Pinarayi Vijayan: ‘അധികാരത്തിന്റെ ഭാഷയിലല്ല, മനുഷ്യത്വത്തിന്റെ ഭാഷയിലാണു പറയുന്നത്, കേരളമാകെ ഒറ്റ മനസായി ലഹരിക്കെതിരെ നില്‍ക്കണം’: മുഖ്യമന്ത്രി

കേരളമാകെ ഒറ്റ മനസായി ലഹരിക്കെതിരെ നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി വിരുദ്ധ ക്യാംപെയിന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലെന്നതിനെക്കാള്‍ കുഞ്ഞുങ്ങളോട് അവരുടെ ഒരു മുത്തച്ഛന്‍ എന്ന നിലയിലും അവരുടെ രക്ഷകര്‍ത്താക്കളോട് മുതിര്‍ന്ന ഒരു സഹോദരന്‍ എന്ന നിലയിലുമാണു ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്. അധികാരത്തിന്റെ ഭാഷയിലല്ല, മനുഷ്യത്വത്തിന്റെ ഭാഷയിലാണു പറയുന്നത്. ഇത് ഈ നിലയ്ക്ക് ഉള്‍ക്കൊള്ളണമെന്നു തുടക്കത്തില്‍ തന്നെ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കട്ടെ.

ഞങ്ങളൊക്കെ ജീവിച്ചതിനേക്കാള്‍ സമാധാനപൂര്‍വ്വവും സ്‌നേഹനിര്‍ഭരവും ആരോഗ്യമുള്ളതുമായ അവസ്ഥയില്‍ നിങ്ങള്‍ കുട്ടികള്‍, അനന്തര തലമുറകള്‍ വളര്‍ന്നുവരുന്നതു കാണണമെന്നതാണ് ഞങ്ങള്‍, മുതിര്‍ന്നവരുടെയൊക്കെ ആഗ്രഹം. എന്നാല്‍, ആ ആഗ്രഹത്തെ അപ്പാടെ തകര്‍ത്തുകളയുന്ന ഒരു മഹാവിപത്ത് നമ്മെ ചൂഴ്ന്നുവരുന്നു. മയക്കുമരുന്നിന്റെ രൂപത്തിലാണത് വരുന്നത്. ഇതില്‍ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കാനാവുന്നില്ലെങ്കില്‍ നമ്മുടെ വരുംതലമുറകളാകെ എന്നേക്കുമായി തകര്‍ന്നടിഞ്ഞുപോകും. കുഞ്ഞുങ്ങള്‍ നശിച്ചാല്‍ പിന്നെ എന്താ ബാക്കിയുള്ളത്? ഒന്നും ഉണ്ടാവില്ല. ആ സര്‍വനാശം ഒഴിവാക്കാന്‍ ഒരു നിമിഷം പോലും വൈകാതെ ജാഗ്രതയോടെ ഇടപെട്ടാലേ പറ്റൂ. അതിന്റെ ആവശ്യകതയെക്കുറിച്ച് ഓര്‍മ്മിപ്പിക്കാനാണു നിങ്ങളെ ഈ വിധത്തില്‍ അഭിസംബോധന ചെയ്യുന്നത്.

ഒരു സെക്കന്റുപോലും നമുക്കു പാഴാക്കാനില്ല.
വാക്കുകള്‍കൊണ്ടു പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല മയക്കുമരുന്ന് എന്ന മാരകവസ്തു സൃഷ്ടിക്കുന്ന ഘോരവിപത്തുകള്‍. അതു വ്യക്തിയെ തകര്‍ക്കുന്നു. കുടുംബത്തെ തകര്‍ക്കുന്നു. കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്നു. സാമൂഹ്യ ബന്ധങ്ങളെ തകര്‍ക്കുന്നു. നാടിനെ തകര്‍ക്കുന്നു. അതു മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു.
മനുഷ്യനു സങ്കല്‍പിക്കാനാവുന്നതും സങ്കല്പിക്കാന്‍ പോലുമാവാത്തതുമായ അതിഹീനമായ കുറ്റകൃത്യങ്ങളുടെ ഉറവിടമാണത്. പ്രിയപ്പെട്ടവരെ കൊലചെയ്യുന്നതടക്കം എത്രയെത്ര ഘോരകുറ്റകൃത്യങ്ങളാണ് മയക്കുമരുന്നിന്റെ ഫലമായി സമൂഹത്തില്‍ നടക്കുന്നത്.

