Pinarayi Vijayan: നിഴല്‍പ്പായിലിരുന്ന് കരയേണ്ടവനല്ല കമ്യൂണിസ്റ്റ്..വ്യക്തിഗതസങ്കടങ്ങള്‍ ഉള്ളിലടക്കി നാടിന്റെ മുന്നോട്ടുപോക്കില്‍ നിഴല്‍ പോലെ കൂടെയുണ്ടാകേണ്ടവനാണ്: ദീപാ നിശാന്ത്

കോടിയേരിയുടെ മരണത്തിനു ശേഷം മുഖ്യമന്ത്രി വിദേശ യാത്രക്ക് പോയതിന് വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സാഹിത്യകാരി ദീപാ നിശാന്ത്. നിഴല്‍പ്പായിലിരുന്ന് കരയേണ്ടവനല്ല കമ്യൂണിസ്റ്റ്..വ്യക്തിഗതസങ്കടങ്ങള്‍ ഉള്ളിലടക്കി നാടിന്റെ മുന്നോട്ടുപോക്കില്‍ നിഴല്‍ പോലെ കൂടെയുണ്ടാകേണ്ടവനാണെന്ന് സാഹിത്യകാരി ദീപാ നിശാന്ത്. ‘കമ്യൂണിസ്റ്റുകാര്‍ പ്രതിസന്ധികളില്‍ ഇടറിവീഴേണ്ടവരല്ല. മുന്നോട്ടു നടക്കേണ്ടവര്‍ തന്നെയാണ്. ചിതയടങ്ങും മുമ്പുള്ള മുഖ്യമന്ത്രിയുടെ നോര്‍വെ സന്ദര്‍ശനത്തെ മാധ്യമങ്ങളും അല്‍പ്പബുദ്ധികളും കൊഴുപ്പിക്കുന്നുണ്ട്. പതിവുപോലെ വിഷം തുപ്പുന്നുണ്ട്. ആ യാത്രയെ വിനോദയാത്രയായി കണ്ട് പരിഹസിക്കുന്നത് അവരുടെ കുറ്റമല്ല. അത്തരം യാത്രകള്‍ മാത്രം നടത്തുന്ന സ്വന്തം നേതാക്കന്മാര്‍ അവരുടെ ഓര്‍മ്മകളില്‍ നിറയുന്നത് തീര്‍ത്തും സ്വാഭാവികമാണ്’. ദീപാ നിശാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കുറിപ്പ്

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ അനുശോചനയോഗത്തില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ കണ്ണു കലങ്ങിയിട്ടുണ്ട്.തൊണ്ടയിടറിയിട്ടുണ്ട്. പക്ഷേ തൊണ്ടയിടറാതെ തന്നെ മുഖ്യമന്ത്രി പറഞ്ഞ ഒരു വാചകമുണ്ട്:-

‘പ്രസ്ഥാനത്തിന് സഖാവ് കോടിയേരിയുടെ വിയോഗം നല്‍കിയ നഷ്ടവും വിടവും വേദനയും ഞങ്ങള്‍ കൂട്ടായ പരിശ്രമത്തിലൂടെ മറികടക്കാന്‍ ശ്രമിക്കും’ – എന്നാണത്. അത് ഉജ്ജ്വലമായൊരു പ്രസ്താവനയാണ്. വ്യക്തിപരമായ എല്ലാ വേദനകളും ഉള്ളിലടക്കി മുന്നോട്ടു നടക്കും എന്ന പ്രതിജ്ഞ തന്നെയാണത്.

‘തീ പിടിപ്പിക്കാന്‍ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്‍ന്നാലും തീ പിന്നെയും വ്യാപിച്ചു കൊണ്ടേയിരിക്കും.ചിന്തയുടെ അഗ്‌നിപാതയില്‍ ആത്മനാശത്തിന്റെ അംശമുണ്ട്.പക്ഷെ അതിന്റെ അര്‍ഥം നിങ്ങള്‍ മറ്റുള്ളവരില്‍ പടരുകയാണെന്നോ,സ്വയം ഇല്ലാതായിത്തീര്‍ന്നിട്ട് മറ്റുള്ളവരില്‍ ജീവിക്കുന്നുവെന്നോ ആണ്.’ എന്ന് എം എന്‍ വിജയന്‍ മാഷ് പണ്ട് പറഞ്ഞിട്ടുണ്ട്.

