​ഗുലാബ് ജാമിന് എയർപോർട്ടിൽ പിടിവീണു, സുരക്ഷാ ഉദ്യോ​ഗസ്ഥരോട് യുവാവിന്റെ മധുര പ്രതികാരം

വീട്ടിൽ നിന്ന് സ്നേഹത്തോടെ തയ്യാറാക്കി പൊതിഞ്ഞുകെട്ടി പെട്ടിയിലാക്കുന്ന ഭക്ഷണ സാധനം വിമാനത്താവളത്തിൽ ഉപേക്ഷിച്ച് പോകേണ്ട അവസ്ഥ എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ്. ചിലപ്പോൾ ല​ഗേജിന്റെ ഭാരം അനുവദിച്ചതിനേക്കാൾ കൂടിയതുകൊണ്ടും മറ്റുചിലപ്പോൾ ചില ഭക്ഷണസാധനങ്ങൾ വിമാനത്തിൽ കൊണ്ടുപോകാൻ പാടില്ല എന്ന കാരണം കൊണ്ടുമൊക്കെ ഇത്തരത്തിൽ ചെയ്യേണ്ടിവരാറുണ്ട്. അത്തരത്തിലൊരു സാഹചര്യം വളരെ മനോഹരമായി കൈകാര്യം ചെയ്ത യുവാവിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

തായ്ലാൻഡിലെ പൂകെറ്റ് വിമാനത്താവളത്തിലെ ദൃശ്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഇന്ത്യയിൽ നിന്ന് യാത്രചെയ്ത ഹിമാൻഷു ദേവ്ഗൺ എന്ന യുവാവ് ലഗേജിനൊപ്പം കൊണ്ടുപോയ ഒരു ടിൻ ഗുലാബ് ജാമുനാണ് പരിശോധനയിൽ കുടുങ്ങിയത്. ഇത് വിമാനത്തിൽ കൊണ്ടുപോകാൻ അനുമതിയില്ലെന്നാണ് അധികൃതർ പറഞ്ഞത്. ഇത്തരം സാഹചര്യങ്ങളിൽ ഒന്നില്ലെങ്കിൽ അനുവദിനീയമല്ലാത്തവ നശിപ്പിച്ചുകളയുകയോ അല്ലെങ്കിൽ അധികൃതരെ ഏൽപ്പിക്കുകയോ ആണ് പൊതുവെ ആളുകൾ ചെയ്യുക. എന്നാണ് ഹിമാൻഷു വളരെ വ്യത്യസ്തമായാണ് ഈ സാഹചര്യത്തെ നേരിട്ടത്.

​ഗുലാബ് ജാമുന്റെ ടിൻ പൊട്ടിച്ച യുവാവ് അത് സുരക്ഷാ പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്ക് തന്നെ വിതരണം ചെയ്യുകയാണ് ചെയ്തത്. സുരക്ഷാ ജീവനക്കാർ ഗുലാബ് ജാമൂൻ കഴിക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. യുവാവ് തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ വീഡിയോ പുറത്ത് വിട്ടത്. ​ഗുലാബ് ജാമുൻ കൊണ്ടുപോകാൻ അവർ ഞങ്ങളെ അനുവദിക്കാതിരുന്നപ്പോൾ ഞങ്ങൾ ഞങ്ങളുടെ സന്തോഷം അവരുമായി പങ്കുവയ്ക്കാൻ തീരുമാനിച്ചു എന്നാണ് വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here