മനുഷ്യനെ മൃഗങ്ങളില്‍ നിന്നു വ്യത്യസ്തനാക്കുന്നത് പാടുള്ളതും പാടില്ലാത്തതും തമ്മില്‍ തിരിച്ചറിയാനുള്ള വിവേചന ബോധമാണ്. ഈ ബോധത്തെത്തന്നെ മയക്കുമരുന്ന് ഇല്ലാതാക്കുന്നു. അതുകൊണ്ടുതന്നെ ബോധാവസ്ഥയില്‍ ഒരിക്കലും ഒരാളും ചെയ്യില്ലാത്ത അതിക്രൂരമായ അധമകൃത്യങ്ങള്‍ പോലും മയക്കുമരുന്നുണ്ടാക്കുന്ന മനോവിഭ്രാന്തിയില്‍ അവര്‍ ചെയ്യുന്നു. അങ്ങനെയുണ്ടായ പല സംഭവങ്ങള്‍ എന്റെ മനസ്സില്‍ വരുന്നുണ്ട്. അത് അതേപടി പറയുന്നത് നമ്മുടെ സംസ്‌കാരബോധത്തിനു നിരക്കുന്നതല്ല. അത്രമേ അരുതായ്മകള്‍ മയക്കുമരുന്നിന്റെ ഉപയോഗം മൂലം ഉണ്ടാവുന്നു. സ്വബോധത്തിലേക്കു തിരിച്ചുവന്നാല്‍ പശ്ചാത്തപിക്കേണ്ടവിധത്തിലുള്ള കാര്യങ്ങള്‍ മയക്കുമരുന്നിന്റെ ലഹരിയുണ്ടാക്കുന്ന അബോധത്തില്‍ ചിലര്‍ നടത്തുന്നു. കേട്ടാല്‍ അതിശയോക്തിയാണെന്നു തോന്നും. എന്നാല്‍, സത്യമാണത്.

മദ്യത്തിനടിപ്പെട്ടവര്‍ക്കു രക്ഷപ്പെടാന്‍ ഡി-അഡിക്ഷന്‍ സെന്ററുകളുണ്ടെന്നു പറയാം. മയക്കുമരുന്നിന് പൂര്‍ണ്ണമായി അടിപ്പെട്ടവര്‍ക്ക് അതില്‍ നിന്നുള്ള മോചനം അത്ര എളുപ്പമല്ല. ചികിത്സയിലൂടെപോലും തിരിച്ചുകൊണ്ടുവരാനാവാത്ത സമ്പൂര്‍ണ നാശത്തിലേക്കാണതു വ്യക്തികളെ അതു പലപ്പോഴും നയിക്കുന്നത്. അത്തരം വ്യക്തികള്‍ സ്വയം നശിക്കുക മാത്രമല്ല ചെയ്യുന്നത്, കുടുംബത്തെ നശിപ്പിക്കുന്നു. സമൂഹത്തെ നശിപ്പിക്കുന്നു. മയക്കുമരുന്നിന് അടിമപ്പെട്ട വ്യക്തിയെയാകട്ടെ, സമൂഹം ഭയാശങ്കകളോടെ കാണുന്നു. മയക്കുമരുന്നു ശീലിച്ചവര്‍ അതു കിട്ടാതെ വരുമ്പോള്‍ ഭ്രാന്താവസ്ഥയില്‍ ചെന്നുപെടുന്നു. ആ അവസ്ഥയില്‍ അവര്‍ എന്തു ചെയ്യും, എന്തു ചെയ്യില്ല, എന്നു പറയാവില്ല.

സ്വയം ഭാരമാവുന്ന, കുടുംബത്തിനും സമൂഹത്തിനും ഭാരമാവുന്ന, എല്ലാവരാലും വെറുക്കപ്പെടുന്ന, സ്വയം നശീകരിക്കാന്‍ വ്യഗ്രതകാട്ടുന്ന മനോവിഭ്രാന്തിയുടെ അവസ്ഥയിലേക്കാണു മയക്കുമരുന്നു നയിക്കുന്നത്. നാശം വിതയ്ക്കുന്ന ആ മഹാവിപത്തിന് ഇനി ഒരാളെപ്പോലും വിട്ടുകൊടുക്കാനാവില്ല. പെട്ടുപോയവരെ, എന്തു വിലകൊടുത്തും ഏതുവിധേനയും മോചിപ്പിച്ചെടുക്കുകയും വേണം. നാടിനെ, സമൂഹത്തെ രക്ഷിക്കാന്‍ ഇതല്ലാതെ നമുക്കു വേറെ മാര്‍ഗ്ഗമില്ല. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ‘നോ റ്റു ഡ്രഗ്‌സ്’ എന്ന അതിവിപുലമായ ഒരു ജനകീയ ക്യാമ്പയിന്‍ കേരളസര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളത്.

ഈ പ്രചാരണ പരിപാടിയുടെ മുഖ്യലക്ഷ്യം കുഞ്ഞുങ്ങളെയും യുവാക്കളെയും മയക്കുമരുന്നിനു വിട്ടുകൊടുക്കാതിരിക്കുക എന്നതാണ്, ആരെങ്കിലും അതിന്റെ ദുസ്വാധീനത്തില്‍ പ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അവരെ വിടുവിച്ചെടുക്കുക എന്നതുമാണ്.
കിളുന്നിലേ പിടിക്കുക എന്ന് ഒരു പ്രയോഗമുണ്ട്. കുട്ടികളുടെ പ്രതിഭ ഏതു മേഖലയിലാണ് എന്ന് ഇളം പ്രായത്തില്‍ത്തന്നെ കണ്ടെത്തി ആ രംഗത്ത് അവരെ വളര്‍ത്തിക്കൊണ്ടുവരിക എന്നതാണ് ഇതിന്റെ പോസിറ്റീവ് ആയ അര്‍ത്ഥം. എന്നാല്‍, ഇതിനെ തീര്‍ത്തും നെഗറ്റീവ് ആയ അര്‍ത്ഥത്തില്‍ നടപ്പിലാക്കുകയാണ് രാജ്യത്തു മയക്കുമരുന്നു സംഘങ്ങള്‍. രാജ്യത്തു മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും. അവര്‍ കുട്ടികളെയാണു പ്രധാന ലക്ഷ്യമാക്കുന്നത്. ആദ്യം ഒരു കുട്ടിയെ പിടിക്കുക. പിന്നീട് ആ കുട്ടിയിലൂടെ കുട്ടികളിലേക്കാകെ കടന്നു ചെല്ലുക. അവരെ മയക്കുമരുന്നിന്റെ കാരിയര്‍മാരാക്കുക. ഈ തന്ത്രമാണവര്‍ ഉപയോഗിക്കുന്നത്.

