Congress: കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്; പ്രചരണത്തില്‍ സജീവമായി തരൂര്‍; ഖാര്‍ഗെയുടെ പ്രചരണം നാളെ മുതല്‍

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാള്‍. അട്ടിമറി പ്രതീക്ഷയുമായി സജീവ പ്രവചരണത്തിലാണ് ശശി തരൂര്‍. മല്ലികാര്‍ജ്ജുണ ഖാര്‍ഗെയുടെ പ്രചരണ പരിപാടികള്‍ നാളെ തുടങ്ങും. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകത്തില്‍ പര്യടനം തുടരുകയാണ്. ഇന്നത്തെ യാത്രയില്‍ സോണിയാഗാന്ധി പങ്കെടുത്തു.

പത്രിക നല്‍കിയ ശേഷം ബംഗലൂരുവിലേക്ക് പോയ ഔദ്യോഗിക സ്ഥാനാര്‍ത്ഥി മല്ലികാര്‍ജ്ജുണ ഖാര്‍ഗെയുടെ പ്രചരണം നാളെ മുതല്‍ ആരംഭിക്കും. ഗുജറാത്തിലും അതിന് ശേഷം മഹാരാഷ്ട്രയിലുമായി അടുത്ത പത്ത് ദിവസം കൊണ്ട് പത്ത് സംസ്ഥാനങ്ങളില്‍ പ്രചരണത്തിന് പോകാനാണ് ഖാര്‍ഗെയുടെ തീരുമാനം. പ്രചരണത്തിന് പോയില്ലെങ്കിലും 90 ശതമാനത്തിലധികം വോട്ട് ഖാര്‍ഗെക്ക് തന്നെയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നു. പത്രിക നല്‍കിയ ശേഷം മഹാരാഷ്ട്രയില്‍ തുടങ്ങി, ഹൈദരാബാദ്, തെലങ്കാന, കേരളം എന്നിവടങ്ങളില്‍ പ്രചരണം നടത്തി ശശി തരൂര്‍ ഇന്ന് തമിഴ് നാട്ടിലാണ്.

പിസിസികളില്‍ പ്രധാന നേതാക്കളുടെ സാന്നിധ്യം തരൂരിനൊപ്പം ഇല്ലെങ്കിലും സാധാരണ പ്രവര്‍ത്തകരുടെ വലിയ പിന്തുണ ലഭിക്കുന്നു എന്നാണ് തരൂര്‍ ക്യാമ്പുകളുടെ വാദം. വോട്ടെടുപ്പ് നടക്കുന്ന 17ന് തരൂര്‍ തിരുവനന്തപുരത്തേക്ക് എത്തും. തിരുവനന്തപുരത്താകും തരൂര്‍ വോട്ടുചെയ്യുക. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തുടരുന്ന ഭാരത് ജോഡോ യാത്ര തമിഴ്‌നാട് പിന്നിട്ട് കര്‍ണാടകത്തില്‍ പര്യടനം തുടരുകയാണ്. മാണ്ഡിയയിലെ പാണ്ഡവ്പുര താലൂക്കിലൂടെ കടന്നുപോകുന്ന പദയാത്രയില്‍ രാഹുലിനൊപ്പം സോണിയാഗാന്ധിയും നടന്നു.

കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ലക്ഷ്യമില്ലാത്ത യാത്രയെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. ഒരു ചലനലും രാജ്യത്ത് ഭാരത് ജോഡോ യാത്ര കൊണ്ട് ഉണ്ടാകില്ലെന്നും കര്‍ണാടക ബിജെപി നേതാവ് കെ.സുധാകര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News