മുഖ്യമന്ത്രിയുടെ നോര്‍വെ സന്ദര്‍ശനം;മാരിടൈം ക്ലസ്റ്ററിനും ഫിഷറീസ്, അക്വാ കള്‍ച്ചര്‍ പദ്ധതികള്‍ക്കും നോര്‍വേ സഹായം|Norway

കേരളത്തില്‍ മാരിടൈം ക്ലസ്റ്റര്‍ രൂപപ്പെടുത്തുന്നതിനും ഫിഷറീസ്, അക്വാ കള്‍ച്ചര്‍ രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പിലാക്കാനും (Norway)നോര്‍വേയുടെ സഹായവാഗ്ദാനം. മാരിടൈം ക്ലസ്റ്റര്‍, ഫിഷറീസ്, അക്വാ കള്‍ച്ചര്‍ എന്നിവയുമായി ബന്ധപ്പെട്ട് നോര്‍വേ കേരളത്തോട് സഹകരിക്കുമെന്ന് നോര്‍വേ ഫിഷറീസ് ആന്റ് ഓഷ്യന്‍ പോളിസി വകുപ്പ് മന്ത്രി ജോര്‍ണര്‍ സെല്‍നെസ്സ് സ്‌കെജറന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1953-ല്‍ കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ ആരംഭിച്ച നോര്‍വീജിയന്‍ പദ്ധതി കേരളത്തിലെ മത്സ്യബന്ധന മേഖലയിലുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു. മത്സ്യബന്ധന വ്യവസായത്തിന്റെ വികസനം, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ 1952 ഒക്ടോബര്‍ 17-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയും നോര്‍വേയും ഒരു ത്രികക്ഷി കരാറില്‍ ഏര്‍പ്പെട്ടിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഇതേ തുടര്‍ന്നാണ് 1953-ല്‍ കൊല്ലം നീണ്ടകരയില്‍ പദ്ധതി ആരംഭിക്കുന്നത്, 1961-ല്‍ പദ്ധതി എറണാകുളത്തേക്ക് മാറ്റി. എറണാകുളത്ത് ഒരു ഐസ്പ്ലാന്റും മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള സ്ലിപ്പ് വേയോടു കൂടിയ വര്‍ക്ക്‌ഷോപ്പും സ്ഥാപിച്ചു. പദ്ധതി നടപ്പാക്കിയതോടെ യന്ത്രവത്കൃത മത്സ്യബന്ധന മേഖലയില്‍ കേരളം അതിവേഗം വളരുകയും കടല്‍ മത്സ്യ ഉല്‍പ്പാദനം വര്‍ഷം തോറും വര്‍ധിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി കടല്‍ മത്സ്യ ഉല്‍പ്പാദനത്തില്‍ കേരളം രാജ്യത്തു തന്നെ ഒന്നാം സ്ഥാനത്താണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ത്യ-നോര്‍വേ സഹകരണത്തില്‍ കേരളം ഒരു പ്രധാന ഘടകമാണെന്ന് മുഖ്യമന്ത്രിയുടെ പ്രസം?ഗത്തോട് പ്രതികരിച്ചുകൊണ്ട് നോര്‍വേ ഫിഷറീസ് ആന്റ് ഓഷ്യന്‍ പോളിസി മന്ത്രി ജോര്‍ണര്‍ സെല്‍നെസ്സ് സ്‌കെജറന്‍ പറഞ്ഞു. ‘ഞങ്ങളുടെ സഹകരണത്തിന്റെ ഒരു പ്രധാന ഭാഗം കൊച്ചിന്‍ ഷിപ്പിയാര്‍ഡിലെ കപ്പലുകളുടെ നിര്‍മ്മാണമാണ്’ എന്ന് അദ്ദേഹം പറഞ്ഞു. ഈ സഹകരണം വികസിപ്പിക്കാന്‍ നോര്‍വേ തയ്യാറാണെന്നും അത് കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തങ്ങള്‍ ആ?ഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

വ്യവസായ മന്ത്രി പി രാജീവ് മാരിടൈം ക്ലസ്റ്ററിന്റെ പ്രാധാന്യം അടിവരയിടുകയും ഈ മേഖലയിലെ സാങ്കേതിക സഹകരണത്തിന്റെ ആവശ്യകത വിവരിക്കുകയും ചെയ്തു. മറൈന്‍ അക്വാകള്‍ച്ചര്‍ മേഖലയില്‍ കേരളവും നോര്‍വേയും തമ്മിലുള്ള സഹകരണം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ സംസാരിച്ചു.

കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, ഫിഷറീസ് ആന്‍ഡ് ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ് എന്നിവരടങ്ങിയതായിരുന്നു പ്രതിനിധി സംഘം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here