കടുവയെ വനത്തിനുള്ളില്‍ തുറന്നുവിടുന്നത്‌ സംബന്ധിച്ച്‌ ഇന്ന്‌ തീരുമാനം | Munnar

മൂന്നാറിൽ കെണിയിലകപ്പെട്ട കടുവയെ വനത്തിനുള്ളിൽ തുറന്നുവിടുന്നത്‌ സംബന്ധിച്ച്‌ ഇന്ന്‌ തീരുമാനമുണ്ടാകും. ആരോഗ്യസ്ഥിതി മോശമായ കടുവയെ വനത്തിൽ തുറന്നു വിട്ടാൽ വീണ്ടും ജനവാസ മേഖലയിലേക്കെത്താനുള്ള സാധ്യത വിദഗ്‌ധസംഘം മുന്നറിയിപ്പ്‌ നൽകിയിരുന്നു.

പരിശോധനകൾ പൂർത്തിയാക്കി സംരക്ഷണകേന്ദ്രത്തിലേക്ക്‌ മാറ്റുന്നതിനെക്കുറിച്ചും ആലോചനകളുണ്ട്‌. പ്രോട്ടോക്കോൾ പാലിച്ച്‌ വനംവകുപ്പ്‌ മേധാവികളുടെ അനുമതിയോടെയായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാവുക.തിമിരബാധമൂലം ഇടതുകണ്ണിന്‌ കാഴ്‌ചക്കുറവുള്ള കടുവയെ ഉൾവനത്തിൽ തുറന്നുവിടുന്നത്‌ ഉചിതമല്ലെന്നാണ്‌ ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്‌.

സ്വാഭാവിക ഇരപിടുത്തത്തിന്‌ കഴിയാത്ത കടുവ വീണ്ടും ജനവാസമേഖലകളിലേക്കെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇത്‌ കണക്കിലെടുത്താണ്‌ പുനരധിവാസ കേന്ദ്രത്തിലേക്ക്‌ മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചനകൾ. അതേസമയം സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തന്നെ കടുവയെ തുറന്നുവിടണമെന്നമെന്നാണ്‌ തീരുമാനമെങ്കിൽ മറ്റു കടുവകൾ കുറവുള്ള ഏതെങ്കിലും വനമേഖലകൾ പരിഗണിക്കും. ചീഫ്‌ കൺസർവേറ്റർ ഓഫ്‌ ഫോറസ്റ്റായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക.

ആക്രമണത്തിൽ കൊല്ലപ്പെട്ടതും പരുക്കേറ്റുതുമായ പശുക്കളുടെ വിശദപരിശോധനകളിൽ കെണിയിലകപ്പെട്ട കടുവ തന്നെയാണ്‌ ഇവയെ ആക്രമിച്ചതെന്ന്‌ സ്ഥിരീകരിച്ചിരുന്നു. പ്രദേശത്ത്‌ ക്യാമറകൾ സ്ഥാപിച്ചുള്ള പരിശോധനയിലും പിടിയിലായ കടുവയുടെ ദൃശ്യങ്ങൾ മാത്രമാണ്‌ ലഭിച്ചിട്ടുള്ളത്‌.

മൂന്നു ദിവസത്തിനിടെ 13 പശുക്കളെ ആക്രമിച്ച കടുവ ഇതിൽ 10 പശുക്കളെ കൊലപ്പെടുത്തിയിരുന്നു. മൂന്നു മാസത്തിനിടെ 85 ഓളം വളർത്തുമൃഗങ്ങളെ നഷ്ടമായതോടെ വലിയ ഭീതിയിലായിരുന്നു പ്രദേശവാസികൾ. തേക്കടിയിൽ നിന്നുള്ള വിദഗ്‌ദസംഘം ഉൾപ്പെടെ 40 അംഗ ദൗത്യസേനയാണ്‌ കടുവയെ പിടിക്കുന്നതിനുള്ള ഉദ്യമം ഏറ്റെടുത്തത്‌.

വിവിധ മേഖലകളിലായി മൂന്നു കൂടുകൾ സ്ഥാപിച്ച്‌ കെണിയൊരുക്കി. ഇതിൽ നേമക്കാട്‌ ഭാഗത്ത്‌ സ്ഥാപിച്ച കൂട്ടിലാണ്‌ കടുവ അകപ്പെട്ടത്‌. നേമക്കാട്‌ ലാക്കാട്‌ മേഖലകളിൽ കടുവാഭീതി പൂർണമായും ഒഴിവായെന്നാണ്‌ വനംവകുപ്പിന്റെ ഉറപ്പ്‌. എന്നാൽ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത്‌ കുറച്ച്‌ ദിവസം കൂടി ഈ ഭാഗത്ത്‌ നിരീക്ഷണം തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News