ലഹരി വിരുദ്ധ ക്യാമ്പയിന് ഇന്ന് തുടക്കം | anti-drug campaign

ലഹരിക്കെതിരായ നവകേരള മുന്നേറ്റം ക്യാമ്പയിന് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ നവംബർ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. രാവിലെ 10ന് മുഖ്യമന്ത്രി ക്യാമ്പയിൻറെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ജനപ്രതിനിധികൾക്കൊപ്പം സംഘടനകൾ, കൂട്ടായ്മകൾ, കലാകായിക പ്രതിഭകൾ എന്നിവർ സംസ്ഥാന വ്യാപകമായി ക്യാമ്പയിൻറെ ഭാഗമാകും.

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിൻറെ വിപുലമായ പ്രചാരണ പരിപാടികൾക്കാണ് ഇന്ന് തുടക്കമാകുന്നത്. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ക്യാമ്പയിൻ ആരംഭിക്കും.

രാവിലെ 10 മണിക്ക് നവകേരള മുന്നേറ്റം ക്യാമ്പയിൻറെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മയക്കുമരുന്നിനെതിരെയുള്ള കേരളത്തിൻറെ ഈ മഹാപോരാട്ടത്തിൽ ഓരോ മലയാളിയും കണ്ണിചേരണമെന്ന് മന്ത്രി എം ബി രാജേഷ് അഭ്യർഥിച്ചു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയാണ് പ്രചാരണത്തിൻറെ ബ്രാൻഡ് അംബാസിഡർ. ഒരു മാസം നീളുന്ന ക്യാമ്പയിൻറെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ വിദ്യാലയങ്ങളിലും കോളേജുകളിലും മയക്കുമരുന്നിനെ സംബന്ധിച്ച് ചർച്ചയും സംവാദവും നടക്കും.

ക്ലബ്ബുകൾ, ഹോസ്റ്റലുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിൽ സംവാദവും പ്രതിജ്ഞയും എടുക്കും. കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ അയൽക്കൂട്ടങ്ങളിലും ലഹരിവിരുദ്ധ സഭ, പട്ടികജാതി-പട്ടികവർഗ സങ്കേതങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്യാമ്പയിൻ എന്നിവയും നടക്കും.

ബസ് സ്റ്റാൻഡുകൾ, ചന്തകൾ, ടൗണുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവടങ്ങളിൽ വ്യാപാരികളുടെയും വ്യവസായികളുടെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ സദസ്, തീരദേശ മേഖലയിലും അതിഥി തൊഴിലാളികൾക്കിടയിലും വിപുലമായ പ്രചാരണ പരിപാടികൾ എന്നിവയും സംഘടിപ്പിക്കും. നവംബർ 1ന് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പൊതുജനങ്ങളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് വിപുലമായ മനുഷ്യശൃംഖല സംഘടിപ്പിച്ച് ലഹരി വിരുദ്ധ പ്രചാരണത്തിൻറെ ആദ്യഘട്ടം അവസാനിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News