RPF തിരുവനന്തപുരം ഡിവിഷന്‍ ഒരുമാസത്തില്‍ രക്ഷപ്പെടുത്തിയത് 11 കുട്ടികളേയും 8 സ്ത്രീകളേയും

‘സേവാ ഹി സങ്കല്‍പ്പ്’ എന്ന പ്രതിജ്ഞയോടെ കഴിഞ്ഞ ഒരു മാസക്കാലമായി റെയില്‍വേ സുരക്ഷാ സേന (ആര്‍.പി.എഫ്) നടപ്പാക്കിയ പ്രവര്‍ത്തനങ്ങളിലൂടെ തിരുവനന്തപുരം ഡിവിഷന്‍ പതിനൊന്ന് കുട്ടികളെയും 8 സ്ത്രീകളെയും രക്ഷപ്പെടുത്തി. വിവിധ വിഭാഗങ്ങളിലായി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ നിരവധിപേര്‍ക്ക് സഹായങ്ങളും ആര്‍.പി.എഫ് ലഭ്യമാക്കി.

സീനിയര്‍ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ ശ്രീമതി തന്‍വി പ്രഫുല്‍ ഗുപ്തെ ഐ.ആര്‍.പി.എസിന്റെ നേതൃത്വത്തിലുള്ള ആര്‍.പി.എഫാണ് തിരുവനന്തപുരം ഡിവിഷനില്‍ സ്പെഷ്യല്‍ ഡ്രൈവ് നടപ്പാക്കിയത്. ഇതില്‍ ഓപ്പറേഷന്‍ സേവാ വിഭാഗത്തില്‍ 5 സ്ത്രീകള്‍, 9 പുരുഷന്മാര്‍ 1 ശിശു എന്നിങ്ങനെ 15 യാത്രക്കാര്‍ക്ക് സഹായം നല്‍കി, ഓപ്പറേഷന്‍ ഡിഗ്നിറ്റിയുടെ അടിസ്ഥാനത്തില്‍ 8 സ്ത്രീകളെ രക്ഷപ്പെടുത്തി, ഓപ്പറേഷന്‍ നന്‍ഹെ ഫാരിസ്റ്റെ പ്രകാരമാണ് 7 ആണ്‍കുട്ടികളും 4 പെണ്‍കുട്ടികളുമായി 11 കുട്ടികളെ രക്ഷപ്പെടുത്തിയത്. ഓപ്പറേഷന്‍ ജീവന്‍ രക്ഷയുടെ ഭാഗമായി റെയില്‍വേ ട്രാക്കില്‍ നിന്നും ഒരു സ്ത്രീയുടെ ജീവനും രക്ഷിച്ചു. 2022 സെപ്തംബര്‍ മാസത്തില്‍ മാത്രം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണിത്.

ആര്‍.പി.എഫിന്റെ ‘സേവാ ഹി സങ്കല്‍പ്’ എന്ന പ്രതിജ്ഞ കൂടുതല്‍ ശക്തമാക്കുന്നതിനായി ” ഓപ്പറേഷന്‍ സേവ”, ”ഓപ്പറേഷന്‍ ഡിഗ്നിറ്റി”, ”ഓപ്പറേഷന്‍ നന്‍ഹെ ഫരിസ്തേ” ”മിഷന്‍ ജീവന്‍ രക്ഷാ” ”ഓപ്പറേഷന്‍ മാതൃശക്തി” എന്നിങ്ങനെയുള്ള നിരവധി കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളുടെ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, സംസാര്‍ (സാമജിക് സരോകാര്‍) എന്ന കോഡ് നാമത്തിലാണ് രാജ്യത്താകമാനം 2022 സെപ്റ്റംബറില്‍ ഒരു മാസത്തെ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

സുരക്ഷിതവും സുഖപ്രദവുമായ യാത്ര പ്രദാനം ചെയ്യുന്നതിനായി, ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ പ്രായമായ പൗരന്മാര്‍, സ്ത്രീകള്‍, ശാരീരിക വൈകല്യമുള്ളവര്‍ എന്നിവരെ സഹായിക്കുകയും അവര്‍ക്ക് വീല്‍ചെയറുകള്‍, സ്ട്രെച്ചറുകള്‍, വൈദ്യസഹായം, ആംബുലന്‍സുകള്‍, ശിശുക്കള്‍ക്ക് ഭക്ഷണം തുടങ്ങിയ സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തു. 2022 സെപ്തംബര്‍ മാസത്തില്‍, അത്തരത്തില്‍ സഹായം ആവശ്യമുള്ള ഏകദേശം 9000 യാത്രക്കാര്‍ക്ക് അവരുടെ ട്രെയിന്‍ യാത്രയില്‍ സഹായം ലഭിച്ചു.

നഷ്ടപ്പെട്ടുപോയവരോ ചില കാരണങ്ങളാലോ ദുരിതങ്ങളാലോ വീടുകളില്‍ നിന്ന് ഓടിപ്പോയവരോ അല്ലെങ്കില്‍ വഴിതെറ്റിപോയവരോ, പരിചരണവും സംരക്ഷണവും ആവശ്യമുള്ളവരോ ആയ ആളുകളെ രക്ഷിക്കുന്നതില്‍ ആര്‍.പി.എഫ് ഒരു സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അത്തരക്കാരെ കൃത്യസമയത്തിന് രക്ഷപ്പെടുത്തിയില്ലെങ്കില്‍ അവര്‍ ചൂഷണം ചെയ്യപ്പെടുകയോ മനുഷ്യകടത്തിന് ഇരയാകുകയോ ചെയ്യപ്പെടാന്‍ സാദ്ധ്യതയുണ്ട്. മാത്രമല്ല അവര്‍ ഗുരുതരമായ ശാരീരിക ഉപദ്രവത്തിന് വിധേയരാകാനും സാദ്ധ്യതയുണ്ട്. ”ഓപ്പറേഷന്‍ ഡിഗ്നിറ്റി” എന്ന കോഡ് നാമത്തില്‍ സമയബന്ധിതമായ ഇടപെടലിന് സേനാ ഉദ്യോഗസ്ഥര്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും 2022 സെപ്തംബര്‍ മാസത്തില്‍ 427 മുതിര്‍ന്നവരെ (223 പുരുഷന്മാര്‍ 204 സ്ത്രീകള്‍) അത്തരത്തില്‍ സുരക്ഷിതരാക്കുകയും ചെയ്തു.