കുഞ്ഞുങ്ങളെ ഈ സ്വാധീനവലയത്തില്‍ പെടാതെ നോക്കാന്‍ നമുക്കു കഴിയണം. നിങ്ങള്‍ പഴയ ഒരു കഥ കേട്ടിട്ടുണ്ടാവും. കുഞ്ഞുങ്ങളെ പിടിക്കാന്‍ വഴിയോരത്തു കാത്തു നില്‍ക്കുന്ന ഭൂതത്തിന്റെ കഥ. ഇതേപോലെ മയക്കുമരുന്നിന്റെ ഭൂതങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളെ പിടിക്കാന്‍ കാത്തു നില്‍ക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ അവരില്‍ നിന്ന് ഒഴിഞ്ഞു നടക്കണം. കുഞ്ഞുങ്ങളിലേക്ക് അവര്‍ എത്തുന്നില്ല എന്ന് നമ്മള്‍, മുതിര്‍ന്നവര്‍ ഉറപ്പുവരുത്തുകയും വേണം.

പല വഴിക്കാണിവര്‍ കുഞ്ഞുങ്ങളെ സമീപിക്കുന്നത്. ഫുട്‌ബോള്‍ കളിക്കുന്ന കുട്ടികളില്‍ ഒരുവനെ ആദ്യം സ്വാധീനത്തിലാക്കുന്നു. ഒരു ചോക്ലേറ്റ് അവനു കൊടുക്കുന്നു. നിര്‍ദോഷമായ നിലയില്‍ അവന്‍ അതു വാങ്ങിക്കഴിക്കുന്നു. കളിക്കു വലിയ ആവേശം കിട്ടിയതായി അവനു തോന്നുന്നു. അവര്‍ അത് കൂട്ടുകാരോടു പറയുന്നു. അവരിലേക്കും ഈ ചോക്ലേറ്റ് എത്തുന്നു. മയക്കുമരുന്ന് അടങ്ങിയ ചോക്ലേറ്റാണിത്. നേരത്തോടു നേരമാവുമ്പോള്‍ അവന് ഇതു കിട്ടാതെ വയ്യ. മുടിപറിച്ചെടുത്തും മറ്റും ഭ്രാന്തനെപ്പോലെ പെരുമാറുന്നു. അതു പടിപടിയായി മയക്കുമരുന്നിനും, അതു വാങ്ങാനുള്ള പണത്തിനും വേണ്ടി എന്തും ചെയ്യുന്ന ഉന്മാദാവസ്ഥയുടെ തലത്തിലേക്കവനെ എത്തിക്കുന്നു. അവനു പിന്നെ അച്ഛനെന്നോ, അമ്മയെന്നോ, സഹോദരിയെന്നോ സഹോദരനെന്നോ നോട്ടമില്ല. എന്തും ചെയ്യും. പേ പിടിച്ച നിലയിലേക്ക് ഇങ്ങനെ മാറിപോകണോ നമ്മുടെ കുഞ്ഞുങ്ങള്‍? മുതിര്‍ന്നവര്‍ ആലോചിക്കണം.

ചിത്രശലഭങ്ങളെപ്പോലെ പാറിക്കളിക്കേണ്ട പ്രായമാണു ബാല്യം. ബാല്യം ആഘോഷിക്കേണ്ട ഘട്ടത്തില്‍ കുഞ്ഞുങ്ങള്‍ക്ക് അതു നഷ്ടപ്പെടുത്തുകയാണ്. അവരെ അപായകരമായ അവസ്ഥകളിലേക്കു നയിക്കുകയാണ്. കുഞ്ഞുങ്ങളുടെ മനസ്സ് കാലി പേഴ്‌സുപോലെയാണ്. അതിലേക്കു നല്ല നാണയങ്ങളിട്ടാല്‍ അതു നല്ല നാണയങ്ങള്‍ തിരിച്ചു തരും. കള്ള നാണയങ്ങളിട്ടാലോ? കള്ളനാണയങ്ങളേ തിരിച്ചു കിട്ടൂ. കുഞ്ഞുമനസ്സുകളില്‍ കള്ളനാണയങ്ങള്‍ വീഴാതെ നോക്കാന്‍ നമ്മള്‍ മുതിര്‍ന്നവര്‍ക്ക് ഉത്തരവാദിത്വമുണ്ട്.

കുട്ടികളുടെ പക്കല്‍ മയക്കുമരുന്നുണ്ടെങ്കിലതു കണ്ടെത്തുക അത്ര എളുപ്പമല്ല. സ്റ്റാമ്പിന്റെ രൂപത്തിലും മറ്റുമാണ് അത് ഇപ്പോള്‍. നാക്കിന്റെ അടിയില്‍ വെക്കുന്ന സ്റ്റാമ്പു രൂപത്തിലുള്ളത്. ചോദിക്കുമ്പോഴേക്ക് അലിഞ്ഞുപോകുമത്രെ. ഇതുപോലുള്ളവ കണ്ടെത്തുക ശ്രമകരമാണ്.
എത്ര ശ്രമകരമാണെങ്കിലും കണ്ടെത്താതിരിക്കാന്‍ പറ്റില്ല. അതുകണ്ടെത്തുകതന്നെ ചെയ്യും. അതിനു പഴുതടച്ചുള്ള ശ്രമങ്ങളാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്തുന്നത്.

ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി രൂപം നല്‍കിയ ലഹരിവര്‍ജ്ജന മിഷനായ വിമുക്തിയുടെയടക്കം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരുമ്പോള്‍ തന്നെയാണ് ഈ ക്യാമ്പയിന്‍. ഒന്നു നിര്‍ത്തി മറ്റൊന്നു തുടങ്ങുകയല്ല. എല്ലാം ഒരുമിച്ചു കൊണ്ടുപോവുകയാണ്. ലഹരിവിരുദ്ധ അവബോധം നല്‍കുന്നതിനായുള്ള പരിപാടികള്‍ തയ്യാറാക്കി വിക്ടേഴ്‌സ് ചാനല്‍ വഴിയും നവമാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിച്ചുവരികയാണ്. കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍ ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ 33 വെബിനാറുകളില്‍ പതിനായിരത്തോളം പേരാണ് പങ്കെടുത്തത്.

ജനമൈത്രി, എസ് പി സി, ഗ്രീന്‍ കാമ്പസ് ഡ്രീം കാമ്പസ് എന്നിവ വഴി പോലീസ് വകുപ്പ് വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി നേര്‍വഴിയിലേക്ക് കൊണ്ടുവരുന്നതിനായി പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ‘യോദ്ധ’ എന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നുണ്ട്. ഇങ്ങനെ നിലവിലുള്ള പദ്ധതികള്‍ ശക്തിപ്പെടുത്തിക്കൊണ്ടു തന്നെ പുതിയ ക്യാമ്പയിന്‍ മുമ്പോട്ടു കൊണ്ടുപോവുകയും കേരളത്തെ മയക്കുമരുന്നുമുക്ത സംസ്ഥാനമാക്കി മാറ്റുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതു നമുക്ക് വിജയിപ്പിച്ചേ തീരൂ. അസാധ്യമെന്നു പലരും കരുതുന്നുണ്ടാവും. എന്നാല്‍ നമ്മള്‍ ഇതു സാധ്യമാക്കുക തന്നെ ചെയ്യും.

കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും സമൂഹത്തെയാകെയും രക്ഷിക്കാന്‍ ഇതു വിജയിപ്പിച്ചേ പറ്റൂ. അമ്മമാരുടെ കണ്ണീരുണങ്ങാന്‍ ഇതു സാധ്യമാക്കിയേ പറ്റൂ. നാടിന്റെ ഭാഗധേയം നിര്‍ണ്ണയിക്കേണ്ട നാളത്തെ തലമുറകളെ ബോധത്തെളിച്ചത്തിലും ആരോഗ്യത്തിലും ഉറപ്പിച്ചു നിര്‍ത്താന്‍ ഇതു ഫലപ്രാപ്തിയിലെത്തിച്ചേ മതിയാവൂ. ഇതിന് കേരളമാകെ, എല്ലാ വേര്‍തിരിവുകള്‍ക്കുമതീതമായി, എല്ലാ ഭേദചിന്തകള്‍ക്കുമതീതമായി ഒറ്റ മനസ്സായി നില്‍ക്കണം. ആ സമൂഹമനസ്സ് ഒരുക്കിയെടുക്ക കൂടിയാണ് ഈ ക്യാമ്പയിനിലൂടെ നടക്കുക.

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡുകളിലും കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഓരോ വാര്‍ഡിലെയും സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, അംഗന്‍വാടി, ആശാപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഇത്തരം കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ 19,391 വാര്‍ഡു കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.

വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും ഡി-അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 66,867 പേരാണ് ഇവിടങ്ങളില്‍ ചികിത്സ തേടിയത്. അതില്‍ 5,681 പേര്‍ക്ക് കിടത്തി ചികിത്സയാണ് നല്‍കിയത്.

വിദ്യാലയങ്ങളില്‍ പി ടി എ സഹകരണത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു വരികയാണ്. കോളേജുതലത്തില്‍ ഇത്തരത്തിലുള്ള 899 ക്ലബ്ബുകളും സ്‌കൂള്‍ തലത്തില്‍ 5,410 ക്ലബ്ബുകളും പ്രവര്‍ത്തിച്ചു വരുന്നു. വിദ്യാര്‍ത്ഥികളെ ലഹരി ഉപയോഗിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി സ്‌കൂളുകളി ‘ഉണര്‍വ്വ്’ എന്ന പേരിലും കോളേജ് ക്യാമ്പസുകളി ‘നേര്‍ക്കൂട്ടം’ എന്ന പേരിലും കോളേജ് ഹോസ്റ്റലുകളി ‘ശ്രദ്ധ’ എന്ന പേരിലും കൂട്ടായ്മകള്‍ രൂപീകരിച്ചിട്ടുണ്ട്.

