അപകടത്തിൽപ്പെട്ട ലൂമിനസ് ബസ് ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട വാഹനം | Vadakkencherry

വടക്കഞ്ചേരിയില്‍ അപകടത്തിൽപ്പെട്ട ലൂമിനസ് ബസ് ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട വാഹനം.വാഹനത്തിനെതിരെ നിലവിൽ അഞ്ച് കേസുകൾ ഉണ്ട്. കോട്ടയം ആർടിഒയുടെ കീഴിലാണ് ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിയമവിരുദ്ധമായി കളേർഡ് ലൈറ്റുകളും എയർ ഹോണും സ്ഥാപിച്ചു.നിയമ ലംഘനം നടത്തി വാഹനമോടിച്ചതിനും കേസുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

അതേസമയം അപകടകാരണം അന്വേഷണത്തിലൂടെ കണ്ടെത്തുമെന്ന് പാലക്കാട് ജില്ലാ കളക്ടർ മൃണ്മയി ജോഷി പറഞ്ഞു. അപകടത്തിൽ പരുക്കേറ്റവരെ രക്ഷപ്പെടുത്തുകയാണ് പ്രാഥമിക ലക്ഷ്യമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

ടൂറിസ്റ്റ് ബസിൻറെ അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാക്കാൻ ക‍ഴിയുന്നതെന്ന് പാലക്കാട് RTO അറിയിച്ചു.

ഗുരുതരാവസ്ഥയിൽ ആയിരുന്ന മൂന്നുപേരെ തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് കൊണ്ടുപോയി. കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്കാണ് കൊണ്ടുപോയത്. ഗുരുതരമായി പരിക്കേറ്റ കോളിൻ മാത്രമാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്. പരിക്കേറ്റ മറ്റു കുട്ടികളെ ഡിസ്ചാർജ് ചെയ്യുന്ന നടപടി പുരോഗമിക്കുന്നതായും ഡോക്ടർമാർ പ്രതികരിച്ചു.

വടക്കഞ്ചേരി വാഹനാപകടം : അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി ആന്റണി രാജു

തൃശൂർ– പാലക്കാട് ദേശീയപാതയിൽ കെഎസ്‌ആർടിസി ബസിനുപിന്നിൽ ടൂറിസ്റ്റ്‌ ബസിടിച്ച്‌ ഒമ്പതുപേർ മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ഗതാഗതമന്ത്രി ആന്റണി രാജു. വടക്കഞ്ചേരിയിലെ അപകടവിവരം അറിഞ്ഞ ഉടൻതന്നെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ് ശ്രീജിത്ത് ഐപിഎസിനെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇനിമുതൽ ടൂറിസ്റ്റുബസുകൾ വാടകയ്‌ക്ക് എടുക്കുമ്പോൾ സ്‌‌കൂളുകൾ പാലിക്കേണ്ട ചില മാർഗനിർദേശങ്ങളും മന്ത്രി മുന്നോട്ടുവെച്ചു. സ്‌കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ പേരുവിവരം ആർടി ഓഫീസിൽ അറിയിക്കാൻ നിഷ്‌കർഷിക്കും. ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ പശ്ചാത്തലവും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here