കെണിയിൽ കുടുങ്ങിയ കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചതുതന്നെ | Idukki

മൂന്നാർ നയ്മക്കാട് വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങിയ കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ തന്നെയെന്ന് വനം വകുപ്പ് സ്ഥിരീകരണം. കടുവയെ മൂന്നാറിലെ വനം വകുപ്പ് ഓഫീസ് പരിസരത്തേക്ക് മാറ്റി.

വെറ്റിനറി സർജൻ അടങ്ങിയ വിദഗ്ധസംഘം ഇന്ന് പരിശോധിക്കും.കടുവയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കുകയാണ് ലക്ഷ്യം. ഇര തേടാൻ ശേഷിയുണ്ട് എന്ന് ഉറപ്പായാൽ വനത്തിനുള്ളിൽ തുറന്നുവിടും.

മൂന്ന്‌ ദിവസത്തിനിടെ 10 പശുക്കളെ കൊലപ്പെടുകയും മൂന്നു പശുക്കളെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കടുവയാണ് ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായത്. പ്രദേശത്ത് കടുവയുടെ ശല്യം രൂക്ഷമായതോടെ മൂന്നു കൂടുകളാണ് വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. ഇതിൽ നേമക്കാട് സ്ഥാപിച്ച കൂടിനുള്ളിൽ കടുവ കുടുങ്ങുകയായിരുന്നു.

ഭീതിയിലായ നാട്ടുകാർ രണ്ടു ദിവസമായി ജോലിക്കിറങ്ങിയിരുന്നില്ല.മൂന്നാർ ഡി.എഫ്‌.ഓയുടെ നേതൃത്വത്തിൽ കടുവയെ പിടികൂടാനുള്ള ശ്രമം തുടരുന്നതിനിടെ ആറ്‌ കിലോമീറ്ററകലെ വീണ്ടും ആക്രമണമുണ്ടായി. മേയാൻ വിട്ട പശുവിന്റെ കാലിൽ കടുവ കടിച്ച്‌ ഗുരുരതരമായി പരുക്കേൽപ്പിച്ചു. നാട്ടുകാർ കടുവയെ കല്ലെറിഞ്ഞു തുരത്തുകയായിരുന്നു.

തേക്കടയിൽ നിന്നുള്ള വിദഗ്‌ദ സംഘം ഉൾപ്പെടുന്ന 40 അംഗദൗത്യസേനയും നാട്ടുകാരും പ്രദേശത്ത്‌ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മൂന്നു ദിവസമായി പ്രദേശത്ത് ദൗത്യസേന ക്യാമ്പ് ചെയ്യുകയായിരുന്നു. കടുവയെ പിടികൂടുമെന്ന വനംവകുപ്പിൻ്റെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയ നാട്ടുകാർ പിരിഞ്ഞു പോകാൻ തയാറായത്.

ഇതിന് പിന്നാലെയാണ് വൈകുന്നേരത്തോടെ കടുവ കെണിയിലകപ്പെട്ടത്.നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തുടർകാര്യങ്ങൾ തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതേ സമയം കൂടുതൽ കടുവകൾ സ്ഥലത്ത് തമ്പടിച്ചിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വനം വകുപ്പിൻ്റെ നിരീക്ഷണം തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here