‘ ഇല്ലാ.. ഇല്ലാ.. മരിച്ചിട്ടില്ലാ.. ജീവിക്കുന്നൂ ഞങ്ങളിലൂടെ ‘ എന്നത് ആവേശമുണര്‍ത്തുന്ന വെറുമൊരു മുദ്രാവാക്യവാചകമല്ല. ജീവിതചര്യ തന്നെയാണ്.അങ്ങനെ ജീവിതചര്യയുള്ളവര്‍ക്ക് കരഞ്ഞിരിക്കാന്‍ നേരമുണ്ടാകില്ല. അവര്‍ക്ക് മുന്നോട്ടു പോകേണ്ടതായി വരും. ഉത്തരവാദിത്തങ്ങളിലിറങ്ങേണ്ടതായി വരും.മറ്റുള്ളവര്‍ക്ക് ഒരുപക്ഷേ അത് പരിഹസിക്കാനുള്ള ആയുധമായേക്കാം. കരച്ചിലിന്റെ പി. ആര്‍ ഏജന്‍സിക്കാര്‍ക്ക് ഗ്ലിസറില്ലാതുള്ള നിറകണ്ണുകള്‍ കാണുമ്പോ സംശയം തോന്നുക സ്വാഭാവികമാണ്. അവര്‍ക്ക് ‘ഭായീ ഔര്‍ ബഹനോം ‘ പറഞ്ഞു കൊണ്ടുള്ള കാറിക്കരച്ചിലുകള്‍ കണ്ട് നിര്‍വൃതിയടയാനുള്ള സൗകര്യം നിലവിലുണ്ട്.’എനിക്ക് അമ്പതു ദിവസം തരൂ.. കള്ളപ്പണമില്ലാതാക്കി ഈ നാട് നന്നാക്കാം ‘ എന്ന മട്ടിലുള്ള വ്യാജവാഗ്ദാനങ്ങളുടെ കരച്ചില്‍ നാടകത്തില്‍ അവര്‍ ആണ്ടുമുങ്ങിക്കിടക്കട്ടെ. കണ്ഠമിടറി ചിലര്‍ നടത്തിയ പ്രസംഗങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തില്‍ തങ്കലിപികളാല്‍ അടയാളപ്പെടുത്തുമെന്നും ജനാധിപത്യത്തിന്റെ സൗന്ദര്യം അതാണെന്നും അവര്‍ വാഴ്ത്തുപാട്ട് മുഴക്കട്ടെ.

കമ്യൂണിസ്റ്റുകാര്‍ പ്രതിസന്ധികളില്‍ ഇടറിവീഴേണ്ടവരല്ല. മുന്നോട്ടു നടക്കേണ്ടവര്‍ തന്നെയാണ്. ചിതയടങ്ങും മുമ്പുള്ള മുഖ്യമന്ത്രിയുടെ നോര്‍വെ സന്ദര്‍ശനത്തെ മാധ്യമങ്ങളും അല്‍പ്പബുദ്ധികളും കൊഴുപ്പിക്കുന്നുണ്ട്. പതിവുപോലെ വിഷം തുപ്പുന്നുണ്ട്. ആ യാത്രയെ വിനോദയാത്രയായി കണ്ട് പരിഹസിക്കുന്നത് അവരുടെ കുറ്റമല്ല. അത്തരം യാത്രകള്‍ മാത്രം നടത്തുന്ന സ്വന്തം നേതാക്കന്മാര്‍ അവരുടെ ഓര്‍മ്മകളില്‍ നിറയുന്നത് തീര്‍ത്തും സ്വാഭാവികമാണ്.

നോര്‍വേയില്‍ നിന്ന് മുഖ്യമന്ത്രിയും പ്രതിനിധിസംഘവും യു കെയിലെ വെയില്‍സിലേക്ക് പോകും. ആരോഗ്യമന്ത്രി വീണാജോര്‍ജ് യുകെയില്‍ സംഘത്തിനൊപ്പം ചേരും. ലണ്ടനില്‍ നടക്കുന്ന പ്രവാസി മലയാളികളുടെ വേദിയായ ലോകകേരളസഭാസമ്മേളനത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും. 150 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. കൂടാതെ, കേരളത്തിലെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, സീ- മെറ്റ് , ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് എന്നിവയുടെ സംയുക്ത സംരംഭമായ ഗ്രാഫീന്‍ ഇന്നൊവേഷന്‍ സെന്റര്‍ കേരളത്തില്‍ സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി മന്ത്രിമാര്‍ ഇംഗ്ലണ്ടിലെ സര്‍വകലാശാലകള്‍ സന്ദര്‍ശിക്കും.യൂറോപ്യന്‍ രാജ്യങ്ങളുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് അവര്‍ പോയിട്ടുള്ളത്.നാടിനു വേണ്ടിയാണ്. നാടിന്റെ വികസനത്തിനു വേണ്ടിയാണ്.

നിഴല്‍പ്പായിലിരുന്ന് കരയേണ്ടവനല്ല കമ്യൂണിസ്റ്റ്.. വ്യക്തിഗതസങ്കടങ്ങള്‍ ഉള്ളിലടക്കി നാടിന്റെ മുന്നോട്ടുപോക്കില്‍ നിഴല്‍ പോലെ കൂടെയുണ്ടാകേണ്ടവനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News