ഇത്തരം സമഗ്രമായ പ്രവര്‍ത്തനങ്ങളുമായി ലഹരിവിരുദ്ധ ക്യാമ്പയിനുകള്‍ മുന്നോട്ടു കൊണ്ടുപോവുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ഇതൊക്കെ നടക്കുമ്പോള്‍ തന്നെ, രക്ഷകര്‍ത്താക്കള്‍ ഒരു കാര്യം മനസ്സില്‍ വെക്കണം. കുഞ്ഞുങ്ങളില്‍ അസാധാരണ പെരുമാറ്റമുണ്ടാകുന്നുണ്ടോ എന്നതു നിരീക്ഷിക്കണം. നീതീകരിക്കാനുള്ള കാരണങ്ങളില്ലാതെ തുടരെ പണം ചോദിക്കുന്നുണ്ടോ? അനാവശ്യമായി ആവര്‍ത്തിച്ചു കയര്‍ത്തു സംസാരിക്കുന്നുണ്ടോ? പരിഭ്രാന്തമായ നിലയില്‍ പ്രതികരിക്കുന്നുണ്ടോ? അസാധാരണമായ, പ്രത്യേകിച്ചു മുതിര്‍ന്നവരുമായുള്ള ചങ്ങാത്തങ്ങളില്‍ പെടുന്നുണ്ടോ? സ്‌കൂളിലേക്കും സ്‌കൂളില്‍ നിന്നുമുള്ള യാത്രകള്‍ക്കിടയില്‍ എവിടെയെങ്കിലും തങ്ങുന്നുണ്ടോ? അപരിചിതരുമായി ബന്ധം വയ്ക്കുന്നുണ്ടോ? ആരെങ്കിലുമായി എന്തെങ്കിലും കൈമാറുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങളിലൊക്കെ ഒരു കണ്ണുവേണമെന്നര്‍ത്ഥം.

വിദ്യാലയങ്ങളോടു ചേര്‍ന്നുള്ള ചില കടകളിലടക്കമാണ് മയക്കുമരുന്നുകളുടെ വിപണി നടക്കുന്നത്. ഇതു പുറത്തു വന്നതോടെ, കടകളെ ഒഴിവാക്കി കുട്ടികളെത്തന്നെ കാരിയറാക്കുന്ന നിലയുമുണ്ട്. അദ്ധ്യാപക രക്ഷാകര്‍തൃ സംഘടനകളുടെ, തദ്ദേശഭരണ സമിതികളുടെ, വിദ്യാര്‍ത്ഥി സംഘടനകളുടെ ഒക്കെ നിരീക്ഷണം ഈ രംഗങ്ങളില്‍ കാര്യമായി ഉണ്ടാവണം.
ഈ വിപത്തിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇതു മാത്രം മതിയാകില്ല. മയക്കുമരുന്നിനു പിന്നില്‍ അന്താരാഷ്ട്ര മാഫിയകള്‍ തന്നെയുണ്ട്. അവര്‍ക്ക് നമ്മുടെ സംസ്ഥാനത്തു കാലുകുത്താന്‍ ഇടമുണ്ടാവരുത്. അതുറപ്പാക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഏകോപിതമായ നിലയില്‍ ഉണ്ടാവും.

ഇവ രണ്ടും ചേരുന്നതാണ് ‘നോ റ്റു ഡ്രഗ്‌സ്’ എന്ന നമ്മുടെ ക്യാമ്പയിന്‍.
മാരക വിഷവസ്തുക്കളായ രാസവസ്തുക്കളുടെ സങ്കലനങ്ങള്‍ പോലും ലഹരിക്കായി വിതരണം ചെയ്യപ്പെടുന്നു എന്നതു ഞെട്ടിക്കുന്ന കാര്യമാണ്. ഇവയുടെ ഉല്‍പ്പാദനം സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അതിര്‍ത്തികള്‍ക്കപ്പുറത്തുകൂടി വ്യാപിച്ചു കിടക്കുന്നു. മയക്കുമരുന്നു വിപണനത്തിന്റെ സങ്കീര്‍ണ്ണമായ ശൃംഖലകള്‍ ഉണ്ടായിരിക്കുന്നു. അങ്ങേയറ്റം അപകടകരവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഭാഗമായി നടക്കുന്നു. ഇതെല്ലാം കണക്കിലെടുത്തു കൊണ്ടുള്ളതും കര്‍ക്കശങ്ങളായ നടപടികളുടെ അകമ്പടിയോടെയുള്ളതുമാവും നമ്മുടെ ക്യാമ്പയിന്‍.

ഈ ബഹുമുഖ കര്‍മ്മ പദ്ധതി ഗാന്ധിജയന്തി ദിനത്തില്‍, ആരംഭിക്കുകയാണ്. സമൂഹമാകെ, പ്രത്യേകിച്ച് യുവാക്കള്‍ ഇതിന്റെ മുന്‍നിരയില്‍ത്തന്നെ ഉണ്ടാവണം. ഓരോ വ്യക്തിയും ഓരോ കുടുംബവും ഇതില്‍ പങ്കുചേരണം.
സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള സമിതികള്‍ പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശസ്വയം ഭരണ എക്‌സൈസ് വകുപ്പു മന്ത്രി സഹാദ്ധ്യക്ഷനുമായാണ് മറ്റു മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തി സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുള്ളത്. ഈ സമിതി ഇതിനു മേല്‍നോട്ടം വഹിക്കും.

മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് എത്ര വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത് എന്നത് ഇതില്‍ നിന്നുതന്നെ വ്യക്തമാണല്ലൊ.
ഒക്ടോബര്‍ രണ്ടു മുതല്‍ നവംബര്‍ ഒന്നുവരെ തീവ്രമായ പ്രചരണ പരിപാടികളാണ് നടക്കുക. ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലായിടങ്ങളിലും, എല്ലാ മനസ്സുകളിലും ‘നോ റ്റു ഡ്രഗ്‌സ്’ എന്ന സന്ദേശമെത്തണം. യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, മഹിളകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മതസാമുദായിക സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ടികള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും ഈ ക്യാമ്പയിനിലുണ്ടാവണം. സിനിമ, സീരിയല്‍, സ്‌പോര്‍ട്‌സ് മേഖലയിലെ പ്രമുഖരുടെ പിന്തുണയും ഉണ്ടാവും. നവംബര്‍ ഒന്നിനു സംസ്ഥാന തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടെ പരമാവധിപ്പേരെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധചങ്ങല സൃഷ്ടിക്കാന്‍ എല്ലാവരും രംഗത്തു വരണം.

പ്രതീകാത്മകമായി ലഹരിവസ്തുക്കള്‍ കത്തിക്കുന്നുമുണ്ട്. ബസ് സ്റ്റാന്റ്, റെയിവേ സ്റ്റേഷന്‍, ലൈബ്രറി, ക്ലബ്ബുകള്‍, എന്നിവിടങ്ങളില്‍ ജനജാഗ്രതാ സദസ്സുകള്‍ സംഘടിപ്പിച്ച് ജനങ്ങളിലേക്കിറങ്ങുകയാണ്.
ലഹരിക്കെതിരായ ഹ്രസ്വസിനിമകളുടേയും വീഡിയോകളുടേയും സഹായത്തോടെ ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ ക്ലാസ്സും ലഹരി വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയും ഈ ക്യാമ്പയിന്റെ ഭാഗമായി ഉണ്ടാവും.

ബസ് സ്റ്റാന്റുകളിലും ക്ലബ്ബുകളടക്കമുള്ള ഇടങ്ങളിലും ഇത്തരത്തില്‍ പരിപാടികള്‍ നടക്കണം.
വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ റോള്‍പ്ലേ, സ്‌കിറ്റ്, കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റര്‍ രചന, തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കണം. എന്‍ സി സി, എസ് പി സി, എന്‍ എസ് എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ജെ ആര്‍ സി, വിമുക്തി ക്ലബ്ബുകള്‍ മുതലായ സംവിധാനങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിക്കൊണ്ടാകും ക്യാമ്പയിന്‍.

ശ്രദ്ധ, നേര്‍ക്കൂട്ടം എന്നിവയുടെ പ്രവര്‍ത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. ഇത്തരം കൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍, സാമൂഹ്യാഘാതങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പരിശീലനത്തിലേക്കും നാം കടക്കുകയാണ്. വിമുക്തി മിഷനും എസ് സി ഇ ആര്‍ ടിയും ചേര്‍ന്ന് തയ്യാറാക്കുന്ന മൊഡ്യൂളുകള്‍ മാത്രമേ പരിശീലനത്തിനായി ഉപയോഗിക്കുകയുള്ളൂ.
വ്യാപാര സ്ഥാപനങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്നില്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. ബന്ധപ്പെടേണ്ട പോലീസ് – എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ ബോര്‍ഡില്‍ ഉണ്ടാകണം. എല്ലാ എക്‌സൈസ് ഓഫീസിലും ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കാന്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

സംസ്ഥാനമൊട്ടാകെ പോലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും.
കേവലം ക്യാമ്പയിനില്‍ ഒതുങ്ങി നില്‍ക്കുന്ന പ്രവര്‍ത്തനമല്ല സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുക. ഒരു തലത്തില്‍ ബോധവത്ക്കരണം, മറ്റൊരു തലത്തില്‍ മയക്കുമരുന്നു ശക്തികളെ കര്‍ക്കശമായി അടിച്ചമര്‍ത്തല്‍, രണ്ടുമുണ്ടാവും. വിട്ടുവീഴ്ചയില്ലാതെ കേസെടുക്കും.
നിലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപിതമായ പരിശ്രമത്തിന്റെ ഫലമായി ലഹരി കടത്തുകുറ്റകൃത്യങ്ങള്‍ വലിയതോതില്‍ തടയാന്‍ സാധിക്കുന്നുണ്ട്. മയക്കുമരുന്നിനെതിരെ സംസ്ഥാന തലത്തില്‍ കേരള ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ജില്ലാ തലത്തില്‍ ഡിസ്ട്രിക്ട് ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കൂടാതെ എല്ലാ സ്റ്റേഷന്‍ പരിധിയിലും എല്ലാ മാസവും രണ്ട് ആഴ്ച എന്‍ ഡി പി എസ് സ്‌പെഷ്യ ഡ്രൈവും നടത്തി വരുന്നുണ്ട്.

