
ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ഓസ്‌കറിലേക്ക്(RRR For Oscars) എത്തുന്നു. മികച്ച സിനിമ, സംവിധായകന്‍, നടന്‍ തുടങ്ങി 15 വിഭാഗങ്ങളില്‍ ചിത്രം മത്സരിക്കും. ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്‌നിന്റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
ഓസ്‌കര്‍ നോമിനേഷനു വേണ്ടി തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യ ചവിട്ടുപടിയാണ് ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്ന്‍. ഓസ്‌കര്‍ അക്കാദമിക്കു കീഴിലുള്ള തിയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷം അക്കാദമി അംഗങ്ങളുടെ വോട്ടിങ് ആരംഭിക്കും. ഇതിനു ശേഷമാണ് ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കുക.
ഇന്ത്യയെമ്പാടും തരംഗമായ ആര്‍ആര്‍ആറിന് വിദേശത്തും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹോളിവുഡ് സംവിധായകര്‍പോലും സിനിമയെ പുകഴ്ത്തി രംഗത്തെത്തി. ജപ്പാനിലും ചിത്രത്തിന് റെക്കോര്‍ഡ് കലക്ഷനായിരുന്നു. ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രതികരണമാണ് ആര്‍ആര്‍ആറിനെ ഓസ്‌കര്‍ വരെ എത്തിച്ചിരിക്കുന്നത്.
ഗുജറാത്തി ചിത്രം ചെല്ലോ ഷോയാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ആര്‍ആര്‍ആര്‍, വിവേക് അഗ്നിഹോത്രിയുടെ ‘കശ്മീര്‍ ഫയല്‍സ് എന്നീ ചിത്രങ്ങളെ പിന്തള്ളിയായിരുന്നു ചെല്ലോ ഷോയുടെ എന്‍ട്രി. മികച്ച വിദേശ ഭാഷ ചിത്രത്തിനു വേണ്ടിയാണ് ചെല്ലോ ഷോയുടെ മത്സരമെങ്കില്‍ ഹോളിവുഡ് സിനിമകള്‍ ഉള്‍പ്പെടുന്ന മെയ്ന്‍ സ്ട്രീം കാറ്റഗറിയാണ് ആര്‍ആര്‍ആര്‍ സ്വന്തമായി മത്സരിക്കാന്‍ ഒരുങ്ങുന്നത്.
‘ബാഹുബലി’ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രൗദ്രം രണം രുദിരം (ആര്‍ആര്‍ആര്‍). 450 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തിലെത്തുന്നു, 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കോമരം ഭീം (ജൂനിയര്‍ എന്‍.ടി.ആര്‍.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവര്‍.
ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോണ്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ബാഹുബലിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ഛായാഗ്രഹണം കെ.കെ. സെന്തില്‍കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറില്‍, കഥ വി. വിജയേന്ദ്ര പ്രസാദ്, സംഗീതം കീരവാണി, വിഎഫ്എക്‌സ് വി. ശ്രീനിവാസ് മോഹന്‍, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്, കോസ്റ്റ്യൂം രാമ രാജമൗലി.
മാര്‍ച്ച് 25 ന് റിലീസ് ചെയ്ത ചിത്രം ബോക്‌സ്ഓഫിസ് റെക്കോര്‍ഡുകള്‍ തൂത്തുവാരി. 1150 കോടിയാണ് ബോക്സ്ഓഫിസില്‍ നിന്ന് സ്വന്തമാക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here