിരയാകും.

സ:കോടിയേരി മേല്‍പ്പറഞ്ഞ അനുഭവങ്ങളിലൂടെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ മനസ്സില്‍ ഇടം നേടിയ നേതാവാണ്. അദ്ദേഹത്തിന്റെ ഭൗതീക ശരീരം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അവസാനമായി ഒരു നോക്ക് കാണാന്‍ ജനങ്ങളാകെ ഒഴുകിയെത്തിയത് നാം കണ്ടു. അരനൂറ്റാണ്ടിലേറെയുള്ള അദ്ദേഹത്തിന്റെ പൊതുജീവിതം സഹന ജീവിതത്തിന്റെ ചരിത്രമാണ്.

പതിനഞ്ചാം വയസ്സിലാണ് സഖാവ് ആദ്യമായി രാഷ്ട്രീയ എതിരാളികളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. കോടിയേരി ഒണിയന്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരിക്കെ പരീക്ഷ കഴിഞ്ഞു തലശേരി ടൗണില്‍ എത്തിയപ്പോളാണ് ആര്‍ എസ് എസുകാര്‍ അദ്ദേഹത്തെ ക്രൂരമായി തല്ലിച്ചതച്ചത്. അക്കാലത്ത് സിപിഐഎം നെ തകര്‍ക്കുന്നതിന് തലശ്ശേരി പട്ടണത്തില്‍ തുടര്‍ച്ചയായി ആര്‍. എസ്. എസ്സുകാരുടെ ആക്രമണം നടക്കുകയായിരുന്നു. ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു.ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കെത്തന്നെ ഇത്തരമൊരു ആക്രമണം നേരിടേണ്ടി വന്ന പൊതുപ്രവര്‍ത്തകനാണ് കോടിയേരി. ഈ സംഘര്‍ഷങ്ങള്‍ ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് അവസാനിച്ചപ്പോഴാണ് തലശ്ശേരിയില്‍ ഹിന്ദു -മുസ്ലീം കലാപത്തിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. അതായത് 1968-69 കാലത്താണ് രാഷ്ട്രീയ സംഘര്‍ഷമെങ്കില്‍ 1971 ഡിസംബറിലാണ് തലശ്ശേരിയിലെ വര്‍ഗീയ കലാപം. ഈ കലാപം ആര്‍.എസ്സ്. എസ്സ് ആസൂത്രണം ചെയ്തതായിരുന്നുവെന്ന് ജസ്റ്റിസ് വിതയത്തില്‍ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കമ്മീഷന് മുന്നില്‍ മൊഴികൊടുക്കാത്ത രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു സി.പി. ഐ എം. എന്നിട്ടും ഒരു കൊടികെട്ടിയ കാറില്‍ മാര്‍ക്‌സിസ്‌റ് നേതാക്കള്‍ സഞ്ചരിച് കലാപം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചതായി തെളിവുണ്ടെന്ന് കമ്മീഷന്‍ എടുത്തുപറഞ്ഞു. ഇങ്ങനെ പ്രവര്‍ത്തിച്ചവരുടെ കൂട്ടത്തിലും കോടിയേരി ഉണ്ടായിരുന്നു.

പിന്നീട് അദ്ദേഹം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുന്ന ഘട്ടത്തിലാണ് ആഭ്യന്തര സുരക്ഷാ നിയമപ്രകാരം അദ്ദേഹം അറസ്‌റ് ചെയ്യപ്പെട്ടത്.1975 ജൂണ്‍ 25 നു പ്രഖ്യാപിച്ച അടിയന്താരവസ്ഥാകാലത്താണ് സ:കോടിയേരി ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കള്‍ ജയിലിലായത്. വിചാരണ കൂടാതെയുള്ള തടവായിരുന്നു അത്. 18 മാസക്കാലം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു. ജയില്‍ ജീവിതവും പഠനത്തിനുള്ള അവസരമാക്കി മാറ്റി. പിന്നീട് അദ്ദേഹം എംഎല്‍എ ആയി. ആഭ്യന്തര വകുപ്പ് മന്ത്രിയുമായി. ഭരണ രംഗത്തും പ്രസ്ഥാനമേല്‍പിച്ച ഉത്തരവാദിത്വം ഫലപ്രദമായി അദ്ദേഹം നിര്‍വഹിച്ചു.
സ:കോടിയേരി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ഘട്ടത്തിലാണ് കണ്ണൂരിലെ ഡിസിസി പ്രസിഡന്റായി പുതിയ ഒരു നേതാവ് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് കോണ്‍ഗ്രസ്സ് ക്രിമിനലുകളുടെ തേര്‍വാഴ്ചയായിരുന്നു

ഗുണ്ടാ സംഘങ്ങളെ ആശ്രയിച്ചുകൊണ്ട് സിപിഐഎമ്മിനെ തകര്‍ക്കാനാണ് കോണ്‍ഗ്രസ്സ് അന്ന് ശ്രമിച്ചത്.
അതിനെയൊക്കെ ജനങ്ങളെ അണിനിരത്തി ചെറുത് തോല്‍പ്പിക്കാന്‍ സ:കോടിയേരിയുടെ നേതൃത്വത്തിനായി.
അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ നേതൃപാടവവും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. പിന്നീട് സംസ്ഥാന സെക്രട്ടറിയയും പോളിറ്റ് ബ്യൂറോ അംഗമായും ചുമതല നിര്‍വഹിച്ചപ്പോഴും കൂടുതല്‍ ബോധ്യമായി. രാഷ്ട്രീയ എതിരാളികളുടെ വേട്ടയാടലിന്റെ പ്രധാന ലക്ഷ്യമായപ്പോഴും കരുത്തുചോര്‍ന്നില്ല. അത്തരം ഒരു നേതാവിന് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ മരണാനന്തര യാത്രമൊഴി സ്വാഭാവികമാണ് .വലതുപക്ഷ മാധ്യമങ്ങള്‍ സൃഷ്ടിച്ചതായി അവര്‍കരുതുന്ന ബോധ്യമല്ല ജനങ്ങള്‍ക്കുള്ളതെന്ന് അതെ മാധ്യമങ്ങള്‍ക്ക് തന്നെ പറയേണ്ടി വന്നിരിക്കുന്നു.
പ്രിയപ്പെട്ട സഖാവിന്റെ ഉജ്ജ്വലമായ ഓര്‍മ്മയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News