
ഇന്ന് വിജയദശമി. ഒൻപത് ദിവസം നീണ്ട വൃതാനുഷ്ഠാനത്തിനൊടുവിൽ കുരുന്നുകൾക്ക് അറിവിന്‍റെ ആദ്യാക്ഷരം ദിനം. അറിവിലേക്കുള്ള ആരംഭം എന്ന അർത്ഥത്തിലാണ് വിജയദശമി ദിനത്തെ വിദ്യാരംഭം എന്ന് കൂടി വിളിക്കുന്നത്.
നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നു പോരുന്ന ആചാരമാണ് വിജയദശമി നാളിലെ വിദ്യാരംഭം. കുട്ടികളെ ആദ്യമായി അറിവിന്റെ, അക്ഷരത്തിന്റെ ലോകത്തിലേക്ക് ആനയിക്കുന്നത്, ‘ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു’ എന്ന് അവരുടെ നാവിൽ സ്വർണ്ണം കൊണ്ട് എഴുതി പിന്നീട് മണലിലോ, നെല്ലിലോ, അരിയിലോ ആ മന്ത്രം ഉറക്കെ ഉരുവിട്ട്, എഴുതിക്കൊണ്ടാണ്.
അറിവിലേക്കുള്ള ആരംഭം എന്നർത്ഥത്തിലാണ് വിജയദശമി ദിനത്തെ വിദ്യാരംഭം എന്ന് കൂടി വിളിക്കുന്നത്. കൊവിഡ് ഭീതി നിലനിന്നിരുന്ന കഴിഞ്ഞ രണ്ടു വർഷങ്ങളിലും വീടുകളിൽ മാത്രമായിരുന്നു വിജയദശമി ആഘോഷവും എഴുത്തിനിരുത്തും. എന്നാൽ, കൊവിഡ് ഭീതിയൊഴിഞ്ഞ ഇക്കൊല്ലം വിജയദശമി ആഘോഷം വിപുലമാക്കാൻ ക്ഷേത്രങ്ങളും സംസ്കാരിക കേന്ദ്രങ്ങളും ഒരുങ്ങിക്കഴിഞ്ഞിരുന്നു.
വിദ്യാരംഭത്തിനായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും, തിരൂർ തുഞ്ചൻ പറമ്പിലും നൂറു കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു.പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പ്രമുഖർ കുരുന്നുകളെ അക്ഷരലോകത്തേക്ക് കൈപിടിക്കും . നൃത്തം ഉൾപ്പെടെ കലാരൂപങ്ങളിലും ഇന്ന് വിദ്യാരംഭം ഉണ്ട്.
ഒരു തുടക്കക്കാരന്റെ ഹൃദയത്തോടെ ചുറ്റുമുള്ളതിൽ നിന്നും പഠിക്കാനും, എല്ലാത്തിനെയും ബഹുമാനിക്കാനും ശീലിപ്പിക്കുന്നത് കൂടിയാണ് വിജയദശമി ദിനം. അഹംഭാവം വെടിയാനും വിനയവും ബഹുമാനവും പരിശീലിപ്പിക്കാനും അറിവ് സമ്പാദനത്തിന്റെ യഥാർത്ഥ ലക്ഷ്യമായ സഹജീവികളോട് നന്ദിയും കരുണയും ഉള്ളവരായിരിക്കാനും ഈ വിജയദശമി ദിനത്തിൽ നമുക്ക് കഴിയട്ടെ.
അറിവിന്‍റെ ലോകത്ത് ചുവടുവെയ്ക്കുന്ന കുരുന്നുകൾക്ക് കൈരളിയുടെ ആശംസകൾ. അറിവിൻറെ ലോകത്ത് വളരുക…
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here