വിവിധ കാരണങ്ങളാല്‍ നഷ്ടപ്പെട്ടുപോകുകയോ, ഓടിപ്പോകുകയോ കുടുംബത്തില്‍ വേര്‍പെട്ടുപോകുകയോ ചെയ്യുകയും പരിചരണവും സംരക്ഷണവും ആവശ്യമായ കുട്ടികളെ കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള മഹത്തായ പ്രവര്‍ത്തനം ”ഓപ്പറേഷന്‍ നന്‍ഹെ ഫാരിസ്തേ” എന്ന കോഡ് നാമത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തു. 2022 സെപ്തംബര്‍ മാസത്തില്‍ മാത്രം അവര്‍ 1119 കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തു.
സ്വന്തം ജീവന്‍ പണയപ്പെടുത്തി മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജോലിക്ക് അപ്പുറം പ്രവത്തിക്കുകയാണ്.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാനോ ഇറങ്ങാനോ ശ്രമിക്കുന്ന യാത്രക്കാര്‍ തെന്നി വീഴുകയും ഓടുന്ന ട്രെയിനിന്റെ ചക്രങ്ങള്‍ക്കടിയില്‍പ്പെട്ടുപോകുന്നതിന് സാദ്ധ്യതയുള്ള നിരവധി സംഭവങ്ങളുണ്ട്. മറ്റ് ചില സന്ദര്‍ഭങ്ങളില്‍, ആത്മഹത്യാ പ്രവണതയുള്ള വ്യക്തികള്‍ അവരുടെ ജീവിതം അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ച് ഓടുന്ന ട്രെയിനിന് മുന്നില്‍ എടുത്തുചാടാറുമുണ്ട്. ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ ഇത്തരം കേസുകളെ നിരീക്ഷിക്കുകയും വിലപ്പെട്ട ജീവന്‍ രക്ഷിക്കാന്‍ സമയബന്ധിതമായി ഇടപെടുകയും ചെയ്യുന്നു. ”ജീവന്‍ രക്ഷാ ദൗത്യത്തിന്” കീഴില്‍, 2022 സെപ്റ്റംബറില്‍ ഇത്തരത്തില്‍ സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കികൊണ്ട് ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ 115 പേരെ (72 പുരുഷന്മാര്‍ 43 സ്ത്രീകള്‍) രക്ഷപ്പെടുത്തി.

‘ഓപ്പറേഷന്‍ മാതൃശക്തി” പ്രകാരം ട്രെയിന്‍ യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെടുന്ന ഗര്‍ഭിണികളായ സ്ത്രീയാത്രക്കാരെ സഹായിക്കാന്‍ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ച് വനിതാ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ പ്രത്യേക പരിശ്രമങ്ങള്‍ നടത്തി. 2022 സെപ്റ്റംബര്‍ മാസത്തില്‍ മാത്രം, അത്തരം 32 വനിതാ യാത്രക്കാര്‍ക്ക് അവര്‍ സഹായം നല്‍കുകയും ഈ മനോഹരമായ ലോകത്തേക്ക് അവരുടെ കുഞ്ഞുങ്ങളെ കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.

രക്തം ദാനം ചെയ്യുന്നത് ഒരു സവിശേഷമായ പ്രവര്‍ത്തനമാണ്. രക്തദാനത്തിന്റെ ഓരോ സംഭവവും ജീവന്‍ മെച്ചപ്പെടുത്തുകയോ അല്ലെങ്കില്‍ രക്ഷിക്കുകയോ, സാമൂഹിക ഐക്യദാര്‍ഢ്യം വര്‍ദ്ധിപ്പിക്കുകയോ ചെയ്യുന്നു. ഇത് പരസ്പര സഹവര്‍ത്തിത്വത്തിന്റെ ശക്തമായ സന്ദേശം നല്‍കുകയും മാനവികതയോടുള്ള നിരുപാധികമായ സേവനം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഒരു മാസം നീണ്ടുനിന്ന ടസംസാര്‍ (സാമാജിക് സരോക്കാര്‍) ഡ്രൈവിന്റെ ഭാഗമായി റെയില്‍വേ സംരക്ഷണ ദിനത്തിന്റെ പ്രത്യേക അവസരത്തില്‍ 2022 സെപ്റ്റംബര്‍ 17, 20 തീയതികളില്‍ റെയില്‍വേ സംരക്ഷണ സേന ഒരു മെഗാ രക്തദാന പരിപാടി സംഘടിപ്പിച്ചു.

ഈ മഹത്തായ സേവനത്തില്‍ പങ്കുവഹിച്ചുകൊണ്ട്, കൂടുതല്‍ സാദ്ധ്യതയുള്ള ദാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര റെയില്‍വേ, കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവും രക്തം ദാനം ചെയ്തു. ആര്‍.പി.എഫ് സംഘടിപ്പിച്ച ഈ മെഗാ രക്തദാന പരിപാടിക്ക് കീഴില്‍, മറ്റ് 829 സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം 3946 ആര്‍.പി.എഫ് ഉദ്യോഗസ്ഥരും രക്തം ദാനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News