സിന്തറ്റിക് രാസലഹരി വസ്തുക്കള്‍ തടയുന്നതു മുന്‍നിര്‍ത്തി അന്വേഷണ രീതിയിലും കേസുകള്‍ ചാര്‍ജ്ജ് ചെയ്യുന്ന രീതിയിലും ചില മാറ്റങ്ങള്‍ വരുത്തും. നര്‍ക്കോട്ടിക് കേസുകളില്‍പ്പെട്ട പ്രതികളുടെ മുന്‍ ശിക്ഷകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ ഇപ്പോള്‍ വിശദമായി ചേര്‍ക്കുന്നില്ല. എന്‍ ഡി പി എസ് നിയമത്തിലെ 31, 31-എ വിഭാഗത്തിലുള്ളവര്‍ക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പുവരുത്താന്‍ മുന്‍കാല കുറ്റകൃത്യങ്ങള്‍ കൂടി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുക, കാപ്പ രജിസ്റ്റര്‍ മാതൃകയി ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കുക, ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവയിലേക്കു നീങ്ങുകയാണ്.
കുറ്റകൃത്യം ആവര്‍ത്തിക്കുകയില്ല എന്ന ബോണ്ട് വയ്പ്പിക്കും, മയക്കുമരുന്ന് കടത്തില്‍ പതിവായി ഉള്‍പ്പെടുന്നവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും.

ട്രെയിനുകള്‍ വഴിയുള്ള കടത്തു തടയാന്‍ സ്‌നിഫര്‍ ഡോഗ് സ്‌ക്വാഡ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കും. മയക്കുമരുന്ന് കടന്നുവരാനിടയുള്ള എല്ലാ അതിര്‍ത്തികളിലെയും പരിശോധന കര്‍ക്കശമാക്കുകയും ചെയ്യും. വിദ്യാഭ്യാസ സ്ഥാപന പരിസരത്തുള്ള കടകളില്‍ ലഹരി വസ്തു ഇടപാടു കണ്ടാല്‍ ആ കട അടപ്പിക്കും. പിന്നീട് തുറക്കാന്‍ അനുവദിക്കില്ല. സ്‌കൂളുകളില്‍ പ്രവേശിച്ചുള്ള കച്ചവടം പൂര്‍ണ്ണമായും തടയും.

മയക്കുമരുന്ന് ഉത്പാദകരെയും വിതരണക്കാരെയും വില്‍പ്പനക്കാരെയും ദേശവിരുദ്ധ സാമൂഹ്യദ്രോഹ ശക്തികളായി കാണുന്ന ഒരു സംസ്‌കാരം ഇവിടെ ശക്തിപ്രാപിക്കണം.
പി ഐ ടി എന്‍ ഡി പി എസ് എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യേക നിയമം പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സ്ഥിരം കുറ്റവാളികളെ രണ്ട് വര്‍ഷം വരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്. ഈ കാര്യത്തില്‍ കര്‍ശനനിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഉത്തരവ് സംസ്ഥാന സര്‍ക്കാരിലെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് നല്‍കേണ്ടത്. പി ഐ ടി എന്‍ ഡി പി എസ് ആക്ട് പ്രകാരമുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരും എക്‌സൈസ് ഉദ്യോഗസ്ഥരും തയ്യാറാകണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

മയക്കുമരുന്ന് കേസുകളില്‍ ഒന്നിലധികം തവണ ഉള്‍പ്പെടുന്നവരുടെ വിവരശേഖരണം നടത്തി ഒരു ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കി പൊലീസ് സ്റ്റേഷനുകളിലും എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളിലും സൂക്ഷിക്കാനും അവരെ നിരന്തരം നിരീക്ഷിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം നടപടികള്‍കൊണ്ട് മാത്രം ഈ കാര്യങ്ങള്‍ പൂര്‍ണമായി നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപിതവും സംഘടിതവുമായ സംവിധാനം ഉണ്ടാകണം. നമ്മുടെ നാടാകെ ചേര്‍ന്നു കൊണ്ടുള്ള ഒരു നീക്കമാണ് ആവശ്യം. അതാണ് ‘നോ റ്റു ഡ്രഗ്‌സ്’ എന്ന ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ഈ ക്യാമ്പയിന്റെ ഭാഗമായി എല്ലാ കുടുംബശ്രീ യൂണിറ്റുകളിലും ലഹരി വിപത്ത് സംബന്ധിച്ച പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കണം.

ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി പ്രത്യേക യൂണിറ്റ് യോഗങ്ങള്‍ ചേരണം. ലഹരി ഉപഭോഗമോ, വിതരണമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച കൃത്യവും വിശദവുമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ കൈമാറണം. ചര്‍ച്ചയ്ക്കു സഹായകമാകുന്ന കുറിപ്പ് വിമുക്തി മിഷന്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ട്.
വ്യാവസായിക വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളുമുള്ള ഉത്പാദനോന്മുഖമായ നവകേരളമാണ് നാം ലക്ഷ്യംവെക്കുന്നത്. ഉത്പദനോന്മുഖം എന്നു പറയുമ്പോള്‍ കേവലം വ്യാവസായികോത്പന്നങ്ങള്‍ മാത്രല്ല അതില്‍പ്പെടുന്നത്. വിജ്ഞാനവും വിനോദവും അടക്കം ആധുനികസമൂഹം ആവശ്യപ്പെടുന്നതെല്ലാം അതിലുണ്ടാകും. അതിന് ശാരീരികവും മാനസികവുമായ ശേഷിയുള്ള ജനതയുണ്ടാകണം. എല്ലാ വ്യക്തികളും അവരവര്‍ക്കു കഴിയുന്ന തരത്തില്‍ സാമൂഹിക പുരോഗതിക്കായി സംഭാവന നല്‍കുന്ന ഒരു കേരളസമൂഹമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഈ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തില്‍ നിരവധി പ്രതിബന്ധങ്ങള്‍ നമുക്കു തട്ടിമാറ്റേണ്ടതായുണ്ട്.

