വടക്കഞ്ചേരി വാഹനാപകടം ; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ഗതാഗതമന്ത്രി | Antony Raju

പാലക്കാട് വാഹനാപകടത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ഗതാഗതമന്ത്രി ആന്‍റണി രാജു. സ്കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരുടെ പേരുവിവരം ആര്‍ടി ഓഫീസില്‍ അറിയിക്കാന്‍ നിഷ്കര്‍ഷിക്കും. ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ പശ്ചാത്തലവും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം പാലക്കാട് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത് ഒമ്പത് പേരെന്ന് മന്ത്രിമാരായ കെ രാധാകൃഷ്ണനും എംബി രാജേഷും പ്രതികരിച്ചു.അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിലുണ്ടായിരുന്നവരുടെ പരുക്ക് ഗുരുതരമല്ല. കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്നവരുടെ പരുക്കാണ് കുറേക്കൂടി ഗുരുതരമെന്നും മന്ത്രിമാര്‍ അറിയിച്ചു.

കെഎസ്‌ആർടിസി ബസിനു പിന്നിൽ ടൂറിസ്റ്റ്‌ ബസിടിച്ചു : 9 മരണം

തൃശൂർ–പാലക്കാട് ദേശീയപാതയിൽ കെഎസ്‌ആർടിസി ബസിനുപിന്നിൽ ടൂറിസ്റ്റ്‌ ബസിടിച്ച്‌ ഒമ്പതുമരണം. 40ഓളം പേർക്ക്‌ പരുക്കേറ്റതായാണ്‌ പ്രാഥമിക വിവരം. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്‌. മരിച്ചവരിൽ മൂന്ന് വിദ്യാർഥികളും ഉൾപ്പെടുന്നു.

കൊല്ലം വലിയോട്‌ ശാന്തിമന്ദിരത്തിൽ അനൂപ്‌ (22), രോഹിത്, ബസേലിയേസ് സ്കൂൾ ജീവനക്കാരായ നാൻസി ജോർജ്, വി കെ വിഷ്ണു എന്നിവർ മരിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. അഞ്ചുമൂർത്തി മംഗലത്തിന്‌ സമീപം വ്യാഴം പുലർച്ചെ 12നായിരുന്നു അപകടം.

എറണാകുളം വെട്ടിക്കൽ മാർ ബസേലിയേസ്‌ വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ്‌ ബസാണ്‌ അപകടത്തിൽപ്പെട്ടത്‌. വിദ്യാർഥികളുമായി ഊട്ടിയിലേക്ക്‌ പോയ ബസ്‌ കോയമ്പത്തൂരിലേക്ക്‌ പോവുന്ന കെഎസ്‌ആർടിസി ബസിന്റെ പിന്നിലിടിച്ച്‌ തലകീഴായി മറിയുകയായിരുന്നു.

പരുക്കേറ്റ അഞ്ചുപേരെ പാലക്കാട്‌ ജില്ലാ ആശുപത്രിയിലും 16 പേരെ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ചവരിൽ നാലുപേരുടെ മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ. നാലുപേരുടെ മൃതദേഹം ആലത്തൂർ താലൂക്ക്‌ ആശുപത്രിയിലേക്കും ഒരാളുടെ മൃതദേഹം വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

മരിച്ചതിൽ നാലുപേർ സ്‌കൂൾവിദ്യാർഥികൾ സഞ്ചരിച്ചബസിലെ യാത്രക്കാരാണ്‌. മരണസംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത. 10, 11, 12 ക്ലാസുകളിലെ 42 വിദ്യാർഥികളും അഞ്ച്‌ അധ്യാപകരുമാണ്‌ ടൂറിസ്റ്റ്‌ ബസിലുണ്ടായിരുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here