Kudumbashree:കുടുംബശ്രീയ്ക്ക് ദേശീയ പുരസ്‌ക്കാരങ്ങള്‍

നഗരപ്രദേശത്തെ എല്ലാ ഭവനരഹിതര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിക്ക് കീഴില്‍ മികച്ച സംയോജന പ്രവര്‍ത്തനം കാഴ്ച്ചവച്ചതിനുള്ള ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കി കുടുംബശ്രീ(Kudumbashree). കേരളത്തിലെ പദ്ധതിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്. കേന്ദ്ര ഭവന- നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ പി.എം.എ.വൈ (അര്‍ബന്‍) അവാര്‍ഡ്‌സിന്റെ 2021ലെ രണ്ട് സംസ്ഥാനതല പുരസ്‌ക്കാരങ്ങളാണ് കുടുംബശ്രീ സ്വന്തമാക്കിയത്. കൂടാതെ നിശ്ചിത 150 ദിവസങ്ങളിലെ മികച്ച പ്രകടനം കൂടി അടിസ്ഥാനമാക്കി നഗരസഭാതല പുരസ്‌ക്കാരങ്ങളില്‍ ദേശീയതലത്തില്‍ മട്ടന്നൂര്‍ നഗരസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേരളത്തില്‍ ലൈഫ് ഭവന പദ്ധതിയുമായി സംയോജിപ്പിച്ചാണ് പി.എം.എ.വൈ (അര്‍ബന്‍) പദ്ധതി നടപ്പിലാക്കുന്നത്.

ഉപജീവന പദ്ധതികളുള്‍പ്പെടെയുള്ള പദ്ധതികളുമായുള്ള ഏറ്റവും മികച്ച സംയോജന മാതൃകയ്ക്കുള്ള പ്രത്യേക പുരസ്‌ക്കാരവും പദ്ധതിക്ക് കീഴില്‍ ഏറ്റവും മികച്ച സമൂഹകേന്ദ്രീകൃത പ്രോജക്ടിനുള്ള പുരസ്‌ക്കാരവുമാണ് സംസ്ഥാനതലത്തില്‍ കുടുംബശ്രീയിലൂടെ കേരളത്തിന് സ്വന്തമായത്. ലൈഫ് ഭവന പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മുഖേന നഗര മേഖലകളില്‍ നടപ്പിലാക്കി വരുന്ന ദേശീയ നഗര ഉപജീവന ദൗത്യം (നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്‍- എന്‍.യു.എല്‍.എം) പദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതികള്‍, അതാത് നഗരസഭകളുടെ വിവിധ പദ്ധതികള്‍ എന്നിവയെല്ലാമായും നടത്തി വരുന്ന ഫലപ്രദമായ സംയോജന പ്രവര്‍ത്തനങ്ങളാണ് പ്രത്യേക സംയോജന മാതൃക അവാര്‍ഡിന് കുടുംബശ്രീയെ അര്‍ഹമാക്കിയത്.

പി.എം.എ.വൈ(അര്‍ബന്‍) ഗുണഭോക്താക്തൃ കുടുംബങ്ങളെ അയല്‍ക്കൂട്ടങ്ങളുടെ ഭാഗമാക്കുന്നതിനൊപ്പം കുടുംബാംഗങ്ങള്‍ക്ക് സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം, സ്വയംതൊഴില്‍ കണ്ടെത്താനുള്ള പിന്തുണ തുടങ്ങിയവ ലഭ്യമാക്കി മെച്ചപ്പെട്ട തൊഴിലും ഉപജീവന അവസരവും കുടുംബശ്രീ സംയോജനത്തിലൂടെ ഒരുക്കി നല്‍കുന്നു. കൂടാതെ സൗജന്യ ഗ്യാസ് കണക്ഷനും കേന്ദ്ര പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കുന്നതോടെ ഗുണഭോക്താവിന് ഭവന നിര്‍മ്മാണത്തിന് 27,990 രൂപയുടെ അധിക ധനസഹായവും ലഭിക്കുന്നു. ഇത് കൂടാതെ 2021വരെ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളെ യെല്ലാം ഭവന ഇന്‍ഷുറന്‍സില്‍ ചേര്‍ക്കുക, നിര്‍ധനരായ ഗുണഭോക്താക്കള്‍ക്ക് സി.എസ്.ആര്‍ സഹായം നേടിക്കൊടുക്കുക, ഭവന നിര്‍മ്മാണ സാമഗ്രികള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക തുടങ്ങിയ കുടുംബശ്രീയുടെ ഇടപെടലുകളും പുരസ്‌ക്കാര നിര്‍ണ്ണയത്തില്‍ പരിഗണിച്ചു.

ഈ പദ്ധതിയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്ന സംസ്ഥാനവും കേരളമാണ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 1.50 ലക്ഷം രൂപയ്ക്ക് പുറമേ സംസ്ഥാന സര്‍ക്കാരും നഗരസഭകളും ചേര്‍ന്ന് 2.50 ലക്ഷം രൂപയും ഗുണഭോക്താവിന് നല്‍കുന്നു. കൂടാതെ ലൈഫ് മിഷനുമായി സംയോജിപ്പിച്ചതിന് ശേഷം ഗുണഭോക്തൃ വിഹിതം ഈടാക്കുന്നതുമില്ല. പദ്ധതി നിര്‍വ്വഹണത്തിലുള്ള മികവ്, 150 ദിവസ ചലഞ്ചിലെ മികച്ച പ്രകടനം, അംഗീകാരം ലഭിച്ച വീടുകളുടെയെല്ലാം നിര്‍മ്മാണം ആരംഭിക്കല്‍, മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എം.ഐ.എസ്) കൃത്യമായി പിന്തുടരല്‍ തുടങ്ങിയവയാണ് മട്ടന്നൂരിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. ഒക്ടോബര്‍ 17 മുതല്‍ 19 വരെ ഗുജറാത്തിലെ രാജ്‌കോട്ടില്‍ നടക്കുന്ന ഇന്ത്യന്‍ അര്‍ബന്‍ ഹൗസിങ് കോണ്‍ക്ലേവില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News