സമൂഹത്തിന്റെ ഉത്പാദനോന്മുഖമായ സ്വഭാവത്തെ റദ്ദുചെയ്തു കളയുന്ന സാമൂഹിക തിന്മകളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ലഹരിയുടെ ഉപയോഗം. സ്വന്തം താല്‍ക്കാലിക ആനന്ദത്തിലേക്ക് ചുരുങ്ങുകയും സമൂഹത്തെക്കുറിച്ച് യാതൊരു ബോധവും ഉള്ളില്‍ പേറാതിരിക്കുകയും ചെയ്യുന്ന ഒറ്റപ്പെട്ട മനുഷ്യനെയാണ് ലഹരി ആത്യന്തികമായി സൃഷ്ടിക്കുന്നത്. താല്‍ക്കാലിക ആനന്ദം എന്നു പറഞ്ഞല്ലൊ. അത് സ്ഥിരമായ തീവ്രവേദനയുടെ മുന്നോടി മാത്രമാണ്. ഈ രീതികള്‍ അനുവദിച്ചാല്‍ വ്യക്തി തകരും. കുടുംബം തകരും. സമൂഹവും തകരും. അതുണ്ടായിക്കൂടാ. ഈ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ ക്യാമ്പയിന് തുടക്കം കുറിക്കുന്നത്.

ഇന്നിവിടെ തുടക്കംകുറിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനില്‍ വമ്പിച്ച തോതിലുള്ള ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നത് ഇതിന്റെ ഭാഗമായാണ്. വിവിധ വകുപ്പുകള്‍ അവരുടേതായ നിലയ്ക്ക് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കിവരുന്നുണ്ട്. ഇവയ്ക്ക് ഒരു ഏകീകൃത സ്വഭാവം നല്‍കാന്‍ കഴിയേണ്ടതുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി ഈ ക്യാമ്പയിനിന്റെ ഭാഗമായി ഉണ്ടാകും. വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെയും സാമ്പത്തിക വിനിയോഗത്തിന്റെയും വിശദാംശങ്ങള്‍ സമാഹരിച്ച് ഏകോപിത കലണ്ടര്‍ തയ്യാറാക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സ്വതന്ത്ര ചര്‍ച്ചയും അവയുടെ ക്രോഡീകരണവുമുണ്ടാകും. സന്ദേശ ഗീതങ്ങള്‍ ഉള്‍പ്പെടുന്ന സന്ദേശ ജാഥകള്‍ കുട്ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.

കേരളത്തിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലും കുട്ടികളുടെ നേതൃത്വത്തി യോഗങ്ങള്‍ സംഘടിപ്പിക്കും. അതോടൊപ്പം തന്നെ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട ‘കരുതല്‍’ എന്ന പുസ്തകവും വിദ്യാലയങ്ങള്‍ ലഹരിമുക്തമാക്കുന്നതിന് ‘കവചം’ എന്ന പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. ഈ പുസ്തകങ്ങളെ അധികരിച്ചുള്ള ചര്‍ച്ച എല്ലാമാസവും വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കും. അങ്ങനെ എല്ലാ പ്രായത്തിലുള്ള ആളുകളെയും പങ്കെടുപ്പിച്ചുള്ള വിശദമായ ഒരു ക്യാമ്പയിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വര്‍ദ്ധിച്ചുവരുന്ന ലഹരി വിപത്തിനെ തടയേണ്ടതിന്റെ പ്രാധാന്യം എല്ലാ വഴിക്കും ജനങ്ങളിലെത്തിക്കാന്‍ കഴിയണം. ആരാധനാലയങ്ങളിലടക്കം ഇതിന്റെ പ്രാധാന്യത്തെ പരാമര്‍ശിക്കുന്ന സ്ഥിതിയുണ്ടായാല്‍ നന്നാവും. എല്ലാവിധത്തിലും ഈ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ കുട്ടികളടക്കം സമൂഹമാകെ മുമ്പോട്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കട്ടെ.

ഇത് സര്‍ക്കാരിന്റെ മാത്രമായ ഒരു പോരാട്ടമല്ല. ഒരു നാടിന്റെ, ഒരു സമൂഹത്തിന്റെ കൂട്ടായ പോരാട്ടമാണ്. നിലനില്‍ക്കാനും അതിജീവിക്കാനും വേണ്ടിയുള്ള പോരാട്ടം. ഇളംതലമുറയെയും വരും തലമുറകളെയും രക്ഷിക്കാനുള്ള ജീവന്‍ മരണപോരാട്ടം. ഈ പോരാട്ടം വിജയിച്ചാല്‍ ജീവിതം വിജയിച്ചു. പരാജയപ്പെട്ടാല്‍ മരണമാണ് വിജയിക്കുന്നത്. അത്രമേല്‍ പ്രാധാന്യമുണ്ട് ഈ ക്യാമ്പയിനിന്. ഈ പ്രാധാന്യം ഉള്‍ക്കൊള്ളണമെന്നും നാടിന്റെ രക്ഷയ്ക്കായി അണിനിരക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here