തിരഞ്ഞെടുപ്പുകാലത്തെ സൗജന്യ വാഗ്ദാനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ | Election Commission

തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയപ്പാർട്ടികൾ പ്രഖ്യാപിക്കുന്ന സൗജന്യ വാഗ്ദാനങ്ങൾക്ക് കർശന വ്യവസ്ഥകൾ ഏർപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ. രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിക്കുന്ന വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന്റെ സാമ്പത്തികവശം അടക്കം ഇനി മുൻകൂട്ടി വിശദീകരിക്കേണ്ടി വരും. മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നത് നേരത്തെയാക്കാനും കമ്മീഷൻ ആലോചിക്കുന്നു.

തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയപ്പാർട്ടികൾ നടത്തുന്ന പൊള്ളയായ വാഗ്ദാനങ്ങൾ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതായും വാഗ്ദാനങ്ങൾ യുക്തിഭദ്രമാകണമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തൽ.കമ്മീഷന്റെ ഈ വിലയിരുത്തൽ ഏറെ പ്രസക്തമാണ്.

രാഷ്ട്രീയ പാർട്ടികളുടെ സൗജന്യ വാഗ്ദാനങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സൗജന്യവാഗ്ദാനങ്ങൾക്ക് കൃത്യമായ നിർവചനം ഇല്ല. ഈ സാഹചര്യത്തിൽ കർശനമായ വ്യവസ്ഥകൾ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാതൃകാപെരുമാറ്റച്ചട്ടത്തിൽ മാറ്റംവരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നത്.

വാഗ്ദാനങ്ങൾ എങ്ങിനെ നടപ്പാക്കും, എത്രപേർക്ക് ഗുണം ലഭിക്കും, ഖജനാവിന് എത്ര ബാധ്യതവരുത്തും, സാമ്പത്തികസ്രോതസ് എന്താണ് എന്നിവ തിരഞ്ഞെടുപ്പ് വേളയിൽ തന്നെ രാഷ്ട്രീയപ്പാർട്ടികൾ വിശദീകരിക്കേണ്ടിവരും. വോട്ടർമാർക്ക് ഇക്കാര്യത്തിൽ വ്യക്തത ലഭിക്കണം.

സംസ്ഥാന ചീഫ് സെക്രട്ടറിമാർ, കേന്ദ്ര ധനസെക്രട്ടറി എന്നിവരോട് തിരഞ്ഞെടുപ്പ് വേളയിൽ നികുതി വരുമാനം, ചെലവ് തുടങ്ങിയവ വിശദീകരിച്ച് ധനസ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെടും. നിലവിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന നിമിഷം മുതലാണ് മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽവരിക.

മാതൃകാ പെരുമാറ്റച്ചട്ടം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മുൻപേ നടപ്പിലാക്കുന്നതും പരിഗണനയിലുണ്ട്. പുതിയ നിർദേശങ്ങളുടെ കരട് രാഷ്ട്രീയപ്പാർട്ടികൾക്കും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ കൈമാറി. കരടിൽ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാനങ്ങളുടേയും രാഷ്ട്രീയ പാർട്ടികളുടേയും അഭിപ്രായം കൂടി കണക്കിലെടുത്താകും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News